Virat Kohli : ആദ്യം കോഹ്ലിയെ കോമാളിയെന്ന് വിളിച്ചു, ഇപ്പോള്‍ അതിരുകടന്ന പദപ്രയോഗങ്ങള്‍; അധപതിച്ച് ഓസീസ് മാധ്യമങ്ങള്‍
Australian tabloid against Virat Kohli : ഓസ്‌ട്രേലിയന്‍ ടാബ്ലോയ്ഡായ 'സണ്‍ഡേ ടൈംസ്' അതിരുകടന്ന പദപ്രയോഗങ്ങളിലേക്ക് കടന്നിരിക്കുകയാണ്. സാം കോണ്‍സ്റ്റസിന്റെ ചിത്രത്തിന് താഴെ 'വിരാട്, ഞാനാണ് നിന്റെ പിതാവ്' എന്നാണ് ടാബ്ലോയ്ഡ് കുറിച്ചത്. ടാബ്ലോയ്ഡിന്റെ അതിരുകടന്ന പദപ്രയോഗങ്ങള്‍ക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ അതിരുവിട്ടെന്നും, അധപതിച്ചെന്നുമാണ് വിമര്‍ശനം
ഇതിലും കൂടുതല്‍ മാധ്യമങ്ങള്‍ക്ക് എങ്ങനെ അധപതിക്കാനാകും ? ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളുടെ സമീപകാല പ്രവൃത്തി കണ്ടാല്‍ ഈ ചോദ്യം ആരും ചോദിച്ചുപോകും. മെല്‍ബണില്‍ പുരോഗമിക്കുന്ന ബോക്‌സിംഗ് ഡേ ടെസ്റ്റിനിടെ ഇന്ത്യന്‍ താരം വിരാട് കോഹ്ലിയും, ഓസീസ് താരം സാം കോണ്‍സ്റ്റാസും തമ്മില്‍ നടന്ന വാക്ക് തര്‍ക്കം ചര്‍ച്ചയായിരുന്നു. മത്സരത്തിനിടെ ഇരുവരും നടന്നുപോകുന്നതിനിടെ തോളുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇത് വാക്കുതര്‍ക്കത്തിന് തുടക്കമിട്ടെങ്കിലും അമ്പയര്‍ ഇടപെട്ട് രംഗം ശാന്തമാക്കി. പിന്നീട് കോഹ്ലിക്ക് മാച്ച് ഫീസിന്റെ 20 ശതമാനം പിഴയും ചുമത്തി. ഒരു ഡീമെറിറ്റ് പോയിന്റും താരത്തിന് ലഭിച്ചു. ഈ സംഭവത്തിന് പിന്നാലെ ഓസീസ് മാധ്യമങ്ങള്‍ പരിധി വിട്ടത്. ആദ്യം കോഹ്ലിയെ കോമാളി എന്ന് വിളിച്ചാണ് ഓസീസ് മാധ്യമങ്ങള്‍ ആക്ഷേപിച്ചത്. ‘ക്ലൗണ്‍ കോഹ്ലി’ എന്ന തലക്കെട്ടിലൂടെയായിരുന്നു ആക്ഷേപം. ഒരു മാസം മുമ്പ് കോഹ്ലിയെ കിംഗ് എന്ന് വിശേഷിപ്പിച്ച അതേ ടാബ്ലോയ്ഡാണ് ഇത്തവണ അദ്ദേഹത്തെ കോമാളിയെന്ന് വിളിച്ചത്.
ഇപ്പോഴിതാ, ഓസ്‌ട്രേലിയന്‍ ടാബ്ലോയ്ഡായ ‘സണ്‍ഡേ ടൈംസ്’ അതിരുകടന്ന പദപ്രയോഗങ്ങളിലേക്ക് കടന്നിരിക്കുകയാണ്. സാം കോണ്‍സ്റ്റസിന്റെ ചിത്രത്തിന് താഴെ ‘വിരാട്, ഞാനാണ് നിന്റെ പിതാവ്’ എന്നാണ് ടാബ്ലോയ്ഡ് കുറിച്ചത്. ടാബ്ലോയ്ഡിന്റെ അതിരുകടന്ന പദപ്രയോഗങ്ങള്‍ക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ അതിരുവിട്ടെന്നും, അധപതിച്ചെന്നുമാണ് വിമര്‍ശനം. ഒരു മാധ്യമത്തിന് എങ്ങനെയാണ് ഇത്തരം വാക്കുകള്‍ ഉപയോഗിക്കാനാകുന്നതെന്നാണ് പലരുടെയും ചോദ്യം.
ഇന്ത്യ 369ന് പുറത്ത്
അതേസമയം, മെല്‍ബണ്‍ ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 369ന് പുറത്തായി. നാലാം ദിനം മത്സരം ആരംഭിച്ചയുടന്‍ ഇന്ത്യയ്ക്ക് പത്താം വിക്കറ്റ് നഷ്ടമായി. ഒമ്പത് വിക്കറ്റ് നഷ്ടത്തിലായിരുന്നു ഇന്ത്യ നാലാം ദിനം ബാറ്റിംഗ് ആരംഭിച്ചത്. ടെസ്റ്റില്‍ കന്നി സെഞ്ചുറി നേടിയ നിതീഷ് കുമാര്‍ റെഡ്ഡിയുടെ വിക്കറ്റാണ് ഇന്ന് നഷ്ടമായത്. 189 പന്ത് നേരിട്ട നിതീഷ് 114 റണ്‍സെടുത്താണ് പുറത്തായത്. യശ്വസി ജയ്‌സ്വാള്‍ (118 പന്തില്‍ 82), വാഷിംഗ്ടണ്‍ സുന്ദര്‍ (162 പന്തില്‍ 50) എന്നിവരും പൊരുതി. ഓസ്‌ട്രേലിയക്ക് വേണ്ടി പാറ്റ് കമ്മിന്‍സും, സ്‌കോട്ട് ബോളണ്ടും, നഥാന്‍ ലിയോണും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഓസീസിനും തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായി. ആദ്യ ഇന്നിംഗ്‌സില്‍ തിളങ്ങിയ 19കാരന്‍ സാം കോണ്‍സ്റ്റസ് 18 പന്തില്‍ എട്ട് പന്ത് റണ്‍സെടുത്ത് പുറത്തായി. കോണ്‍സ്റ്റസിനെ ജസ്പ്രീത് ബുംറ ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു. 65 പന്തില്‍ 21 റണ്‍സെടുത്ത ഉസ്മാന്‍ ഖവാജയും പുറത്തായി. മുഹമ്മദ് സിറാജാണ് ഖവാജയുടെ കുറ്റി പിഴുതത്. മത്സരം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സ് എന്ന നിലയിലാണ് ആതിഥേയര്‍. 46 പന്തില്‍ 20 റണ്‍സുമായി മാര്‍നസ് ലബുഷെയ്‌നും, 21 പന്തില്‍ രണ്ട് റണ്‍സുമായി സ്റ്റീവ് സ്മിത്തുമാണ് ക്രീസില്‍. നിലവില്‍ ഓസ്‌ട്രേലിയക്ക് 158 റണ്‍സിന്റെ ലീഡുണ്ട്.