Tata Harrier EV: ശരിക്കും ടാറ്റ ഹാരിയർ ആനപ്പാറ കയറിയോ?; വൈറൽ പരസ്യത്തിലെ ഡ്രൈവറായ മലയാളി പറയുന്നു
Did Tata Harrier EV Actually Climb Elephant Rock?: ടാറ്റ ഹാരിയർ ഇവി ആനപ്പാറ കയറുന്ന പരസ്യം എത്രത്തോളം സത്യമാണെന്നതാണ് ഇപ്പോഴത്തെ ചോദ്യം. ആ ചോദ്യത്തിനുള്ള മറുപടി പരസ്യത്തിലെ ഡ്രൈവർ തന്നെ പറയുന്നു.

ടാറ്റ ഹാരിയർ ഇവിയുടെ പരസ്യം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സമുദ്രനിരപ്പിൽ നിന്ന് ഏതാണ്ട് 4000 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന, വാഗമണിലെ ആനപ്പാറ പുഷ്പം പോലെ കയറുന്ന ഹാരിയറിൻ്റെ പരസ്യം രാജ്യാന്തര മാധ്യമങ്ങൾ പോലും ഏറ്റെടുത്തുകഴിഞ്ഞു. ഏറെ ദുർഘടമായ അപകടം പിടിച്ച ഈ വമ്പൻ പാറക്കൂട്ടങ്ങളിലേക്ക് ടാറ്റ ഹാരിയർ ഇവി ശരിക്കും കയറിയോ എന്ന സംശയവും ഉയരുന്നുണ്ട്. പരസ്യത്തിന് വേണ്ടിയുള്ള വിഎഫ്എക്സ് ആണോ ഇത് എന്നാണ് സംശയം. ഈ സംശയത്തിന് ഇപ്പോൾ പരസ്യത്തിലെ ഡ്രൈവറായ മലയാളി തന്നെ മറുപടി പറയുകയാണ്.
പ്രൊഫഷണൽ ഓഫ് റോഡ് ഡ്രൈവറായ ഡോക്ടർ ഫഹദ് വിപിയാണ് പരസ്യത്തിൽ വാഹനം ഓടിക്കുന്നത്. അദ്ദേഹം പറയുന്നത് പരസ്യത്തിൽ ഒരു ശതമാനം പോലും കള്ളത്തരമോ വിഎഫ്എക്സോ ഇല്ലെന്നാണ്. ഇതിന് സാധ്യമായത് ഇലക്ട്രിക് വാഹനത്തിൻ്റെ ഇൻസ്റ്റൻ്റ് ടോർക്ക് ആണ്. മറ്റ് വാഹനങ്ങൾക്ക് കുറച്ച് റണ്ണപ്പുണ്ടെങ്കിലേ ഓടിച്ച് കയറാനാവൂ. എന്നാൽ, ഇവിയ്ക്ക് ഇത് ആവശ്യമില്ലെന്ന് ഫഹദ് ക്ലബ് എഫ്എമിൻ്റെ ഓൾതിങ്സ് ഓട്ടോ എന്ന യൂട്യൂബ് ചാനലിനോട് പ്രതികരിച്ചു.
വൈറൽ പരസ്യം കാണാം
വിഎഫ്എക്സോ ഗ്രാഫിക്സോ ഒന്നും ഇതിൽ ഇല്ല എന്ന് അദ്ദേഹം പറഞ്ഞു. ആദ്യത്തെ രണ്ട് ക്ലൈമ്പും അത്ര അപകടം പിടിച്ചതല്ല. മൂന്നാമത്തേത് കുറച്ച് പ്രശ്നമായിരുന്നു. അവിടെനിന്ന് താഴെപ്പോയാൽ ആള് മരിക്കും. 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് കവർ ഉണ്ടായിരുന്നു. കൂടുതൽ കയറ്റവും 40 ഡിഗ്രിയ്ക്ക് താഴെയാണ്. ഒരെണ്ണം 38 ഡിഗ്രി ഉണ്ടായിരുന്നു. അതായിരുന്നു ഏറ്റവും കുത്തനെയുള്ള കയറ്റം. ഇൻസ്റ്റൻ്റ് ടോർക്ക് കാരണമാണ് ഇങ്ങനെ ഒരു സാഹസത്തിന് തയ്യാറെടുത്തത്. ഇത്തരം ഓഫ്റോഡുകളിൽ ഉപയോഗിക്കാവുന്ന റോക്ക് റോൾ മോഡ് വാഹനത്തിലുണ്ട്. ആദ്യത്തെ ട്രയലിൽ തിരികെ ഇറങ്ങിയത് റിവേഴ്സ് എടുത്താണ്. അത് അബദ്ധം പറ്റി. ഇടയ്ക്ക് ഒരു സ്ഥലത്ത് വണ്ടി മൂന്ന് മീറ്ററോളം തെന്നി. പക്ഷേ, ഉടൻ വണ്ടി നിന്നു. നേരെ ഇറങ്ങിയാൽ മതിയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.