5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Ranji Trophy 2024 : രഞ്ജി ട്രോഫിയിൽ കേരളത്തിന് ഇന്ന് ആദ്യ അങ്കം; എതിരാളികൾ സൂപ്പർ സ്റ്റാറുകൾ അണിനിരക്കുന്ന പഞ്ചാബ്

Punjab Lose Two Wickets Against Kerala : രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ പഞ്ചാബിന് മോശം തുടക്കം. 15 റൺസെടുക്കുന്നതിനിടെ പഞ്ചാബിന് രണ്ട് വിക്കറ്റ് നഷ്ടമായി. രണ്ട് വിക്കറ്റും അതിഥി താരമാണ് സ്വന്തമാക്കിയത്.

Ranji Trophy 2024 : രഞ്ജി ട്രോഫിയിൽ കേരളത്തിന് ഇന്ന് ആദ്യ അങ്കം; എതിരാളികൾ സൂപ്പർ സ്റ്റാറുകൾ അണിനിരക്കുന്ന പഞ്ചാബ്
കേരള രഞ്ജി ടീം (Image Credits - KCA)
abdul-basith
Abdul Basith | Published: 11 Oct 2024 10:08 AM

രഞ്ജി ട്രോഫിയിൽ കേരളത്തിന് ഇന്ന് ആദ്യ മത്സരം. എലീറ്റ് ഗ്രൂപ്പ് സിയിൽ പഞ്ചാബിനെതിരെയാണ് കേരളം ഇന്ന് കളത്തിലിറങ്ങുക. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് രണ്ട് വിക്കറ്റ് നഷ്ടമായി. വിദർഭയ്ക്ക് വേണ്ടി കളിച്ചിരുന്ന ആദിത്യ സർവതെയും തമിഴ്നാട് താരം ബാബ അപരാജിതും കേരളത്തിനായി കളിക്കുന്നുണ്ട്. ഇന്ത്യൻ ടീമിനൊപ്പമായതിനാൽ സഞ്ജു സാംസൺ ഈ മത്സരത്തിൽ കളിക്കില്ല.

അഭയ് ചൗധരിയെ ആദ്യ ഓവറിൽ തന്നെ പുറത്താക്കി ആദിത്യ സർവതെ കേരളത്തിന് മികച്ച തുടക്കം നൽകി. പിന്നാലെ നമൻ ധിറിനെയും (10) പുറത്താക്കിയ താരം കേരള അരങ്ങേറ്റം അവിസ്മരണീയമാക്കി. 2 വിക്കറ്റ് നഷ്ടത്തിൽ 18 റൺസെന്ന നിലയിലാണ് നിലവിൽ പഞ്ചാബ്. അന്മോൾപ്രീത് സിംഗും (7) ക്യാപ്റ്റൻ പ്രഭ്സിമ്രാൻ സിംഗുമാണ് (0) ക്രീസിൽ.

സച്ചിൻ ബേബിയാണ് കേരള ടീമിനെ നയിക്കുക. രോഹൻ കുന്നുമ്മലിനൊപ്പം ബാബ അപരാജിത് ഇന്നിംഗ്സ് ഓപ്പൺ ചെയ്യും. കൃഷ്ണപ്രസാദിന് ഓപ്പണിങ് സ്ഥാനം നഷ്ടമായി. മുഹമ്മദ് അസ്ഹറുദ്ദീനാണ് വിക്കറ്റ് കീപ്പർ. വിഷ്ണു വിനോദ്, സൽമാൻ നിസാർ, വത്സൽ ഗോവിന്ദ് എന്നിവരാണ് ബാറ്റിംഗ് ഓപ്ഷനുകൾ. ജലജ് സക്സേന, അക്ഷയ് ചന്ദ്രൻ എന്നിവർ ഓൾറൗണ്ടർമാരും ആദിത്യ സർവതെ, ബേസിൽ തമ്പി എന്നിവർ ബൗളർമാരുമാണ്.

Also Read : Sanju Samson : ആഹാ… സഞ്ജുവിന് ഇതും വശമുണ്ടോ? മത്സരത്തിനിടെ റിയാൻ പരാഗിന് നിർദേശം നൽകിയത് ബംഗാളി ഭാഷയിൽ

കഴിഞ്ഞ രഞ്ജി സീസണിൽ സച്ചിൻ ബേബിയായിരുന്നു കേരളത്തിൻ്റെ ഹീറോ. 7 മത്സരങ്ങളിൽ നിന്ന് നാല് വീതം സെഞ്ചുറിയും ഫിഫ്റ്റിയും നേടിയ സച്ചിൻ 830 റൺസുമായി വിക്കറ്റ് വേട്ടക്കാരിൽ മൂന്നാമതായിരുന്നു. എലീറ്റ് ഗ്രൂപ്പ് ബിയിൽ മുംബൈ, ആന്ധ്രാ പ്രദേശ്, ബെംഗാൾ, ഉത്തർ പ്രദേശ് തുടങ്ങിയ ടീമുകൾക്കെതിരെ മത്സരിച്ച് കേരളത്തിന് അടുത്ത ഘട്ടത്തിലേക്ക് കടക്കാനായില്ല. 7 മത്സരങ്ങളിൽ ഒരെണ്ണം മാത്രം ജയിച്ച കേരളം പട്ടികയിൽ നാലാമതായിരുന്നു.

ഇത്തവണ കേരളം എലീറ്റ് ഗ്രൂപ്പ് സിയിലാണ്. മധ്യപ്രദേശ്, കർണാടക, ബെംഗാൾ, ഉത്തർ പ്രദേശ് തുടങ്ങി ശക്തരായ ടീമുകൾക്കെതിരെയാണ് കേരളം ഇത്തവണയും മത്സരിക്കുക. കർണാടകയ്ക്കെതിരെ ഈ മാസം 18ന് ആരംഭിക്കുന്ന അടുത്ത മത്സരം മുതൽ സഞ്ജു സാംസൺ ടീമിനൊപ്പമുണ്ടാവുമെന്നാണ് കരുതപ്പെടുന്നത്.

പഞ്ചാബ് ടീമിൽ പ്രഭ്സിമ്രാൻ സിംഗ് ആണ് ക്യാപ്റ്റൻ. അന്മോൾപ്രീത് സിംഗ്, നമൻ ധിർ, നേഹൽ വധേര, രമൺദീപ് സിംഗ്, മായങ്ക് മാർക്കണ്ഡെ, സിദ്ധാർത്ഥ് കൗൾ തുടങ്ങി ഇന്ത്യൻ ടീമിൽ കളിച്ച, വിവിധ ഐപിഎൽ ടീമുകളിൽ സജീവമായ താരങ്ങളുണ്ട്. കഴിഞ്ഞ സീസണിൽ പഞ്ചാബിനും ഗ്രൂപ്പ് ഘട്ടം കടക്കാനായില്ല. എലീറ്റ് ഗ്രൂപ്പ് സിയിൽ ആറാം സ്ഥാനത്താണ് പഞ്ചാബ് ഫിനിഷ് ചെയ്തത്. പഞ്ചാബിനെ കീഴടക്കുകയോ സമനില പിടിക്കുകയോ ചെയ്താൽ കേരളത്തിന് അത് വലിയ നേട്ടമാവും.