Lamine Yamal: കാലിൽ കൂടോത്രമുള്ള, റൈറ്റ് വിങിലെ ബ്ലോഗ്രാന രക്തം; ഫുട്ബോൾ ലോകത്തിൻ്റെ സൂര്യൻ, ലാമിൻ യമാൽ
Meet Lamine Yamal The 17 Year Old Barcelona Sensation: ലാ മാസിയയിൽ നിന്ന് സാവി കണ്ടെടുത്ത 16 വയസുകാരൻ കൃത്യം ഒരു കൊല്ലം പൂർത്തിയാവുമ്പോൾ ഫുട്ബോൾ ലോകത്തെ കയ്യിലെടുത്ത് അമ്മാനമാടുകയാണ്. ലമീൻ യമാലിനെ അറിയാം.
“മറഡോണ, മെസ്സി, ലമീൻ യമാൽ”. ഒരു വാചകത്തിൽ ഈ മൂന്ന് പേരെയും ചേർത്തുപറഞ്ഞത് ലോഥർ മത്തേവൂസ് ആണ്. ജർമ്മൻ ഇതിഹാസ താരം. ബാലൻ ഡി ഓർ ജേതാവ്. ഈ ഒറ്റ വാചകത്തിൽ, അതിന് മുൻപ് പറയപ്പെട്ട മറ്റ് രണ്ട് പേരുകൾക്കൊപ്പം ചേർക്കപ്പെടാൻ കേവലം 17 വയസ് മാത്രം പ്രായമുള്ള ലമീൻ യമാൽ എന്ത് ചെയ്തെന്ന ചോദ്യത്തിനുള്ള മറുപടി ബാഴ്സലോണ പറയും. ലയണൽ മെസിയെന്ന മജീഷ്യൻ ക്ലബ് വിട്ടതിന് ശേഷം അവരനുഭവിച്ച അരക്ഷിതാവസ്ഥയെപ്പറ്റി. ലാ ലിഗയിലും യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിലും അഭിമാന പോരാട്ടമായ എൽ ക്ലാസിക്കോയിലുമൊക്കെ കാൽ വഴുതിയ അഭിമാനക്ഷതത്തെപ്പറ്റി. ഒടുവിൽ, 16ആം വയസിൽ ലാ മാസിയയിൽ നിന്ന് സാവി പൊക്കിയെടുത്ത് ക്യാമ്പ് നൂവിലേക്ക് കെട്ടഴിച്ചുവിട്ടൊരു കൂടോത്രക്കാരനെപ്പറ്റി. ആ പയ്യൻ കേവലം ഒറ്റ സീസൺ കൊണ്ട് ഫുട്ബോൾ ലോകത്തിൻ്റെ സൂര്യനായതിനെപ്പറ്റി. നാടോടിക്കഥയുടെ കെട്ടഴിയുമ്പോൾ അത് കേട്ടുനിൽക്കാൻ പോലും രസമാണ്.
ലമീൻ യമാൽ നസ്രോയി എബാന എന്നാണ് യമാലിൻ്റെ മുഴുവൻ പേര്. ഹോട്ടലിൽ വെയ്റ്റ്‌റസായിരുന്ന ഷീല എബാനയുടെയും പെയിൻ്റിങ് തൊഴിലാളിയായ മൗനീർ നസ്രോയിയുടെയും മകനായി 2007 ജൂലായ് മാസം 13ന് കറ്റലോണിയയിലാണ് യമാലിൻ്റെ ജനനം. കുടിയേറ്റ കുടുംബത്തിലെ അംഗമാണ് യമാൽ. അമ്മ ഇക്വിറ്റോറിയൽ ഗിനിയയിലെ ബാട എന്ന സ്ഥലത്തും അച്ഛൻ മൊറോക്കോയിലെ ലറാഛെ എന്ന സ്ഥലത്തുമാണ് ജനിച്ചത്. ഏതൊരു ദരിദ്ര, കുടിയേറ്റ കുടുംബത്തെയും പോലെ ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയ സമയത്ത് തങ്ങളെ സഹായിച്ച ലമീൻ, യമാൽ എന്നീ രണ്ട് പേരോടുള്ള ബഹുമാനാർത്ഥമാണ് കുഞ്ഞിനവർ ലമീൻ യമാൽ എന്ന് പേര് വച്ചത്.
യമാലിൻ്റെ മൂന്നാം വയസിൽ മാതാപിതാക്കൾ വേർപിരിഞ്ഞു. പിന്നീട് താരം ജീവിച്ചത് അമ്മയ്ക്കൊപ്പമായിരുന്നു. “ജീവിതം ബുദ്ധിമുട്ടേറിയതായിരുന്നു. പക്ഷേ, ഒന്നും മോശമല്ലെന്ന് കാണാൻ എൻ്റെ അമ്മ പഠിപ്പിച്ചു. എൻ്റേത് ലോകത്തിലെ ഏറ്റവും നല്ല കുട്ടിക്കാലമൊന്നുമല്ലായിരുന്നിരിക്കാം. പക്ഷേ, ഞാൻ മോശമായത് കാണുന്നില്ലെന്നും മനോഹരമായത് കണ്ട് അത് ആസ്വദിക്കുന്നു എന്നും അമ്മ ഉറപ്പുവരുത്തിയിരുന്നു. അക്കാര്യത്തിൽ അമ്മയോട് എനിക്കെന്നും കടപ്പാടുണ്ട്.”- യമാലിൻ്റെ വാക്കുകളിൽ നിന്ന് തന്നെ തൻ്റെ ജീവിത തത്വം അമ്മയിലൂടെ രൂപപ്പെട്ടത് കാണാം. വിവാഹമോചനത്തിന് ശേഷം യമാലുമൊത്ത് അമ്മ സ്പെയിനിലെ ഗ്രനോളേഴ്സിലേക്ക് താമസം മാറ്റി. അവിടെ, നാലാം വയസ് മുതൽ പ്രാദേശിക ക്ലബായ ല ടൊറെറ്റയ്ക്കായി യമാൽ കളിച്ചുതുടങ്ങി. പിതാവ് റൊക്കഫോണ്ട എന്ന സ്ഥലത്തായിരുന്നു താമസം. യമാൽ രണ്ട് സ്ഥലത്തും, രണ്ട് പേർക്കൊപ്പവും താമസിച്ചു. റോക്കഫോണ്ട കുടിയേറ്റക്കാർ കൂടുതലായി താമസിക്കുന്ന, ജനസാന്ദ്രത വർധിച്ച ഒരു സ്ഥലമാണ്. എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടതും മറക്കപ്പെട്ടതുമായ സ്ഥലമായാണ് റോക്കഫോണ്ടയെ കണക്കാക്കുന്നത്. സ്പെയിനിൽ ദരിദ്രവർഗം തിങ്ങിപ്പാർക്കുന്നൊരു തുരുത്ത്. ഇവിടുത്തെ പിൻകോഡ് 08304 ആണ്. ഇത് പറയാനുള്ള കാരണം വഴിയെ പറയാം.
ലാ ടൊററ്റയിൽ കളിച്ചുകൊണ്ടിരിക്കെ 2014ൽ ലാ മാസിയ അധികൃതർ യമാലിൻ്റെ കളി കണ്ടു. അങ്ങനെയാണ് താരം ബാഴ്സ സിസ്റ്റത്തിലെത്തുന്നത്. ആറാം വയസിൽ യമാൽ അങ്ങനെ ബാഴ്സലോണ നഗരത്തിലെത്തി. അവിടെ, അക്കാദമിയിൽ പന്ത് തട്ടി. അമ്മ കാണിച്ച വഴിയേ സഞ്ചരിച്ച യമാൽ ചെറുപ്പത്തിൽ തന്നെ നല്ല കുട്ടി എന്ന പേര് സമ്പാദിച്ചിരുന്നു.
ലാ മാസിയയിൽ ആൽബർട്ട് പുയ്ഗ് പരിശീലിപ്പിച്ച ബി ടീമിലായിരുന്നു യമാൽ ആദ്യം കളിച്ചത്. ഗോളുകളും അസിസ്റ്റുകളും പന്തടക്കവും കൊണ്ട് അക്കാദമിയിലെ ഏറ്റവും നല്ല താരമെന്ന വിശേഷണങ്ങൾക്കിടയിലും യമാൽ സ്വാർത്ഥനായിരുന്നില്ല. സഹതാരം ഓപ്പണാണെങ്കിൽ അവിടേക്ക് പന്തെത്തിക്കാൻ അവന് മടിയില്ലായിരുന്നു. എത്ര ഗോളടിച്ചു എന്നതല്ല, വിജയിച്ചോ ഇല്ലയോ എന്നതിലാണ് കാര്യമെന്ന് വളരെ ചെറുപ്പത്തിൽ തന്നെ അവൻ മനസിലാക്കി. ലോകമെങ്ങും പടർന്നുപിടിച്ച കൊവിഡിനിടെ യമാൽ ലാ മാസിയയുടെ പ്രിയ പുത്രനായി മാറുകയായിരുന്നു.
ബി ടീമിൽ നിന്ന് അടുത്ത ടീമായ കേഡറ്റ് ബി ഒഴിവാക്കി യമാൽ നേരെ കേഡറ്റ് എ ടീമിലെത്തി. ഇവാൻ കരാസ്കോയുടെ കീഴിൽ അവൻ ഫാൾസ് 9 പൊസിഷനിൽ അസാമാന്യ പ്രകടനങ്ങൾ നടത്തി. സ്വമേധയാ ഉള്ള വിഷനും ബോൾ കണ്ട്രോളും അവനെ കളിക്കളത്തിലെ ശ്രദ്ധാകേന്ദ്രമാക്കിയപ്പോൾ ലാ മാസിയ സിസ്റ്റം അവനെ കായികമായും മെച്ചപ്പെടുത്തി. കേഡറ്റ് എ ടീമിൽ നിന്ന് യമാൽ എത്തിയത് ജുവനൈൽ എ ടീമിലാണ്. ജുവനൈൽ ബി ടീം ഒഴിവാക്കി. സാക്ഷാൽ ലയണൽ മെസി പോലും ഇത്ര ദ്രുതഗതിയിൽ വളർന്നിട്ടില്ല. ജുവനൈൽ എ ടീം പരിശീലകൻ ഓസ്കാർ ലോപ്പസാണ് ലയണൽ മെസി ഒഴിവാക്കിയ, നികത്താൻ ബുദ്ധിമുട്ടുള്ള റൈറ്റ് വിങിലേക്ക് യമാലിനെ പറിച്ചുനടുന്നത്. അവിടെ അവൻ ലിങ്കപ്പ് പ്ലേയുടെ പാഠങ്ങൾ പഠിച്ചു. അഡ്വാൻസ് ചെയ്ത് കുതിയ്ക്കുന്ന സ്ട്രൈക്കറിലേക്ക് മധ്യഭാഗത്തുനിന്ന് മഴവില്ല് കണക്കെ ഒപ്പമോടുന്ന പ്രതിരോധ താരങ്ങളെയൊക്കെ വകഞ്ഞ് പിൻപോയിൻ്റ് പാസ് നൽകാൻ അവൻ പഠിച്ചു. അങ്ങനെ ലമീൻ യമാൽ 2022ൽ, 15ആം വയസിൽ സീനിയർ ടീമിനൊപ്പം പരിശീലനം ആരംഭിച്ചു. ലാ മാസിയ സിസ്റ്റത്തിൽ പരിചയമുള്ള, മുൻ പരിശീലകൻ സാവി ആയിരുന്നു യമാലിനെ സീനിയർ ടീമിലേക്ക് വിളിച്ചത്. തൊട്ടടുത്ത സീസണിൽ, കാഡിസിനെതിരെ യമാലിൻ്റെ ആദ്യ സീനിയർ ടീം അരങ്ങേറ്റം. അടുത്ത ഫസ്റ്റ് ടീം അപ്പിയറൻസിൽ വിയ്യാറയലിനെതിരെ മാൻ ഓഫ് ദി മാച്ച്. ലമീൻ യമാൽ എന്ന 16 വയസുകാരൻ ബാഴ്സ പതാകവാഹകനായി രജിസ്റ്റർ ചെയ്യപ്പെടുകയായിരുന്നു. ബാക്കിയുള്ള ചരിത്രം എല്ലാവർക്കും അറിവുള്ളതാണ്. സാവിയ്ക്കും രക്ഷിക്കാനാവാതെ പോയ ബാഴ്സയെ ഹാൻസി ഫ്ലിക്ക് വന്ന് രക്ഷപ്പെടുത്തുന്നതും ചാമ്പ്യൻസ് ലീഗൊഴികെ മറ്റെല്ലാ കിരീടങ്ങളും നേടി, സീസണിലെ എല്ലാ എൽ ക്ലാസിക്കോ മത്സരങ്ങളും വിജയിച്ച് ബാഴ്സ ഒരു ഫിനോമിനൽ സീസൺ അവസാനിപ്പിക്കുമ്പോൾ കമൻ്ററി ബോക്സിൽ നിന്ന് പലതവണ ആ പേര് കേട്ടു, ലമീൻ യമാൽ.
ഇനി 08304 എന്ന പിൻകോഡിൻ്റെ കഥ. ഗോൾ നേടുമ്പോൾ യമാൽ അതാഘോഷിക്കുന്നത് കൈവിരലുകൾ കൊണ്ട് 304 എന്ന ആംഗ്യം കാട്ടിയാണ്. തൻ്റെ പിതാവ് താമസിക്കുന്ന, മറക്കപ്പെട്ട റോക്കഫോണ്ടയെ ഓർമ്മപ്പെടുത്തുന്നതാണ് ഇത്. അമ്മ വളർത്തിയ കുഞ്ഞാണവൻ. ആ കുഞ്ഞ് അച്ഛൻ്റെ നാടിനെ ലോകത്തിന് മുന്നിൽ തുറന്നുകാണിച്ചു. അന്നാട്ടിലെ തൊഴിലാളികളായ സമൂഹത്തിന്, കുടിയേറ്റക്കാരുടെ സമൂഹത്തിന് കുറച്ചുകൂടി ശ്രദ്ധ നൽകൂ എന്നവൻ ആവശ്യപ്പെട്ടു.
തകർന്നടിഞ്ഞ്, ആശയറ്റ്, ഒരിക്കലും എഴുന്നേൽക്കില്ലെന്നുറപ്പിച്ച്, എതിർ ടീം മറ്റൊരു ഗലാറ്റികോ ടീമിനെ കെട്ടിപ്പടുത്തുന്നത് കണ്ട് നൊന്ത്, വിറങ്ങലിച്ച് നിന്ന ഓരോ ബാഴ്സ ആരാധകനും ലമീൻ യമാൽ എന്ന 17കാരൻ നൽകിയത് അക്ഷരാർത്ഥത്തിൽ പുനർജന്മമാണ്. മെസിയ്ക്ക് ശേഷം വലതുപാർശ്വത്തിലൂടെ കുതിച്ചുകയറുന്ന ആക്രമണത്തിനായി ഇന്നവർ കാത്തിരിക്കുന്നു. പ്രതിരോധത്തെ വെട്ടിയൊഴിഞ്ഞുള്ള ഓട്ടത്തിനൊടുവിൽ ബോക്സിലേക്ക് കുതിച്ചുകയറി ഇടങ്കാലുകൊണ്ടുള്ള ഷോട്ട് വലയുടെ വലതുമൂലയിലേക്ക് ചാഞ്ഞിറങ്ങുന്ന കാഴ്ചയെച്ചൂണ്ടി അവർ പറയുന്നു, ഇതാ ഞങ്ങൾക്ക് വീണ്ടുമൊരു രക്ഷകൻ വന്നിരിക്കുന്നു.