Mumbai Indians: അടുത്ത കപ്പടിക്കാൻ ഹണ്ട്രഡിലും ടീം; ഓവൽ ഇൻവിൻസിബിൾ സ്വന്തമാക്കി മുംബൈ ഫ്രാഞ്ചൈസി
Mumbai Indians - Oval Invincibles: ദി ഹണ്ട്രഡ് ടീമായ ഓവൽ ഇൻവിസിബിൾസിനെ സ്വന്തമാക്കി എംഐ ഫ്രാഞ്ചൈസി. ദി ഹണ്ട്രഡ് ലീഗിൽ നിലവിലെ ജേതാക്കളാണ് ഓവൽ ഇൻവിൻസിബിൾസ്. ടീമിൽ 49 ശതമാനമാവും എംഐ ഫ്രാഞ്ചൈസിയുടെ അവകാശം.

ദി ഹണ്ട്രഡിൽ നിലവിലെ ജേതാക്കളായ ഓവൽ ഇൻവിൻസിബിൾസിനെ സ്വന്തമാക്കി എംഐ ഫ്രാഞ്ചൈസി. ഓവൽ ഇൻവിൻസിബിൾസിൽ 49 ശതമാനം അവകാശമാണ് മുംബൈ ഫ്രാഞ്ചൈസി സ്വന്തമാക്കിയത്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിൻ്റെ ഉടമസ്ഥതയിലായിരുന്ന ഓവൽ ഇൻവിൻസിബിൾസിൻ്റെ പ്രധാന ഉടമസ്ഥർ പ്രധാന കൗണ്ടി ക്ലബുകളിൽ ഒന്നായ സറേ ആണ്. ടീമിൽ 51 ശതമാനം അവകാശം സറേയ്ക്ക് തന്നെയാവും. അതുകൊണ്ട് ടീമിൻ്റെ പ്രധാന ഉടമകൾ സറേ കൗണ്ടി ക്രിക്കറ്റ് ക്ലബ് തന്നെയാവും.
എംഐ ഫാമിലിയിലേക്ക് ഓവൽ ഇൻവിൻസിബിൾസിനെ റിലയൻസ് ഇൻഡസ്ട്രീസ് സ്വാഗതം ചെയ്തു. തങ്ങളുടെ അനുബന്ധ കമ്പനിയായ റൈസ് വേൾഡ്‌വൈഡ് ആണ് ഓവൽ ഇൻവിൻസിബിൾസിൻ്റെ പങ്കാളിയാവുക. ഈ വർഷം അവസാനത്തോടെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിൽ നിന്ന് സറേ കൗണ്ടി ക്രിക്കറ്റ് ക്ലബിലേക്ക് ഉടമസ്ഥാവകാശം മാറും.
“റൈസിന് ടീമിൽ 49 ശതമാനം ഉടമസ്ഥാവകാശമുണ്ടാവും. സറേയ്ക്ക് 51 ശതമാനമാവും ഉടമസ്ഥാവകാശം. മുംബൈ ഇന്ത്യൻസിൻ്റെ ബ്രഹത്തായ അനുഭവജ്ഞാനവും വിജയവും ക്ലബിന് ഏറെ ഗുണം ചെയ്യും. കഴിഞ്ഞ ആഴ്ചയാണ് ദക്ഷിണാഫ്രിക്കയിലെ ലീഗിൽ എംഐ ഫ്രാഞ്ചൈസി ഒരു കിരീടമുയർത്തിയത്.”- സറേ വാർത്താകുറിപ്പിൽ പറഞ്ഞു.
Also Read: WPL 2025: വനിതാ പ്രീമിയർ ലീഗിന് ഇനി വെറും നാല് ദിവസം; ടീമുകൾ, വേദികൾ, മത്സരക്രമം
ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് വിറ്റ ആദ്യ ഹണ്ട്രഡ് ലീഗ് ടീമാണ് ഓവൽ ഇൻവിസിബിൾസ്. 123 പൗണ്ട് സ്റ്റെർലിങ് ആണ് ഓവൽ ഇൻവിൻസിബിൾസിൻ്റെ ആകെ മൂല്യം. ഇതോടെ ഏകദേശം 60 മില്ല്യൺ പൗണ്ട് സ്റ്റെർലിങ് ആണ് എംഐ ഫ്രാഞ്ചൈസി നൽകേണ്ടത്. ദി ഹണ്ട്രഡ് ടീമിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് ഓവൽ ഇൻവിൻസിബിൾസ്. കഴിഞ്ഞ രണ്ട് സീസണുകളിലും ഓവൽ ഇൻവിൻസിബിൾസ് ആയിരുന്നു ചാമ്പ്യന്മാർ. വനിതാ ലീഗിലും തുടരെ രണ്ട് സീസണിൽ ഓവൽ ഇൻവിൻസിബിൾസ് ജേതാക്കളായി. ഇതോടെ പുരുഷ, വനിതാ ഹണ്ട്രഡിൽ ആകെ നാല് സീസണിൽ നാല് തവണ കിരീടം നേടാൻ ഓവൽ ഇൻവിൻസിബിൾസിന് സാധിച്ചു.
നിലവിൽ എംഐ ഫ്രാഞ്ചൈസിക്ക് മൂന്ന് ഭൂഖണ്ഡങ്ങളിൽ നാല് രാജ്യങ്ങളിലായി അഞ്ച് ടീമുകളാണ് ഉള്ളത്. ഓവൽ ഇൻവിൻസിബിൾസ് ഏറ്റെടുത്തതോടെ നാല് ഭൂഖണ്ഡങ്ങളിൽ അഞ്ച് രാജ്യങ്ങളിലായി എംഐ മാനേജ്മെൻ്റിന് ഏഴ് ടീമുകളായി. ഐപിഎലിൽ മുംബൈ ഇന്ത്യൻസ് പുരുഷ – വനിതാ ടീമുകൾ, ദക്ഷിണാഫ്രിക്കയിൽ എംഐ കേപ്ടൗൺ, യുഎഇയിൽ എംഐ എമിറേറ്റ്സ്, അമേരിക്കയിൽ എംഐ ന്യൂയോർക്ക് എന്നീ ടീമുകളാന് ഇതുവരെ എംഐ മാനേജ്മെൻ്റിനുണ്ടായിരുന്നത്.