Google Beam: ഇനി വിഡിയോ കോളുകൾ ത്രീഡി ആവും; ബീം പ്ലാറ്റ്ഫോം അവതരിപ്പിച്ച് ഗൂഗിൾ
Google Introduces Beam Platfom: ഗൂഗിൾ ബീം എന്ന പേരിൽ പ്ലാറ്റ്ഫോം അവതരിപ്പിച്ച് ഗൂഗിൾ. ടുഡി വിഡിയോ കോളുകൾ ത്രീഡി വിഡിയോ ആയി കൺവേർട്ട് ചെയ്യാൻ ബീമിലൂടെ സാധിക്കും.
ടുഡി വിഡിയോ കോളുകൾ ത്രീഡി വിഡിയോ ആയി കൺവേർട്ട് ചെയ്യാനുള്ള പ്ലാറ്റ്ഫോമുമായി ഗൂഗിൾ. ഗൂഗിൾ ബീം എന്ന പേരിലാണ് ഈ പ്ലാറ്റ്ഫോം പുറത്തിറക്കിയിരിക്കുന്നത്. ഗൂഗിൾ ക്ലൗഡ് പ്ലാറ്റ്ഫോം വഴിയാണ് കൺവേർഷൻ നടക്കുക. വിഡിയോ കോളുകൾക്കിടെ റിയൽ ടൈമിൽ തന്നെ ടുഡി വിഡിയോ കോളുകൾ ത്രീഡി ആക്കി മാറ്റാനാവുമെന്ന് കമ്പനി അറിയിച്ചു. തത്സമയ സ്പീച്ച് ട്രാൻസിലേഷനും ബീമിലൂടെ സാധിക്കും. ഈ വർഷം അവസാനം ഇറങ്ങുന്ന എച്ച്പി ഡിവൈസുകളിലാവും ആദ്യമായി ബീം പ്ലാറ്റ്ഫോം ലഭിക്കുക.
തങ്ങളുടെ ബ്ലോഗ് പോസ്റ്റിലൂടെയാണ് ഗൂഗിൾ ഇക്കാര്യം അറിയിച്ചത്. വിവിധ വെബ് ക്യാമറകളിലൂടെ വ്യത്യസ്തമായ ആംഗിളുകളിൽ ഉപഭോക്താക്കളെ ക്യാപ്ചർ ചെയ്യുകയാണ് ബീമിൻ്റെ പ്രവർത്തനം. ശേഷം ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് വീഡിയോ സ്ട്രീമുകൾ കൂട്ടിച്ചേർത്ത് ത്രീഡിയായി റെൻഡർ ചെയ്ത് ഡിസ്പ്ലേ ചെയ്യും. ബീമിൻ്റെ ട്രാക്കിങ് കഴിവ് വളരെ മികച്ചതാണെന്നും ഗൂഗിൾ അറിയിച്ചു.
2021ലാണ് പ്രൊജക്ട് സ്റ്റാർലൈൻ എന്ന പേരിൽ ഗൂഗിൾ ആദ്യം ഇത് പ്രഖ്യാപിച്ചത്. പുതിയ ഒരു വിഡിയോ കമ്മ്യൂണിക്കേഷൻ പ്ലാറ്റ്ഫോം ആയിരുന്നു ലക്ഷ്യം. നാച്ചുറൽ സ്കെയിലിൽ ത്രീഡി വിഡിയോകൾ കാണിക്കാൻ കഴിയുന്ന ഈ പ്ലാറ്റ്ഫോമിൽ ഐ കോണ്ടാക്ടും കൃത്യതയാർന്ന ഓഡിയോ സൗകര്യങ്ങളുമൊക്കെ ഉണ്ടാവുമെന്ന് ഗൂഗിൾ അറിയിച്ചിരുന്നു. ഈ പ്രൊജക്ടാണ് ഇപ്പോൾ ഗൂഗിൾ ബീം എന്ന പേരിൽ അവതരിപ്പിക്കപ്പെട്ടത്. ആദ്യം തീരുമാനിച്ച പ്ലാറ്റ്ഫോമിൽ നിന്ന് മാറ്റങ്ങളോടെയാണ് ഗൂഗിൾ ബീം പുറത്തുവന്നിരിക്കുന്നത്. ബീമിൽ കൊണ്ടുവരുന്ന റിയൽ ടൈം സ്പീച്ച് ട്രാൻസിലേഷൻ നിലവിലെ വിഡിയോ കോൺഫറൻസിങ് പ്ലാറ്റ്ഫോമായ ഗൂഗിൾ മീറ്റിൽ അവതരിപ്പിച്ചു എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പ്ലാറ്റ്ഫോമിൻ്റെ മറ്റ് വിവരങ്ങൾ ഗൂഗിൾ പുറത്തുവിട്ടിട്ടില്ല. ആൻഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ബീം ലഭിക്കുമോ എന്നതിൽ വ്യക്തതയില്ല. ഇക്കാര്യത്തിൽ ഉടൻ തന്നെ വിശദാംശങ്ങൾ പുറത്തുവന്നേക്കും.