പന്തിന് പിറകെ പാഞ്ഞ പയ്യനിൽ നിന്ന് ടെന്നീസിലേക്ക് തിരിഞ്ഞ നദാൽ! കളിമൺ കോർട്ടിലെ രാജാവ്
Rafael Nadal Career: 2005-ലാണ് റഫേൽ നദാലിന്റെ ഫ്രഞ്ച് ഓപ്പൺ ജെെത്രയാത്ര തുടങ്ങുന്നത്. 2022-ൽ അവസാനത്തേത്. പിന്നീടൊരു മേജർ കിരീടത്തിൽ നദാൽ മുത്തമിട്ടിട്ടില്ല.

Image Credits: PTI
റോളണ്ട് ഗാരോസിലെ ചുവന്ന അതെന്നും റഫേൽ നദാലിനെ ഓർക്കും.. ഇടംകയ്യിൽ റാക്കറ്റുമായി അദ്ദേഹം നടത്തിയ പ്രകടനങ്ങൾ ആരാധകരിലും നിറഞ്ഞ് നിൽക്കും. പന്തിന് പിറകെ പാഞ്ഞ പയ്യനിൽ നിന്ന് ടെന്നീസിലേക്ക് തിരിഞ്ഞ നദാൽ.. ഫുട്ബോളിന് പിന്നാലെ പാഞ്ഞ് നടന്ന കുഞ്ഞു റാഫേൽ നദാൽ ലോകം അറിയുന്ന ടെന്നീസ് താരമായി മാറിയതിന് പിന്നിൽ അമ്മാവൻ ടോണി നദാലാണ്. മൂന്നാം വയസിൽ റാഫേലിന്റെ കെെകളിലേക്ക് റാക്കറ്റ് നൽകി. പിന്നെ അമ്മാവന് കീഴിൽ തന്നെ പരിശീലനം. ടോണിയുടെ തോന്നൽ തെറ്റിയില്ല. 8-ാം വയസിൽ അണ്ടർ 12 കിരീടവുമായി റാഫേൽ നാദൽ വീട്ടിലെത്തി. 12-ാം വയസിൽ സ്പാനിഷ് യൂറോപ്യൻ കിരീടങ്ങളുമായെത്തിയ നദാലിനോട് ഫുട്ബോളോ ടെന്നീസോ തിരഞ്ഞെടുക്കാൻ പിതാവ് സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു. ഞാൻ ടെന്നീസ് തിരഞ്ഞെടുത്തു. ഫുട്ബോൾ അന്ന് അവിടെ അവസാനിച്ചുവെന്ന് പിന്നീട് റഫേൽ തന്നെ പറഞ്ഞു.
2001-ൽ കളിമൺ കോർട്ടിലെ പ്രദർശന മത്സരത്തിൽ മുൻ ചാമ്പ്യനായ പാറ്റ്ക്യാഷിനെ തോൽപ്പിച്ചു. അതൊരു തുടക്കമായിരുന്നു. 15-ാം വയസിലാണ് പ്രൊഫഷണൽ ടെന്നീസ് പ്ലേയറായി നദാൽ റാക്കറ്റ് കയ്യിലെടുക്കുന്നത്. 2002-ൽ വിംബിൾഡൺ സെമിയിലെത്തി. അതിവേഗമായിരുന്നു ആ വളർച്ച. വെറും 18 വയസും 6 മാസവും പ്രായമുള്ളപ്പോൾ അന്നത്തെ രണ്ടാം നമ്പർ താരമായിരുന്ന ആന്റി റോഡിക്കിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചു. ചരിത്ര നിമിഷമെന്ന് ടെന്നീസ് ആരാധകർ പറഞ്ഞു. റോജർ ഫെഡറർക്ക് ഒത്ത എതിരാളിയായി പിന്നീട് മാറി. വിജയിക്കുമ്പോഴും പരാജയപ്പെടുമ്പോഴും അദ്ദേഹം ശാന്തനായി തുടർന്നു. കഠിന പ്രയത്നത്തിലൂടെയാണ് ആ ശാന്തത ശീലിച്ചതെന്ന് തുറന്നു പറഞ്ഞു. തുടർച്ചയായ 81 വിജയങ്ങളാണ് കളിമൺ കോർട്ടറിൽ റാഫേൽ നദാൽ സ്വന്തമാക്കിയത്. ആ വിജയങ്ങളെ തടുത്ത് നിർത്തിയത് ജർമ്മനിയിൽ നടന്ന എടിപി മാസ്റ്റേഴ്സിൽ റോജർ ഫെഡററും. മൂന്നാം കിരീടം തേടിയെത്തിയ നദാൽ 4 മണിക്കൂറോളം നീണ്ട പോരാട്ടത്തിനൊടുവിൽ തോൽവി സമ്മതിച്ചു.
2008-ലെ വിംബിൾഡൺ ഫെെനൽ. കോർട്ടിൽ റഫേൽ നദാലും റോജർ ഫെഡററും. നാല് മണിക്കൂറും 48 മിനിറ്റും നീണ്ടുനിന്ന മത്സരത്തിന് ഒടുവിൽ ജോൺ ഓർഗിന് (Bjorn Borg ) ശേഷം ഫ്രഞ്ച് ഓപ്പണും വിംബിൾഡണും ഒരോ സമയം നേടുന്നതാരമായി മാറി. 2009-ലെ തിരിച്ചടികൾക്ക് ശേഷം 2010-ൽ പൂർവ്വാധികം ശക്തിയോടെ റഫേൽ നദാൽ കളിക്കളത്തിലേക്ക് തിരിച്ചെത്തി. 2011-ൽ തുടർച്ചയായ മൂന്ന് തവണ ജ്യോക്കോവിച്ചിനോട് പരാജയപ്പെട്ടു. 2014-ൽ പരിക്കിന്റെ പിടിയിൽ. തൊട്ടടുത്ത വർഷവും ഫോം കണ്ടെത്താനായില്ല. ഒരു ഗ്രാൻഡ്സ്ലാം പോലുമില്ലാതെ 10 വർഷം നീണ്ട യാത്രയ്ക്ക് അന്ന് ബ്രേക്ക് വന്നു. ആ കുറവ് പരിഹരിക്കാൻ 2017-വരെ കാത്തിരിക്കേണ്ടി വന്നു. ഫ്രഞ്ച് ഓപ്പണിന് പിന്നാലെ യുഎസ് ഓപ്പണും സ്വന്തമാക്കി.
2018-ൽ പരിക്ക് വീണ്ടും വില്ലനായി. ക്വാർട്ടർ ഫെെനലിൽ വച്ച് പിൻമാറ്റം. 2019-ലെ ഓസ്ട്രേലിയൻ ഓപ്പണിലെ പരാജയത്തിന് ശേഷം 2020-ൽ 13-ാം ഫ്രഞ്ച് ഓപ്പൺ കിരീടം നേടി റോജർ ഫെഡററിന് ഒപ്പം സ്ഥാനം പിടിച്ചു. 2022-ൽ തന്റെ 36-ാം വയസിലാണ് നദാൽ അവസാനമായി ഫ്രഞ്ച് ഓപ്പണിൽ മുത്തമിട്ടത്. 2005-ലാണ് ഫ്രഞ്ച് ഓപ്പൺ ജെെത്രയാത്ര തുടങ്ങുന്നത്. 2022-ൽ അവസാനത്തേത്. പിന്നീടൊരു മേജർ കിരീടത്തിൽ നദാൽ മുത്തമിട്ടിട്ടില്ല. പാരിസ് ഒളിമ്പിക്സിലും മെഡലില്ലാതെ മടങ്ങി. ഒടുവിൽ പ്രായവും പരിക്കും തന്നെ പിടികൂടിയമ്പോൾ കളിമൺ കോർട്ടിലെ രാജാവ് റാക്കറ്റ് താഴെ വച്ചു. 22 തവണ ഗ്രാന്റ്സ്ലാമില്‍ മുത്തമിട്ട നദാല്‍ 38ാം വയസിലാണ് കോർട്ടിനോട് വിടപറയുന്നത്. ഇനിയൊരു നദാൽ ഉണ്ടാകുമോ ..?