AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

National Games 2025: നീന്തൽക്കുളത്തിൽ ‘ഗോൾഡ് ഫിഷ്’ ആയി കേരള താരങ്ങൾ; ആകെ സുവർണനേട്ടം അഞ്ച്

National Games 2025 Kerala: ദേശീയ ഗെയിംസിൽ കേരളത്തിന് ഇന്ന് മികച്ച ദിനം. നീന്തലിൽ ആകെ മൂന്ന് സ്വർണമാണ് ഇന്ന് കേരളം നേടിയത്. സജൻ പ്രകാശ് ഒരു സ്വർണം നേടിയപ്പോൾ ഹർഷിത ജയറാം രണ്ട് സ്വർണം സ്വന്തമാക്കി. ഇതോടെ ഗെയിംസിൽ കേരളത്തിൻ്റെ ആകെ സ്വർണമെഡലുകൾ അഞ്ചെണ്ണമായി.

National Games 2025: നീന്തൽക്കുളത്തിൽ ‘ഗോൾഡ് ഫിഷ്’ ആയി കേരള താരങ്ങൾ; ആകെ സുവർണനേട്ടം അഞ്ച്
ഹർഷിത ജയറാം, സജൻ പ്രകാശ്Image Credit source: @KeralaOlympic X
abdul-basith
Abdul Basith | Updated On: 01 Feb 2025 20:44 PM

ദേശീയ ഗെയിംസിൽ കേരളത്തിൻ്റെ ആകെ സ്വർണനേട്ടം അഞ്ചായി. നീന്തൽക്കുളത്തിൽ നിന്ന് സജൻ പ്രകാശും ഹർഷിത ജയറാമുമാണ് ഇന്ന് സ്വർണം നേടിയത്. ദേശീയ ഗെയിംസിൽ ആകെ 9 മെഡലുകളുമായി കേരളം മെഡൽ പട്ടികയിൽ ഏഴാം സ്ഥാനത്താണ്. ഈ ദേശീയ ഗെയിംസിൽ സജൻ പ്രകാശിൻ്റെ മൂന്നാം മെഡൽ ആണിത്.

200 മീറ്റർ ബട്ടർഫ്ലൈ വിഭാഗത്തിലാണ് സജൻ പ്രകാശ് തൻ്റെ മൂന്നാം മെഡൽ സ്വന്തമാക്കിയത്. ഗെയിംസിന്‍റെ ആദ്യ ദിനം നീന്തലിൽ സജൻ ഇരട്ടവെങ്കലം നേടിയിരുന്നു. 200 മീറ്റർ ഫ്രീസ്റ്റൈൽ, 100 മീറ്റർ ബട്ടർഫ്ലൈ എന്നിവയിലാണ് സജൻ പ്രകാശ് നേരത്തെ വെങ്കലമെഡൽ സ്വന്തമാക്കിയത്. 50 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്ക് ഇനത്തിൽ ഹർഷിത സുവർണനേട്ടം കുറിച്ചു. നേരത്തെ, 200 മീറ്ററിലും ഹർഷിത സ്വർണം നേടിയിരുന്നു. ഇതോടെ നീന്തൽക്കുളത്തിൽ നിന്ന് ഹർഷിത ആകെ രണ്ട് സ്വർണം നേടി. ഗെയിംസിൻ്റെ നാലാം ദിവസമായ ഇന്ന് കേരളം ആകെ നേടിയത് മൂന്ന് സ്വർണം.

ചൈനീസ് ആയോധനകലയായ വുഷുവിൽ നിന്നാണ് കേരളം ആദ്യ സ്വർണം നേടിയത്. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ താവോലു വിഭാഗത്തിലാണ് കേരള താരമായ മുഹമ്മദ് ജസീൽ സ്വർണനേട്ടത്തിലെത്തിയത്. നിലവിൽ അഞ്ച് സ്വർണം, ഒരു വെള്ളി, ഒരു വെങ്കലം എന്നിങ്ങനെയാണ് കേരളത്തിൻ്റെ മെഡൽ നില.

Also Read: Ranji Trophy: സഞ്ജു തിരികെയെത്തിയേക്കും; രഞ്ജി ക്വാർട്ടറിൽ കേരളത്തിനെതിരെ മുംബൈയെ വീഴ്ത്തിയ ജമ്മു കശ്മീർ

വനിത വോളിബോളിൽ കേരളം മെഡലുറപ്പിച്ചിട്ടുണ്ട്. സെമിഫൈനലിൽ ഛണ്ഡീഗഡിനെ തോല്പിച്ചാണ് കേരളം കലാശപ്പോരിലെത്തിയത്. എതിരില്ലാത്ത മൂന്ന് സെറ്റുകൾക്കാണ് കേരളം സെമിയിൽ വിജയിച്ചത്. 25–18, 25–11, 25–12 എന്നതാണ് സ്കോർ. വനിതാ ബാസ്കറ്റ് ബോളിലും കേരളം കലാശപ്പോരിലെത്തി. 5×5 വിഭാഗത്തില്‍ കർണാടകയെ തോൽപിച്ചാണ് കേരളത്തിൻ്റെ ഫൈനൽ പ്രവേശം. 63–52 എന്നതാണ് സ്കോർ.

ദേശീയ ഗെയിംസ്
രണ്ട് വർഷം കൂടുമ്പോഴാണ് ദേശീയ ഗെയിംസ് നടക്കാറുള്ളത്. 1924 ലാണ് ആദ്യത്തെ ദേശീയ ഗെയിംസ് നടന്നത്. 1924, 1926, 1928 എന്നീ വർഷങ്ങളിൽ ലാഹോറിലാണ് ദേശീയ ഗെയിംസിൻ്റെ ആദ്യ മൂന്ന് എഡിഷനുകൾ നടന്നത്. 1987 ദേശീയ ഗെയിംസിൽ കേരളം ജേതാക്കളായിരുന്നു. 2015 ദേശീയ ഗെയിംസിൽ കേരളം രണ്ടാം സ്ഥാനത്തും എത്തി. അക്കൊല്ലം കേരളം തന്നെയാണ് ദേശീയ ഗെയിംസിന് ആതിഥേയത്വം വഹിച്ചത്. ഇത്തവണത്തെ ദേശീയ ഗെയിംസ് ഉത്തരാഖണ്ഡിലാണ് നടക്കുന്നത്. ഈ മാസം 14ന് ഗെയിംസ് അവസാനിക്കും.

ഇന്ത്യൻ ഒളിമ്പിക് ഗെയിംസ് എന്നാണ് ആദ്യ വർഷങ്ങളിൽ ദേശീയ ഗെയിംസ് അറിയപ്പെട്ടിരുന്നത്. 1938ൽ കൽക്കത്തയാണ് അവസാനമായി ഇന്ത്യൻ ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിച്ചത്. 1940 മുതൽ ദേശീയ ഒളിമ്പിക് ഗെയിംസിൻ്റെ പേര് ദേശീയ ഗെയിംസ് എന്ന് അറിയപ്പെട്ടുതുടങ്ങി. 1985 മുതൽ ഒളിമ്പിക്സ് മാതൃകയിൽ ദേശീയ ഗെയിംസ് നടത്താൻ തുടങ്ങി. ഇതിന് ശേഷം നാല് തവണ സർവീസസ് ജേതാക്കളായി. മഹാരാഷ്ട്ര മൂന്ന് തവണയും കേരള, മണിപ്പൂർ, പഞ്ചാബ്, ആന്ധ്രാപ്രദേശ്, കർണാടക എന്നീ ടീമുകൾ ഓരോ തവണയും ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.