iPhone 17: ഐഫോൺ 17ലെ സ്ക്രീൻ സൈസ് വർധിക്കുമെന്ന് സൂചന; റീഫ്രഷ് റേറ്റ് മെച്ചപ്പെടുത്തിയേക്കും
Apple iPhone 17 Series Features: ഇനി പുറത്തിറങ്ങാനിരിക്കുന്ന ഐഫോൺ 17 പരമ്പരയിലെ ഫോണുകളിൽ സ്ക്രീൻ വലിപ്പം വർധിക്കുമെന്ന് സൂചന. ഇതിനൊപ്പം റീഫ്രഷ് റേറ്റും മെച്ചപ്പെടുത്തിയേക്കും.

ഐഫോൺ 17 സീരീസിൽ ഫോണുകളുടെ സ്ക്രീൻ സൈസ് വർധിക്കുമെന്ന് സൂചന. ഐഫോൺ 17, ഐഫോൺ 17 എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് എന്നീ നാല് മോഡലുകളാണ് ഈ സീരീസിൽ പുറത്തിറങ്ങുക. ഈ സീരീസിനെപ്പറ്റിയുള്ള ചില വിവരങ്ങൾ പുറത്തുവരുന്നുണ്ട്. ഇതിൽ പ്രധാനപ്പെട്ട ഒരു വിവരം ഐഫോൺ 17ൻ്റെ സ്ക്രീൻ സൈസുമായി ബന്ധപ്പെട്ടതാണ്.
ഐഫോൺ 17 സീരീസ് ഫോണുകളുടെ സ്ക്രീൻ വലിപ്പം വർധിക്കുമെന്നാണ് സൂചന. ഐഫോൺ 16നെ അപേക്ഷിച്ച് സ്ക്രീൻ റീഫ്രഷ് റേറ്റ് വർധിക്കുമെന്നും സൂചനയുണ്ട്. ഏറെക്കാലമായി ഐഫോൺ റീഫ്രഷ് റേറ്റ് വർധിപ്പിക്കണമെന്ന് ആവശ്യമുയരുന്നുണ്ട്. ഇത് ഒടുവിൽ ആപ്പിൾ കേട്ടെന്നാണ് വിവരം.
ഐഫോൺ 16നെ അപേക്ഷിച്ച് ഐഫോൺ 17ൻ്റെ സ്ക്രീൻ സൈസ് വർധിക്കുമെന്ന് അനലിസ്റ്റ് റോസ് യങ് തൻ്റെ എക്സ് അക്കൗണ്ടിലൂടെ അറിയിച്ചു. ഐഫോൺ 17 സീരീസിലെ ഫോണുകൾക്ക് 6.27 ഇഞ്ചിൻ്റെ ഡിസ്പ്ലേ ആവും ഉണ്ടാവുക. ഐഫോൺ 16ൻ്റെ സ്ക്രീൻ സൈസ് 6.1 ഇഞ്ച് ആണ്. ഈ വർഷാവസാനത്തോടെ ഐഫോൺ 17 സീരീസ് മോഡൽ അവതരിപ്പിച്ചേക്കുമെന്നാണ് വിവരം.
120 ഹേർട്സ് റീഫ്രഷ് റേറ്റാവും പുതിയ സീരീസിൽ ഉണ്ടാവുക. കഴിഞ്ഞ വർഷങ്ങളിൽ പ്രോ മോഡലുകൾക്ക് 120 ഹേർട്സ് പ്രോമോഷൻ റീഫ്രഷ് റേറ്റ് നൽകിയിരുന്നു. എന്നാൽ, ഐഫോൺ 17 സീരീസ് ബേസ് മോഡലിൽ തന്നെ 120 റീഫ്രഷ് റേറ്റ് ഉണ്ടാവുമെന്നാണ് സൂചനകൾ. ഐഫോൻ 16, ഐഫോൺ 16 പ്ലസ് മോഡലുകളുടെ റീഫ്രഷ് റേറ്റ് 60 ഹേർട്സ് ആയിരുന്നു. ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ് മോഡലുകളുടെ റീഫ്രഷ് റേറ്റ് 120 ഹേർട്സാണ്.