Mohamed Salah: ‘എങ്ങനെ, എവിടെ, എന്തുകൊണ്ട് മരിച്ചു?’; പലസ്തീനിയൻ ഫുട്ബോളറുടെ മരണവാർത്തയിൽ യുവേഫയോട് മുഹമ്മദ് സല
Mohammed Salah On Suleiman Obeid Death: യുവേഫയ്ക്കെതിരെ ചോദ്യങ്ങളുയർത്തി ഫുട്ബോൾ താരം മുഹമ്മദ് സല. പലസ്തീനിയൻ ഫുട്ബോൾ താരം സുലൈമാൻ അൽ ഒബൈദിൻ്റെ മരണവാർത്തയിലാണ് താരം ചോദ്യങ്ങളുയർത്തിയത്.
പലസ്തീനിയൻ ഫുട്ബോൾ താരം സുലൈമാൻ അൽ ഒബൈദിൻ്റെ മരണവാർത്തയിൽ യുവേഫയ്ക്കെതിരെ ചോദ്യങ്ങളുമായി ലിവർപൂളിൻ്റെ ഈജിപ്ഷ്യൻ ഫുട്ബോൾ താരം മുഹമ്മദ് സല. എങ്ങനെ, എവിടെ, എന്തുകൊണ്ട് മരിച്ചു എന്ന് യുവേഫയുടെ എക്സ് പോസ്റ്റ് പങ്കുവച്ചുകൊണ്ട് സല ചോദിച്ചു. ഒബൈദ് കൊല്ലപ്പെട്ടത് ഇസ്രയേൽ ആക്രമണത്തിലാണെന്ന് പലസ്തീൻ ഫുട്ബോൾ അസോസിയേഷൻ അറിയിച്ചിരുന്നു.
സലയുടെ ട്വീറ്റ്
Can you tell us how he died, where, and why? https://t.co/W7HCyVVtBE
— Mohamed Salah (@MoSalah) August 9, 2025
‘പലസ്തീനിയൻ പെലെ സുലൈമാൻ അൽ ഒബൈദിന് ആദരാഞ്ജലികൾ. ഏറ്റവും ഇരുളടഞ്ഞ സമയത്തും എണ്ണമറ്റ കുഞ്ഞുങ്ങൾക്ക് പ്രതീക്ഷ നൽകിയ പ്രതിഭ’ എന്നായിരുന്നു താരത്തിൻ്റെ ചിത്രം പങ്കുവച്ച് യുവേഫ തങ്ങളുടെ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചത്. താരത്തിൻ്റെ മരണത്തെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ യുവേഫ പുറത്തുവിട്ടിരുന്നില്ല. ഇതിനെയാണ് സല ചോദ്യം ചെയ്തത്. ‘എങ്ങനെ, എവിടെ, എന്തുകൊണ്ട് മരിച്ചു എന്നതിനെപ്പറ്റിയുള്ള വിവരങ്ങൾ പറയാമോ?’ എന്ന് ഈ പോസ്റ്റ് പങ്കുവച്ച് കൊണ്ട് സല ചോദിച്ചു. സലയുടെ പോസ്റ്റിന് വലിയ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്.
Also Read: V. Abdurahiman: ‘കരാർ ഒപ്പിട്ടത് സ്പോൺസർ, സർക്കാരിന് ഉത്തരവാദിത്തമില്ല’; പ്രതികരിച്ച് കായിക മന്ത്രി
ഓഗസ്റ്റ് ഏഴിനാണ് പലസ്തീനിയൻ ഫുട്ബോൾ അസോസിയേഷൻ (പിഎഫ്എ) ഒബൈദിൻ്റെ മരണത്തെപ്പറ്റിയുള്ള വാർത്ത പുറത്തുവിട്ടത്. ഓഗസ്റ്റ് ആറിന് ഗാസ മുനമ്പിൽ മാനുഷിക സഹായത്തിനായി കാത്തുനിൽക്കുന്നതിനിടെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഒബൈദ് കൊല്ലപ്പെട്ടു എന്നായിരുന്നു പിഎഫ്എയുടെ പ്രസ്താവന. ഇക്കാര്യം പരാമർശിക്കാതെയാണ് യുവേഫയുടെ പോസ്റ്റ്.
41 വയസുകാരനായ സുലൈമാൻ അൽ ഒബൈദ് പലസ്തീനിയൻ പെലെ എന്നാണ് അറിയപ്പെടുന്നത്. കരിയറിൽ നൂറിലധികം ഗോളുകൾ നേടി. 24 രാജ്യാന്തര മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളും താരം നേടിയിട്ടുണ്ട്. ഫോർവേഡ്, വിങ്ങർ റോളുകളിൽ കളിച്ചിരുന്ന താരം അഞ്ച് ക്ലബുകൾക്കായി കളിച്ചിട്ടുണ്ട്. 2007 മുതൽ അദ്ദേഹം പ്രൊഫഷണൽ ഫുട്ബോൾ കളിക്കുന്നു. 2023ലാണ് അവസാനമായി കളിച്ചത്.