5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Kerala Cricket League : ലീഗിലെ ഏറ്റവും ഉയർന്ന സ്കോറുമായി ബ്ലൂ ടൈഗേഴ്സ്; റിപ്പിൾസ് വീണത് 64 റൺസിന്

Kerala Cricket League Kochi Blue Tigers : കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ആലപ്പുഴ റിപ്പിൾസിനെ വീഴ്ത്തി കൊച്ചി ബ്ലൂ ടൈഗേഴ്സിന് ആദ്യ ജയം. ടൂർണമെൻ്റിലെ റെക്കോർഡ് സ്കോർ നേടിയാണ് ബ്ലൂ ടൈഗേഴ്സിൻ്റെ ജയം. 64 റൺസിൻ്റെ കൂറ്റൻ ജയം സ്വന്തമാക്കിയ ബ്ലൂ ടൈഗേഴ്സ് ഇതോടെ നെറ്റ് റൺ റേറ്റും മെച്ചപ്പെടുത്തി.

Kerala Cricket League : ലീഗിലെ ഏറ്റവും ഉയർന്ന സ്കോറുമായി ബ്ലൂ ടൈഗേഴ്സ്; റിപ്പിൾസ് വീണത് 64 റൺസിന്
ജോബിൻ ജോബി (Image Courtesy – KCL Facebook)
Follow Us
abdul-basithtv9-com
Abdul Basith | Updated On: 06 Sep 2024 08:12 AM

കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിന് ആദ്യ ജയം. തങ്ങളുടെ മൂന്നാം മത്സരത്തിൽ, കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ച് തകർപ്പൻ ഫോമിലായിരുന്ന ആലപ്പി റിപ്പിൾസിനെ വീഴ്ത്തിയാണ് ബ്ലൂ ടൈഗേഴ്സ് ലീഗിൽ ആദ്യ ജയം സ്വന്തമാക്കിയത്. 64 റൺസിനാണ് ബ്ലൂ ടൈഗേഴ്സിൻ്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ബ്ലൂ ടൈഗേഴ്സ് നിശ്ചിത 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 218 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ റിപ്പിൾസ് 17.3 ഓവറിൽ 154 റൺസിന് ഓൾഔട്ടായി.

ഇതുവരെ നടത്തിയ മോശം പ്രകടനങ്ങളൊക്കെ കഴുകിക്കളയുന്നതായിരുന്നു ഇന്നലത്തെ ബ്ലൂ ടൈഗേഴ്സിൻ്റെ കളി. ആനന്ദ് കെയും ജോബിൻ ജോബിയും ചേർന്ന ഓപ്പണിങ് സഖ്യം അനായാസം റിപ്പിൾസ് ബൗളർമാരെ നേരിട്ടു. 48 പന്തിൽ 79 റൺസ് നേടിയ ജോബിൻ ആയിരുന്നു കൂടുതൽ അപകടകാരി. 51 പന്തിൽ 69 റൺസ് നേടിയ ആനന്ദ് കെയും മോശമാക്കിയില്ല. 140 റൺസിൻ്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് ഉയർത്തിയത്.

Also Read : Kerala Cricket League : വീണ്ടും വിജയശില്പിയായി അഭിഷേക് നായർ; കൊല്ലം സെയിലേഴ്സിന് തുടർച്ചയായ രണ്ടാം ജയം

ജോബിൻ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ ഷോൺ റോജറും ആനന്ദിന് പകരം, ബാറ്റിംഗിൽ സ്ഥാനക്കയറ്റം ലഭിച്ചെത്തിയ ഉണ്ണികൃഷ്ണൻ മനുകൃഷ്ണനും ബ്ലൂ ടൈഗേഴ്സ് സ്കോർ 200 കടത്തി. ഉണ്ണികൃഷ്ണൻ കേവലം 9 പന്തുകൾ നേരിട്ട് 34 റൺസ് അടിച്ചുകൂട്ടിയപ്പോൾ ഷോൺ 14 പന്തിൽ 28 റൺസ് നേടി. മൂന്നാം വിക്കറ്റിൽ 56 റൺസ് കൂട്ടുകെട്ടുയർത്തിയ ഇരുവരും നോട്ടൗട്ടാണ്.

മറുപടി ബാറ്റിംഗിൽ അപകടകാരിയായ റിപ്പിൾസ് ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീനെ (0) ആദ്യ ഓവറിൽ തന്നെ ബ്ലൂ ടൈഗേഴ്സ് ക്യാപ്റ്റൻ ബേസിൽ തമ്പി വീഴ്ത്തി. പിന്നാലെ, തുടർ വിക്കറ്റുകൾ നഷ്ടമായ റിപ്പിൾസ് 44 റൺസിന് 6 വിക്കറ്റ് എന്ന നിലയിലേക്ക് കൂപ്പുകുത്തി. പടുകൂറ്റൻ പരാജയത്തിലേക്ക് നീങ്ങുകയായിരുന്ന റിപ്പിൾസിനെ ഏഴാം വിക്കറ്റിൽ അക്ഷയ് ടികെയും ആൽഫി ഫ്രാൻസിസും ചേർന്നാണ് രക്ഷപ്പെടുത്തിയത്. ആക്രമിച്ച് കളിച്ച ഇരുവരും ചേർന്ന് 77 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. ഒടുവിൽ, 33 പന്തിൽ 47 റൺസ് നേടിയ അക്ഷയ് ടികെയെ വീഴ്ത്തി അജയഘോഷ് എൻഎസ് ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ ജെറിൻ പിഎസ് ആൽഫിയെയും (22 പന്തിൽ 47) മടക്കി അയച്ചു. വാലറ്റം ഏറെ പൊരുതാതെ മുട്ടുമടക്കിയപ്പോൾ ബ്ലൂ ടൈഗേഴ്സിന് വമ്പൻ ജയം.

ഇന്നലെ ഉച്ചകഴിഞ്ഞ് നടന്ന മറ്റൊരു മത്സരത്തിൽ ഇതുവരെ വിജയമില്ലാതിരുന്ന തൃശൂർ ടൈറ്റൻസും ആദ്യ ജയം നേടി. 127/7 എന്ന നിലയിൽ ട്രിവാൻഡ്രം റോയൽസിനെ ഒതുക്കിയ ടൈറ്റൻസ് 13 ഓവറിൽ കേവലം രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു. 19 പന്തിൽ 47 റൺസ് നേടി പുറത്താവാതെ നിന്ന വിഷ്ണു വിനോദാണ് ടൈറ്റൻസിന് തകർപ്പൻ ജയം സമ്മാനിച്ചത്. 23 പന്തിൽ 41 റൺസ് നേടിയ ആനന്ദ് സാഗറും തിളങ്ങി.

Also Read : Kerala Cricket League : റോയൽസിനെ 33 റൺസിന് വീഴ്ത്തി; ജയക്കുതിപ്പ് തുടർന്ന് ആലപ്പി റിപ്പിൾസ്

ഇന്ന് ഉച്ചകഴിഞ്ഞ് 2.30നുള്ള മത്സരത്തിൽ ആലപ്പി റിപ്പിൾസ് ഏരീസ് കൊല്ലം സെയിലേഴ്സിനെ നേരിടും. നിലവിൽ ലീഗിൽ തോൽവിയറിയാത്ത ഒരേയൊരു ടീമാണ് കൊല്ലം സെയിലേഴ്സ്. കഴിഞ്ഞ കളി തോറ്റ റിപ്പിൾസിന് വിജയവഴിയിൽ തിരിച്ചെത്തേണ്ടതുണ്ട്. അതിനാവും അവരുടെ ശ്രമം. എന്നാൽ, ഈ കളി കൂടി വിജയിച്ച് പട്ടികയിലെ ഒന്നാം സ്ഥാനം നിലനിർത്തുകയാവും കൊല്ലം സെയിലേഴ്സിൻ്റെ ലക്ഷ്യം.

രാത്രി 6.45ന് ട്രിവാൻഡ്രം റോയൽസ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സിനെ നേരിടും. ആദ്യ കളി വിജയിച്ച് തുടങ്ങിയ റോയൽസ് പിന്നീട് രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ പ്ലേ ഓഫ് സാധ്യത നിലനിർത്താൻ അവർക്ക് ജയം അനിവാര്യമാണ്. അതേസമയം, ആദ്യ കളി പരാജയപ്പെട്ട ഗ്ലോബ്സ്റ്റാഴ്സ് രണ്ടാമത്തെ കളി തകർപ്പൻ ജയം നേടി ഫോമിലെത്തിയിരുന്നു. ഗ്ലോബ്സ്റ്റാഴ്സിനും ഇന്ന് ജയം തന്നെയാണ് ലക്ഷ്യം.

Latest News