‘നിഴൽ’ നഷ്ടപ്പെട്ടു! ജീവിതത്തിൽ നേരിട്ട ഏറ്റവും കഠിന യാത്രയിൽ മെസി; അവധി നൽകി ഇന്റർ മയാമി
Lionel Messi on the toughest journey of his life: മെസിയുടെ ആദ്യ ഗുരുവും കരിയറിൽ ഇതുവരെ അദ്ദേഹത്തിന്റെ നിഴലായി കൂടെ ഉണ്ടായിരുന്ന ആളുമായണ് പിതാവ് ഹോർഹെ മെസി (68). അദ്ദേഹത്തിന്റെ വിയോഗം മെസിക്ക് വ്യക്തിജീവിതത്തിൽ ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ നഷ്ടമായി വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ കുറച്ചുനാളുകളായി സുഖമില്ലാതെ ചികിത്സയിലായിരുന്ന ഹോർഹെ മെസി ഇന്നലെയാണ് അന്തരിച്ചത്.

Lionel Messi On The Toughest Journey Of His Life
ബ്യൂനസ് ഐറിസ്: പിതാവിന്റെ മരണത്തെ തുടർന്ന് അർജന്റീന ഇതിഹാസ ഫുട്ബോൾ താരം ലയണൽ മെസി കടന്നുപോകുന്നത് അദ്ദേഹത്തിന്റെ ഇതുവരെയുള്ള ജീവിതത്തിലെ ഏറ്റവും കഠിനമായ നാളുകളിലൂടെ. മെസിയുടെ ആദ്യ ഗുരുവും കരിയറിൽ ഇതുവരെ അദ്ദേഹത്തിന്റെ നിഴലായി കൂടെ ഉണ്ടായിരുന്ന ആളുമായണ് പിതാവ് ഹോർഹെ മെസി (68). അദ്ദേഹത്തിന്റെ വിയോഗം മെസിക്ക് വ്യക്തിജീവിതത്തിൽ ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ നഷ്ടമായി വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ കുറച്ചുനാളുകളായി സുഖമില്ലാതെ ചികിത്സയിലായിരുന്ന ഹോർഹെ മെസി ഇന്നലെയാണ് അന്തരിച്ചത്. അർജന്റീനയിലെ റൊസാരിയോയിലുള്ള ക്ലിനിക്കിൽ വെച്ച് ഹോർഹെ മരണപ്പെടുമ്പോൾ, ലയണൽ മെസ്സി തന്റെ ക്ലബ്ബായ ഇന്റർ മയാമിക്കൊപ്പം അമേരിക്കയിലെ മയാമിയിലായിരുന്നു ഉണ്ടായിരുന്നത്.
മെസി എവിടെ
2026 ലീഗ്‌സ് കപ്പ് നടന്നുകൊണ്ടിരിക്കുകയാണ്. ഇന്റർ മയാമിക്കുവേണ്ടി നിലവിൽ ഈ ടൂർണമെന്റിൽ കളിച്ചുകൊണ്ടിരിക്കുകയാണ് മെസി. കഴിഞ്ഞ ദിവസം നടന്ന ആദ്യ മത്സരത്തിൽ മെസിയുടെ ഇരട്ട ഗോളുകളുടെയും അസിസ്റ്റിന്റെയും ബലത്തിൽ ഇന്റർ മയാമി ആദ്യ മത്സരം ജയിച്ചിരുന്നു. തുടർന്ന് രണ്ടാം മത്സരം നടക്കാനിരിക്കെയാണ് മെസിയുടെ പിതാവിന്റെ മരണം.
Also Read: ബാഴ്‌സലോണ മുതൽ ലോകകപ്പ് വരെ നിഴലായി കൂടെയുണ്ടായിരുന്നയാൾ; ലയണൽ മെസ്സിയുടെ പിതാവ് വിടവാങ്ങി
2026 ലീഗ്സ് കപ്പിൽ മോണ്ടെറെയ്ക്ക് എതിരേ ഓഗസ്റ്റ് 9ന് ഇന്ത്യൻ സമയം പുലർച്ചെ 5.30ന് നടക്കുന്ന മത്സരത്തിന് തയാറെടുക്കുന്നതിനിടെയാണ് മെസിയെ തേടി അച്ഛന്റെ മരണ വിവരം എത്തുന്നത്. തുടർന്ന് ഇന്റർ മയാമി അദ്ദേഹത്തിന് അവധി അനുവദിച്ചു. പിതാവിന്റെ വേർപാട് വിവരമറിഞ്ഞയുടൻ മെസി അമേരിക്കയിലെ ഫോർട്ട് ലോഡർഡേലിൽ നിന്ന് ജന്മനാടായ അർജന്റീനയിലെ റൊസാരിയോയിലേക്ക് യാത്രതിരിച്ചു.
സ്വകാര്യ വിമാനത്തിൽ അർജന്റീനയിലേക്കുള്ള യാത്രയിൽ ഭാര്യ ആന്റൊണെല്ല റോക്കൂസോയും മെസിക്കൊപ്പം ഉണ്ടായിരുന്നു. നിലവിൽ അദ്ദേഹം കുടുംബാംഗങ്ങൾക്കൊപ്പം റൊസാരിയോയിലാണുള്ളത്. അമ്മ സെലിയ, സഹോദരങ്ങളായ റോഡ്രിഗോ, മത്യാസ്, മരിയ സോൾ, മറ്റ് കുടുംബാംഗങ്ങൾ എന്നിവർക്കൊപ്പം കുടുംബത്തിന്റെ ദുഖത്തിൽ മെസിയും പങ്കുചേർന്നു. ഹോർഹെ മെസിയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിനുമായി മെസിക്ക് ടീമിൽ നിന്ന് ഇടവേള അനുവദിച്ചതായി ഇന്റർ മിയാമി സ്ഥിരീകരിച്ചിട്ടുണ്ട്.
ലീഗ്സ് കപ്പിൽ ഇന്റർ മയാമിയുടെ അടുത്ത മത്സരം ഓഗസ്റ്റ് 13ന് രാവിലെ 05:30 ക്ലബ് ലിയോണുമായിട്ട് ആണ്. പിതാവ് മരിച്ച് ഒരാഴ്ച മാത്രം കഴിയുമ്പോൾ നടക്കുന്ന ഈ മത്സരത്തിൽ മെസി കളിക്കുമോയെന്ന് നിലവിൽ വ്യക്തമല്ല. അതേസമയം ലയണൽ മെസിയുടെയും കുടുംബത്തിന്റെയും കഠിനമായ ഈ ദുഃഖസമയത്ത് ക്ലബ്ബ് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ഔദ്യോഗികമായി തങ്ങളുടെ അനുശോചനം അറിയിക്കുകയും ചെയ്തിട്ടുണ്ട്.
മൊണ്ടെറെക്കെതിരെയുള്ള ലീഗ്സ് കപ്പ് മത്സരത്തിന് മുന്നോടിയായി ഹോർഹെ മെസിക്ക് ആദരമർപ്പിച്ച് കളിക്കാർ കറുത്ത ആംബാൻഡ് ധരിക്കുകയും മത്സരത്തിന് മുൻപ് ഒരു മിനിറ്റ് മൗനപ്രാർത്ഥന നടത്തുകയും ചെയ്തു. മെസിയുടെ കരിയറിലുടനീളം കൂടെയുണ്ടായിരുന്ന ഹോർഹെ തന്നെയാണ് ഇന്റർ മയാമിയിലേക്കുള്ള മെസിയുടെ ചരിത്രപരമായ ട്രാന്സ്ഫറിലും കരാർ ചർച്ചകളിലും പ്രധാന പങ്കുവഹിച്ചത്. ക്ലബ്ബിന്റെ വളർച്ചയിലും അദ്ദേഹത്തിന്റെ സാന്നിധ്യം വലുതായിരുന്നു.
39 വയസുകാരനായ ലയണൽ മെസി തന്റെ കരിയറിൽ പ്രായം തളർത്താത്ത പോരാളിയായി കുതിക്കുമ്പോഴാണ് ഏറ്റവും പ്രിയപ്പെട്ട പിതാവിന്റെ മരണം സംഭവിച്ചിരിക്കുന്നത് എന്നത് അദ്ദേഹത്തിന്റെ ആരാധകരെയും സങ്കടപ്പെടുത്തുന്നു. ലക്ഷക്കണക്കിന് ആരാധകരും ഫുട്ബോൾ ലോകവും ഈ കഠിനസമയത്ത് മെസിക്കും കുടുംബത്തിനും അനുശോചനവും പിന്തുണയും അറിയിച്ച് രംഗത്തെത്തുന്നുണ്ട്. ഇക്കഴിഞ്ഞ ലോകകപ്പിൽ മെസി കളിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ പിതാവ് ആശുപത്രിയിലായിരുന്നു.
അന്ന് മത്സരത്തിനിടെ ഗോൾ നേടിയ ശേഷം മെസി കരഞ്ഞത് പിതാവിനെ ഓർത്തായിരുന്നു എന്ന് പിന്നീട് മെസി വിശദീകരിക്കുകയും ചെയ്തിരുന്നു. അത്രമേൽ പ്രിയപ്പെട്ട പിതാവിന്റെ മരണം നൽകിയ വേദനയിൽ നിന്നും പ്രതിസന്ധികളിൽ നിന്നും കരകയറാൻ മെസിക്ക് കരുത്ത് ഉണ്ടാകട്ടെ എന്ന പ്രാർഥനയിലാണ് മെസി ആരാധകരും ഫുട്ബോൾ ലോകവും. വില്ല ഗോബർനാഡോർ ഗാൽവസ് പ്രദേശത്തുള്ള പാർക്ക് ഡെൽ സോളാർ സെമിത്തേരിയിൽ ആണ് ഹോർഹെ മെസിയുടെ സംസ്കാര ചടങ്ങുകൾ നടക്കുക.
English Summary
Argentine football legend Lionel Messi is going through the most difficult days of his life so far following the death of his father. His father, Jorge Messi (68), was Messi’s first teacher and the person who has been his shadow throughout his career. His death is considered the biggest loss in Messi’s personal life so far.