Apple iPhone: 200 മെഗാപിക്സൽ ക്യാമറയുമായി ഐഫോൺ; ടെസ്റ്റിങ് പുരോഗമിക്കുന്നതായി റിപ്പോർട്ട്
iPhone Testing 200 Megapixel Camera: ആപ്പിൾ ഐഫോൺ 200 മെഗാപിക്സൽ ക്യാമറയുടെ ടെസ്റ്റിങ് നടത്തുന്നതായി റിപ്പോർട്ട്. എപ്പോഴാണ് ഈ മോഡൽ പുറത്തുവരിക എന്നറിയില്ല.
200 മെഗാപിക്സൽ ക്യാമറയുമായി ഐഫോൺ എത്തുന്നു. ഭാവിയിലെ മോഡലുകളിൽ ഉപയോഗിക്കാനായുള്ള ടെസ്റ്റിങ് പുരോഗമിക്കുന്നതായാണ് റിപ്പോർട്ട്. ഏത് മോഡലിനുള്ള ടെസ്റ്റിങ് ആണ് നടക്കുന്നതെന്നോ എപ്പോഴാണ് ഈ മോഡൽ പുറത്തുവരിക എന്നോ വ്യക്തമല്ല.
ഭാവിയിലെ ഹയർ എൻഡ്, പ്രോ മോഡലുകളിലാവും ഈ 200 മെഗാപിക്സൽ ക്യാമറ ഉപയോഗിക്കുക എന്നാണ് വിവരം. ഐഫോൺ 17, ഐഫോൺ 18 സീരീസുകളെപ്പറ്റിയുള്ള വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഈ രണ്ട് സീരീസുകളിലും 200 മെഗാപിക്സൽ ക്യാമറ ഉപയോഗിക്കില്ല. ചൈനീസ് സമൂഹമാധ്യമമായ വീബോയിലാണ് ഇത് സംബന്ധിച്ച പോസ്റ്റ് പുറത്തുവന്നത്. മറ്റ് വിവരങ്ങളൊന്നും ലഭ്യമല്ല.
ഐഫോൺ 17 പ്രോ മോഡലിൽ 48 മെഗാപിക്സൽ ക്യാമറയാണ് ഉണ്ടാവുക എന്നാണ് റിപ്പോർട്ടുകൾ. ഇതാവും പ്രധാന ക്യാമറ സെൻസർ. ഇതിനൊപ്പം 48 മെഗാപിക്സലിൻ്റെ ഒരു ടെലിഫോട്ടോ ക്യാമറയും ഉണ്ടാവും. ഇതേ സീരീസിലെ പ്രോ മാക്സ് മോഡലിലും 200 മെഗാപിക്സൽ ക്യാമറ ഉണ്ടാവാനിടയില്ല. 48 മെഗാപിക്സലിൽ നിന്ന് 200 മെഗാപിക്സൽ ആവാൻ തീരെ സാധ്യതയില്ല. ഐഫോൺ 18 സീരീസിലും ഇതുപയോഗിച്ചേക്കില്ല. ഈ സീരീസിലും 48 മെഗാപിക്സലിൽ നിന്ന് ഒറ്റയടിക്ക് 200 മെഗാപിക്സൽ ക്യാമറ ഉണ്ടാവാനുള്ള സാധ്യത വളരെ വിരളമാണ്.
നിലവിൽ വിപണിയിലുള്ള ഐഫോൺ 16 പ്രോ മാക്സ്, ഐഫോൺ 16 പ്രോ എന്നീ മോഡലുകളിലുള്ള ട്രിപ്പിൾ റിയർ ക്യാമറയാണ്. ഈ മോഡലുകളിലും ഉപയോഗിച്ചിരിക്കുന്നത് 48 മെഗാപിക്സലിൻ്റെ പ്രധാന ക്യാമറയാണ്. ഇതിനൊപ്പം 48 മെഗാപിക്സലിൻ്റെ അൾട്ര വൈഡ് സെൻസറും 12 മെഗാപിക്സലിൻ്റെ ടെലിഫോട്ടോ ക്യാമറയും ഈ മോഡലുകളിലുണ്ട്. ഐഫോൺ 16ൽ നിന്ന് ഐഫോൺ 17ലെത്തുമ്പോഴും ക്യാമറയുടെ മെഗാപിക്സൽ മാറിയിട്ടില്ല. അതിനാൽ ഉടൻ പുറത്തിറങ്ങാനിരിക്കുന്ന മോഡലുകളിൽ 200 മെഗാപിക്സൽ ക്യാമറ ഉപയോഗിക്കില്ലെന്നുറപ്പാണ്. ഭാവിയിലെ മറ്റ് മോഡലുകളിൽ 200 മെഗാപിക്സൽ ക്യാമറ ഉപയോഗിക്കുമെന്നാണ് വിവരം.