Google 26 Birthday: ‘സന്തോഷ ജന്മദിനം ഗൂഗിളിന്’; നമ്മുടെ സംശയങ്ങൾക്ക് ഗൂഗിൾ ഉത്തരം നൽകാൻ തുടങ്ങിയിട്ട് ഇന്ന് 26 വർഷം
Google Celebrates Its 26th Birthday: ഇന്റർനെറ്റിന്റെ ഭാവി സാധ്യതകളെ തിരിച്ചറിഞ്ഞ് 26 വർഷങ്ങൾക്ക് മുൻപ് രണ്ട് ചെറുപ്പക്കാർ ആരംഭിച്ചതാണ് ഇന്നത്തെ ഗൂഗിൾ.
ലോകത്തിലെ ഏറ്റവും വലിയ സെർച്ച് എഞ്ചിനായ ഗൂഗിൾ ഇന്ന് 26-ാം പിറന്നാൾ ആഘോഷിക്കുകയാണ്. കഴിഞ്ഞ വർഷം പുതിയ ഡൂഡിൾ അവതരിപ്പിച്ചാണ് ഗൂഗിൾ പിറന്നാൾ ആഘോഷിച്ചത്. എന്നാൽ, ഇത്തവണ ഗൂഗിൾ ഒരു ചെറിയ വീഡിയോ ആണ് പുറത്തിറക്കിയത്. 1998-ൽ ഗൂഗിൾ പിറവി കൊണ്ട വർഷം മുതൽ ഇക്കൊല്ലം വരെയുള്ള കാലയളവിൽ ഗൂഗിളിന്റെ ലോഗോയിൽ വന്ന ചെറിയ മാറ്റങ്ങളെ ഒരു സ്ലൈഡ് ഷോ രൂപത്തിൽ കാണിച്ചുകൊണ്ടാണ് ഇത്തവണത്തെ പിറന്നാളാഘോഷം. ഗൂഗിൾ ഇന്ത്യയുടെ ട്വിറ്റർ അക്കൗണ്ട് വഴിയാണ് ഈ വീഡിയോ പങ്കുവെച്ചത്.
Started in 1998, and now we’re here 🥹❤️
Audio credits – @TSeries pic.twitter.com/Z0zEYqtTIg
— Google India (@GoogleIndia) September 27, 2024
ഗൂഗിൾ ഇല്ലാത്തൊരു കാലം നമുക്കിപ്പോൾ ആലോചിക്കാൻ പോലും കഴിയാത്ത കാര്യമാണ്. ഒരു ദിവസം ഗൂഗിളിന്റെ സേവനം മുടങ്ങിയാൽ എന്തായിരിക്കും അവസ്ഥയെന്ന് നമ്മളിൽ ചിലർക്കെങ്കിലും ഊഹിക്കാൻ പോലും സാധിക്കില്ല. ജോലി ആവശ്യങ്ങൾക്ക്, സംശയങ്ങൾ മാറ്റാൻ, വഴി മനസിലാക്കാൻ, എന്നിങ്ങനെ ദൈനംദിന ജീവതത്തിൽ പല കാര്യങ്ങൾക്കായി നമ്മൾ പല വട്ടം ഗൂഗിളിന്റെ സഹായം തേടുന്നു. ഇന്റർനെറ്റിന്റെ ഭാവി സാധ്യതകളെ തിരിച്ചറിഞ്ഞ് 26 വർഷങ്ങൾക്ക് മുൻപ് രണ്ട് ചെറുപ്പക്കാർ ആരംഭിച്ചതാണ് ഇന്നത്തെ ഗൂഗിൾ. ഗൂഗിളിന്റെ ചരിത്രം എന്തെന്ന് അറിയാം:
1990-കളുടെ അവസാനത്തിൽ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ കമ്പ്യൂട്ടർ സയൻസ് പ്രോഗ്രാം വിദ്യാർത്ഥികളായിരുന്ന സെർജി ബ്രിനും ലാറി പേജും ചേർന്നാണ് ഗൂഗിൾ കണ്ടുപിടിച്ചത്. വേൾഡ് വൈഡ് വെബിനെ കൂടുതൽ എളുപ്പത്തിൽ ആക്സസ് ചെയ്യാൻ കഴിയുന്ന ഒരു ഇടമാക്കി മാറ്റുക എന്നത് തന്നെയായിരുന്നു രണ്ടു പേരുടെയും ഉദ്ദേശം. ഒരു മികച്ച സെർച്ച് എൻജിൻ പ്രോട്ടോടൈപ്പ് വികസിപ്പിക്കുന്നതിനായി അവർ ഹോസ്റ്റൽ മുറികളിൽ ഇരുന്നാണ് പരിശ്രമിച്ചത്.
ഒന്നിന് ശേഷം നൂറ് പൂജ്യങ്ങൾ വരുന്ന സംഖ്യയെ സൂചിപ്പിക്കാനായി ഉപയോഗിക്കുന്ന ഗൂഗൾ (googol) എന്ന പദത്തിൽ നിന്നുമാണ് ഗൂഗിൾ എന്ന പേര് ഉണ്ടായത്. അമേരിക്കൻ ഗണിത ശാസ്ത്രജ്ഞനായ എഡ്വേർഡ് കാസ്‌നറുടെ അനന്തരവനായ മിൽട്ടൺ സൈറോറ്റ എന്ന ഒമ്പത് വയസുകാരനാണ് ആദ്യമായി ഗൂഗൾ എന്ന പദം ഉപയോഗിക്കുന്നത്. ഈ പേര് തന്നെ തങ്ങളുടെ സെർച്ച് എൻജിന് പേരായി നൽകാനായിരുന്നു ഗൂഗിൾ സ്ഥാപിച്ചവർ ആദ്യം ചിന്തിച്ചത്. എണ്ണിയാൽ തീരാത്തത്ര വിവരങ്ങൾ ഇവരുടെ സെർച്ച് എൻജിനിൽ ലഭ്യമാകും എന്നൊരു ആശയം കൊണ്ടുവരാൻ ആണ് ഈ പേര് നൽകുന്നതിലൂടെ അവർ ഉദേശിച്ചത്. എന്നാൽ, അവർ അത് എഴുതി വന്നപ്പോൾ അക്ഷരത്തെറ്റ് വരികയും, അങ്ങനെ ഗൂഗളിന് പകരം ഗൂഗിൾ (googil) എന്നായി മാറുകയും ചെയ്തു.
ഗൂഗിൾ നിർമിക്കുന്നതിൽ അൽപ്പം പുരോഗതി കണ്ടതോടെ സെർജി ബ്രിനും ലാറി പേജും തുടർപ്രവർത്തനം അവരുടെ ഓഫീസിലേക്ക് മാറ്റി. വാടകയ്‌ക്കെടുത്ത ഒരു ഗാരേജ് ആയിരുന്നു ഇവരുടെ ആദ്യ ഓഫീസ്. അങ്ങനെ 1998 സെപ്റ്റംബർ 27-ന് ഗൂഗിൾ ഐഎൻസി ഔദ്യോഗികമായി സ്ഥാപിതമായി. അതോടെ, കമ്പനിയും പതിയെ വളരാൻ തുടങ്ങി. ലോകത്തിലെ എല്ലാ വിവരങ്ങളും സംഘടിപ്പിക്കുകയും അത് ഉപയോക്താക്കൾക്ക് എളുപ്പത്തിൽ ആക്സസ് ചെയ്യാൻ സാധിക്കും വിധമാക്കുകയുമാണ് ഗൂഗിളിന്റെ ലക്ഷ്യം. അത് ഇന്നും ഗൂഗിൾ തുടർന്ന് വരുന്നു.