5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Mini-Moon Event: ‘അമ്പിളിയമ്മാവൻ ഇനി സിം​ഗിളല്ല… കൂട്ടിന് മിനിയുണ്ട്’; എന്താണ് മിനി-മൂൺ ഇവൻറ്?

Mini-Moon Event 2024: 2024 പിറ്റി 5 എന്ന് വിളിക്കപ്പെടുന്ന ഛിന്നഗ്രഹത്തിന് 33 അടിയോളം നീളമുള്ളതായി കണക്കാക്കപ്പെടുന്നു. ചന്ദ്രനെ പോലെ ഭൂമിയെ വലംവയ്ക്കുന്ന പ്രകൃതിദത്ത ഉപഗ്രഹമാണിതെന്ന് ശാസ്ത്ര ലോകം വ്യക്തമാക്കുന്നു. സാധാരണ ദൂരദർശിനികളാലും ബൈനോക്കുലറുകൾ ഉപയോഗിച്ചും ഈ ഛിന്നഗ്രഹത്തെ നമുക്ക് കാണാൻ കഴിയില്ല.

Mini-Moon Event: ‘അമ്പിളിയമ്മാവൻ ഇനി സിം​ഗിളല്ല… കൂട്ടിന് മിനിയുണ്ട്’; എന്താണ് മിനി-മൂൺ ഇവൻറ്?
Mini-Moon (Image Credits: Social Media)
neethu-vijayan
Neethu Vijayan | Published: 27 Sep 2024 16:38 PM

കാത്തിരുന്ന് കാത്തിരുന്ന് അങ്ങനെ അമ്പിളിയമ്മാവനും കൂട്ടിന് ഒരാളായി. രണ്ട് ദിവസത്തിനുളളിൽ കുഞ്ഞൻ ചന്ദ്രൻ ഭൂമിയുടെ (Mini-Moon Event) ഭ്രമണപഥത്തിലെത്തുമെന്നാണ് പഠനങ്ങൾ പുറത്തുവിട്ട റിപ്പോർട്ടുകൾ പറയുന്നത്. സെപ്റ്റംബർ 29 മുതൽ നവംബർ 25 വരെയാകും ഭൂമിയുടെ ഭ്രമണപഥത്തിലൂടെ ഈ കുഞ്ഞൻ ചന്ദ്രനും ചുറ്റിത്തിരിയുന്നതെന്നാണ് വിവരം. ഏകദേശം 10 മീറ്റർ മാത്രം നീളമുള്ള ചിന്നഗ്രഹം (2024 PT5) ആണിത്. 2024 പിറ്റി 5 എന്ന് വിളിക്കപ്പെടുന്ന ഛിന്നഗ്രഹത്തിന് 33 അടിയോളം നീളമുള്ളതായി കണക്കാക്കപ്പെടുന്നു. ചന്ദ്രനെ പോലെ ഭൂമിയെ വലംവയ്ക്കുന്ന പ്രകൃതിദത്ത ഉപഗ്രഹമാണിതെന്ന് ശാസ്ത്ര ലോകം വ്യക്തമാക്കുന്നു.

നാസയുടെ ധനസഹായത്തോടെയുള്ള ഛിന്നഗ്രഹ നിരീക്ഷണ സംവിധാനമായ ആസ്റ്ററോയ്ഡ് ടെറസ്ട്രിയൽ-ഇംപാക്റ്റ് ലാസ്റ്റ് അലർട്ട് സിസ്റ്റത്തിലെ ഗവേഷകർ, ദക്ഷിണാഫ്രിക്കയിലെ സതർലാൻഡിൽ സ്ഥാപിച്ച നിരീക്ഷണ സംവിധാനങ്ങൾ ഉപയോഗിച്ചാണ് ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. ഓരോ വർഷവും ചെറുതും വലുതുമായ ഒട്ടേറെ ഛിന്നഗ്രഹങ്ങൾ ഭൂമിയുടെ ഭ്രമണപഥത്തിനു സമീപത്തുകൂടി കടന്നു പോകാറുണ്ടെങ്കിലും 2024 പിറ്റി5 ഭൂമിയുടെ ഗുരുത്വാകർഷണ ബലത്താൽ ആകർഷിക്കപ്പെടുമെന്നതാണ് ഇതിൻ്റെ പ്രത്യേകതയായി പറയുന്നത്.

ALSO READ: ‘സന്തോഷ ജന്മദിനം ഗൂഗിളിന്’; നമ്മുടെ സംശയങ്ങൾക്ക് ഗൂഗിൾ ഉത്തരം നൽകാൻ തുടങ്ങിയിട്ട് ഇന്ന് 26 വർഷം

എന്താണ് മിനി-മൂൺ ഇവൻറ്?

“മിനി-മൂൺ ഇവൻറുകൾ” (mini-moon) എന്ന് വിളിക്കപ്പെടുന്ന പ്രതിഭാസത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞ സംഘമാണ് ഇതുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ഏകദേശം ഒരു സിറ്റി ബസിൻറെ നീളമുള്ള ഛിന്നഗ്രഹം ‘അർജുന’ എന്ന ഛിന്നഗ്രഹ ബെൽറ്റിലെ അംഗമാണ്. ഇതിനെ ഭൂമിയുടെ ഗുരുത്വാകർഷണം ഭ്രമണപഥത്തിലേക്ക് പിടിച്ചെടുക്കുന്നതോടെയാണ് ഭൂമിയെ ചുറ്റിത്തിരിയാൻ കുഞ്ഞൻ ഛിന്നഗ്രഹമെത്തുന്നത്. തുടർന്ന് രണ്ട് മാസക്കാലം ഭൂമിയെ പരിക്രമണം ചെയ്യുന്ന ഈ ഛിന്നഗ്രഹം ‘കുഞ്ഞ് ചന്ദ്രൻ’ ആയി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭൂമിയുടേതിന് സമാനമായ ഭ്രമണപഥമുള്ള ബഹിരാകാശ പാറകൾ കൊണ്ട് നിർമ്മിതമായ ദ്വിതീയ ഛിന്നഗ്രഹ വലയത്തെയാണ് അർജുന എന്ന് വിളിക്കുന്നത്.

3474 കിലോമീറ്റർ വ്യാസമുള്ള ചന്ദ്രനുമായി താരതമ്യപ്പെടുത്തുമ്പോൾ വെറും 10 മീറ്റർ നീളമുള്ള ഈ ഛിന്നഗ്രഹം വളരെ ചെറുതാണെന്ന് തന്നെ പറയാം. സാധാരണ ദൂരദർശിനികളാലും ബൈനോക്കുലറുകൾ ഉപയോഗിച്ചും ഈ ഛിന്നഗ്രഹത്തെ നമുക്ക് കാണാൻ കഴിയില്ല. അർജുന ബെൽറ്റിലെ ചില ഛിന്നഗ്രഹങ്ങൾക്ക് ഭൂമിയോട് താരതമ്യേന അടുത്ത്, ഏകദേശം 45 ലക്ഷം കിലോമീറ്റർ അകലെ വരെ എത്താൻ കഴിയുമെന്നാണ് ശാസ്ത്രജ്ഞ ലോകം പറയുന്നത്.

നാസയുടെ ധനസഹായത്തോടെയുള്ള പദ്ധതിയായ ആസ്റ്ററോയിഡ് ടെറസ്ട്രിയൽ-ഇംപാക്റ്റ് ലാസ്റ്റ് അലേർട്ട് സിസ്റ്റം (അറ്റ്‌ലസ്) ഓഗസ്റ്റ് എഴിനാണ് ഈ ഛിന്നഗ്രഹത്തെ കണ്ടെത്തുന്നത്. ഇനി ഇത്തരമൊരു മിനി-മൂൺ പ്രതിഭാസത്തിനായി 2055 വരെ കാത്തിരിക്കണമെന്നും ഇതിന് മുൻപ് 1981ലും 2022ലും സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നുണ്ട്. എന്തായാലും ഭൂമിയുടെ ഗുരുത്വാകർഷണ ബലത്താൽ ആകർഷിക്കപ്പെടുന്ന ഒരു ഛിന്നഗ്രഹം കാണാൻ കഴിയുന്നത് വളരെ അപൂർവമാണ്.

Latest News