Apple Layoffs: നിരവധി ജീവനക്കാരെ പിരിച്ചുവിട്ട് ആപ്പിൾ; ഉപഭോക്താക്കളുമായി കൂടുതൽ ബന്ധമുണ്ടാക്കാനെന്ന് വിശദീകരണം
Layoffs In Apple: ഡസൻ കണക്കിന് ആപ്പിൾ ജീവനക്കാർക്ക് ജോലി നഷ്ടം. ഗ്ലോബൽ സെയിൽസ് ഡിവിഷനിൽ നിന്ന് നിരവധി പേരെയാണ് ആപ്പിൾ പിരിച്ചുവിട്ടത്.

ആപ്പിൾ
ഡസൻ കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ട് ആപ്പിൾ. ഗ്ലോബൽ സെയിൽസ് ഡിവിഷനിൽ നിന്നാണ് ജീവനക്കാരെ പിരിച്ചുവിട്ടത്. ഉപഭോക്താക്കളുമായി കൂടുതൽ ബന്ധമുണ്ടാക്കാനാണ് ഇതെന്ന് കമ്പനി വിശദീകരിക്കുന്നു. ജീവനക്കാരെ ഒരുമിച്ച് പിരിച്ചുവിടാത്ത കമ്പനിയാണ് ആപ്പിൾ. എങ്കിലും ഇപ്പോൾ ഇങ്ങനെ ഒരു നീക്കം നടത്തുന്നത് ജീവനക്കാർക്കിടയിൽ ആശങ്കയുണ്ടാക്കുന്നുണ്ട്.
അക്കൗണ്ട് മാനേജർമാർ ഉൾപ്പെടെയുള്ളവർക്ക് ജോലി നഷ്ടമായിട്ടുണ്ട്. പ്രധാനപ്പെട്ട കോർപ്പറേറ്റുകൾ, സർക്കാർ ഏജൻസികൾ, സ്കൂളുകൾ, കോളജുകൾ തുടങ്ങിയ സ്ഥാപനങ്ങളുമായി ബന്ധപ്പെടുന്നതാണ് അക്കൗണ്ട് മാനേജർമാരുടെ ജോലി. ആപ്പിൾ പ്രൈവറ്റ് ബ്രീഫിങ് സെൻ്ററിലെ ജീവനക്കാർക്കും ജോലി നഷ്ടമായി. എത്ര പേരെയാണ് പുറത്താക്കുന്നതെന്ന വ്യക്തതയില്ലെങ്കിലും നിരവധി പേർക്ക് ജോലി നഷ്ടമായിട്ടുണ്ട്.
Also Read: Whatsapp: വാട്സപ്പ് അംഗങ്ങൾക്ക് ഇനി ടാഗുകൾ; തിരക്കില്ലാത്തവരെ കണ്ടെത്താൻ പുതിയ ഫീച്ചറെത്തുന്നു
ഓസ്ട്രേലിയ, ന്യൂസീലൻഡ് എന്നിവിടങ്ങളിലാണ് ഇപ്പോൾ തൊഴിൽനഷ്ടമുണ്ടായിരിക്കുന്നത്. 20 ജോലികൾ നീക്കം ചെയ്തിട്ടുണ്ട്. പതിറ്റാണ്ടുകളായി ആപ്പിളിനൊപ്പമുള്ള ജീവനക്കാർക്ക് ഉൾപ്പെടെ ജോലി നഷ്ടമായി.
“കൂടുതൽ ഉപഭോക്താക്കളുമായി ബന്ധമുണ്ടാക്കാൻ നമ്മുടെ സെയിൽസ് ടീമിൽ ചില മാറ്റങ്ങൾ വരുത്തുകയാണ്. ഇത് ചുരുക്കം ചിലരെ ബാധിക്കും. ഞങ്ങൾ പുതിയ ആളുകളെ ജോലിക്ക് എടുക്കുന്നുണ്ട്. അവർക്ക് പുതിയ റോളുകളിൽ ജോലി ചെയ്യം.”- ജീവനക്കാർക്ക് ആപ്പിൾ ഇങ്ങനെ സന്ദേശമയച്ചു എന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ, തേർഡ് പാർട്ടി റീസെല്ലർമാരെ ഉപയോഗിച്ച് ബിസിനസ് നടത്താനാണ് ഈ നീക്കമെന്ന് സൂചനകളുണ്ട്. ഇത് വഴി കുറഞ്ഞ ശമ്പളത്തിൽ ജീവനക്കാരെ നിയമിക്കാം. നിലവിലുള്ള അതേ ഉപഭോക്താക്കളിലേക്ക് ഇത്തരത്തിൽ എത്താൻ സാധിക്കുമെന്നും കമ്പനി കണക്കുകൂട്ടുന്നുണ്ടെന്നാണ് വിവരം.