Neera Chopra: ‘അർഷദ് നദീമുമായി അത്ര ശക്തമായ സൗഹൃദമൊന്നും ഇല്ല’; വെളിപ്പെടുത്തി നീരജ് ചോപ്ര
Neeraj Chopra - Arshad Nadeem: അർഷദ് നദീമുമായി അത്ര ശക്തമായ സൗഹൃദമില്ലെന്ന് നീരജ് ചോപ്രയുടെ വെളിപ്പെടുത്തൽ. തന്നോട് ആദവോടെ സംസാരിക്കുന്നവരോട് താനും അങ്ങനെ തന്നെ സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്താൻ താരം അർഷദ് നദീമുമായി അത്ര ശക്തമായ സൗഹൃദമൊന്നും ഇല്ലെന്ന് ഇന്ത്യയുടെ ജാവലിൻ ത്രോ താരം നീരജ് ചോപ്ര. ദോഹയിൽ നടക്കാനിരിക്കുന്ന ഡയമണ്ട് ലീഗിന് മുന്നോടിയായാണ് നീരജ് ചോപ്രയുടെ വെളിപ്പെടുത്തൽ. ഇരുവരും ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാക്കളാണ്. 2021 ടോക്യോ ഒളിമ്പിക്സിൽ നീരജ് ജേതാക്കളായപ്പോൾ ഇക്കഴിഞ്ഞ പാരിസ് ഒളിമ്പിക്സിൽ വച്ച് അർഷദും സ്വർണ മെഡൽ നേടി.
Also Read: Neeraj Chopra: ഇനി ലഫ്റ്റനൻ്റ് കേണൽ നീരജ് ചോപ്ര; ടെറിട്ടോറിയൽ ആർമിയിൽ ഓണററി പദവി
നിലവിലെ സാഹചര്യം ഇരുവരുടെയും സൗഹൃദത്തെ ബാധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തോടായിരുന്നു നീരജിൻ്റെ പ്രതികരണം. “അർഷദുമായി എനിക്ക് അത്ര ശക്തമായ സൗഹൃദമൊന്നും ഇല്ല. ഞങ്ങൾ സംസാരിക്കാറുണ്ട്. ലോകമെങ്ങുമുള്ള അത്‌ലീറ്റുകളിൽ എനിക്ക് നല്ല സുഹൃത്തുക്കളുണ്ട്. എന്നോട് ആരെങ്കിലും ആദരവോടെ സംസാരിച്ചാൽ ഞാനും അങ്ങനെയേ സംസാരിക്കൂ. ജാവലിൻ ത്രോ താരങ്ങൾ വളരെ ചെറിയ ഒരു കൂട്ടമാണ്. എല്ലാവരും അവരവരുടെ രാജ്യങ്ങൾക്ക് വേണ്ടിയാണ് മത്സരിക്കുന്നത്. എല്ലാവരും നല്ല പ്രകടനം നടത്താനാണ് ആഗ്രഹിക്കുന്നത്. നിലവിലെ സംഘർഷത്തിൻ്റെ അടിസ്ഥാനത്തിൽ പരസ്പര ബഹുമാനം നഷ്ടപ്പെടില്ല. എന്നോട് ആദരവോടെ സംസാരിക്കുന്നവരോട് തിരികെ ഞാനും ആദരവോടെ സംസാരിക്കും.”- നീരജ് പറഞ്ഞു.
നേരത്തെ, നീരജ് ചോപ്ര സംഘടിപ്പിക്കുന്ന രാജ്യാന്തര ജാവലിൻ ടൂർണമെൻ്റായ നീരജ് ചോപ്ര ക്ലാസിക്കിൽ പങ്കെടുക്കാൻ അർഷദ് നദീമിനെ ക്ഷണിച്ചത് വിവാദമായിരുന്നു. നീരജിനെതിരെ സൈബർ അറ്റാക്കും നടന്നു.