പിതാവിന്റെ വേര്‍പാടില്‍ നെഞ്ചുരുകി മെസി; വിരമിക്കല്‍ സൂചന പങ്കുവെച്ച് വൈകാരിക കുറിപ്പ്; നെഞ്ചോടുചേര്‍ത്ത് റൊണാള്‍ഡോ
Lionel Messi pays emotional tribute to late father : പിതാവ് ഹോര്‍ഗെ മെസിയുടെ വേര്‍പാടിന് പിന്നാലെ വൈകാരിക കുറിപ്പ് പങ്കുവെച്ച് ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി. വിരമിക്കല്‍ സൂചന ശക്തമാക്കിക്കൊണ്ടാണ് താരം വികാരനിര്‍ഭരമായ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
പിതാവ് ഹോര്‍ഗെ മെസിയുടെ വേര്‍പാടിന് പിന്നാലെ വൈകാരിക കുറിപ്പ് പങ്കുവെച്ച് ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി. വിരമിക്കല്‍ സൂചന ശക്തമാക്കിക്കൊണ്ടാണ് താരം വികാരനിര്‍ഭരമായ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ‘Te amo, pa’ (ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു, അച്ഛാ’ എന്ന ക്യാപ്ഷനോടെയായിരുന്നു കുറിപ്പ്. ഒപ്പം പിതാവിനൊപ്പമുള്ള ചിത്രവും താരം പുറത്തുവിട്ടിട്ടുണ്ട്. പിതാവിന്റെ വേർപാട് ഉൾക്കൊള്ളാൻ ഇപ്പോഴും ബുദ്ധിമുട്ടുകയാണെന്ന് മെസി കുറിച്ചു. പ്രതീക്ഷിച്ചതിലും വളരെ നേരത്തെ ഈ വേർപാട് സംഭവിച്ചുവെന്ന് താരം പറഞ്ഞു.
“അപ്പാ, നിങ്ങൾ പോയെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. അത് ഉൾക്കൊള്ളാൻ എനിക്ക് സാധിച്ചിട്ടില്ല. അല്ലെങ്കിൽ അതിന് ഞാൻ ആഗ്രഹിക്കുന്നില്ലെന്ന് വേണം പറയാൻ. ഇനി നിങ്ങളെ കാണാൻ കഴിയില്ലെന്നും, നമ്മൾ തമ്മിൽ ഇനി സംസാരിക്കില്ലെന്നും സങ്കൽപ്പിക്കാൻ പോലും കഴിയില്ല. നിങ്ങൾ വേദന അനുഭവിക്കുകയായിരുന്നുവെന്ന് അറിയാമായിരുന്നു. പക്ഷേ വളരെ നേരത്തെ ഞങ്ങളെ വിട്ടുപോയി. നമുക്ക് ഇനിയും ഒരുമിച്ച് ഒരുപാട് കാര്യങ്ങൾ ആസ്വദിക്കാനുണ്ടായിരുന്നു”, മെസി എഴുതി.
ഫൈനലിൽ എത്തി, പക്ഷേ…!
അടുത്തിടെ സമാപിച്ച ഫിഫ ലോകകപ്പിനെക്കുറിച്ചും മെസി പരാമര്‍ശിച്ചു. ടൂർണമെന്റിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ആരോഗ്യം വഷളായപ്പോഴും, താൻ കളിക്കണമെന്ന് പിതാവ് ആവശ്യപ്പെട്ടിരുന്നുവെന്ന് മെസി വെളിപ്പെടുത്തി.
Also Read: Cristiano Ronaldo: കാത്തിരിപ്പ് അവസാനിച്ചു! റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി, സാക്ഷിയായി മക്കള്‍
“എന്റെ അവസാന ലോകകപ്പിൽ ഞാൻ കളിക്കണമെന്ന് നിങ്ങൾ എന്നോട് ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. ലോകകപ്പ് തുടങ്ങുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് നിങ്ങളുടെ ആരോഗ്യം ഏറ്റവും മോശമായ അവസ്ഥയിലായത്. ഒരു ടൂർണമെന്റിൽ അങ്ങില്ലാത്ത അവസ്ഥ ഇതാദ്യമായിരുന്നു. ആരോഗ്യം മെച്ചപ്പെടുമെന്നും സുഖം പ്രാപിക്കുമെന്നും അമ്മ എന്നോട് പറഞ്ഞുകൊണ്ടേയിരുന്നു. ഓരോ മത്സരം അവസാനിക്കുമ്പോഴും, അങ്ങേയുടെ സന്ദേശത്തിനായി ഞാൻ കാത്തിരിക്കുകയും അത് മിസ്സ് ചെയ്യുകയും ചെയ്തു. അന്നാണ് സാഹചര്യം എത്രത്തോളം ഭയാനകമാണെന്ന് ഞാൻ മനസ്സിലാക്കിയത്. ഞങ്ങൾ ഫൈനലിൽ എത്തി, പക്ഷേ നിങ്ങൾക്ക് അവിടെ ഉണ്ടാകാൻ കഴിഞ്ഞില്ല”, മെസിയുടെ വാക്കുകള്‍.
കപ്പ് നേടി നാട്ടിൽ കൊണ്ടുവന്ന് പിതാവിനെ കാണിക്കാനാണ് താന്‍ ആഗ്രഹിച്ചതെന്നും, അത് സാധിച്ചില്ലെന്നും മെസി വ്യക്തമാക്കി. തന്റെ ശാരീരിക ശേഷി അതിന് അനുവദിച്ചില്ല. ശാരീരിക പരിമിതികളെ മറികടന്ന് കഠിനമായി ശ്രമിച്ചു. പക്ഷേ സാധിച്ചില്ലെന്ന് താരം കൂട്ടിച്ചേര്‍ത്തു.
“നിങ്ങളില്ലാതെ ഞാൻ ഇനി എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല. എങ്ങനെ മുന്നോട്ട് പോകണമെന്ന് എനിക്കറിയില്ല. ഞാൻ ഫുട്ബോൾ കളിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. ഇനി അധികകാലം ഇത് തുടരാൻ എനിക്ക് കഴിയുമോ എന്ന് ഞാൻ ഗൗരവമായി സംശയിക്കുന്നു”, വിരമിക്കല്‍ സൂചന ശക്തമാക്കുന്നതായിരുന്നു മെസിയുടെ ഈ വാക്കുകള്‍.
ആശ്വസിപ്പിച്ച് റൊണാൾഡോ
മെസിയെ ആശ്വസിപ്പിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രംഗത്തെത്തി. “ഈ കഠിനമായ സമയത്ത് നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും എന്റെ സ്നേഹം നിറഞ്ഞ ആലിംഗനം. കരുത്തോടെയിരിക്കൂ ലിയോ,” മെസിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിന്റെ കമന്റ് ബോക്സിൽ റൊണാൾഡോ കുറിച്ചു.
English Summary
Lionel Messi shared an emotional tribute following the death of his father, Jorge Messi. He admitted he is struggling to accept the loss and questioned his future in football. Messi revealed he wanted to win the 2026 World Cup for his ailing father. Cristiano Ronaldo showed support by leaving a comforting message on Messi’s post.