UPI Transaction Discounts : യുപിഐ ഇടപാടുകൾക്ക് ഇനി ഡിസ്‌കൗണ്ട് ; പുതിയ സംവിധാനം നടപ്പാക്കാൻ കേന്ദ്ര സർക്കാർ
ഗൂഗിൾപേ, ഫോൺ വഴിയൊക്കെയും പണമടയ്ക്കുന്ന ഉപഭോക്താക്കൾക്ക് നേരിട്ട് ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനെ പറ്റി ഉപഭോക്തൃകാര്യ മന്ത്രാലയം ആലോചിക്കുന്നുണ്ട്.
യുപിഐ ഉപഭോക്താക്കൾക്കായി ഒരു സന്തോഷ വാർത്ത. ഇനി വെറുതെ നിങ്ങൾ ക്യുആർ കോഡ് സ്കാൻ ചെയ്ത് പേയ്മെൻ്റ് നൽകി പോവേണ്ട ഒപ്പം പെയ്മെൻ്റിന് ചില ഡിസ്‌കൗണ്ടുകൾ കൂടി ലഭിക്കും. അധികം താമസിക്കാതെ തന്നെ പുതിയ പദ്ധതി നടപ്പാക്കാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ക്രെഡിറ്റ് കാർഡുകളേക്കാൾ കൂടുതൽ ക്യാഷ് ബാക്ക് നൽകാനാണ് ശ്രമം. നിലവിൽ രാജ്യത്ത് ക്രെഡിറ്റ് കാർഡുകൾ വഴി നടത്തുന്ന പേയ്‌മെന്റുകൾക്ക് 2-3% ഫീസ് ഉണ്ടാവും. ഇതിനെ മർച്ചൻ്റ് ഡിസ്‌കൗണ്ട് റേറ്റ് (MDR) എന്ന് വിളിക്കുന്നു. ഒരു ഉൽപ്പന്നത്തിനോ സേവനത്തിനോ ഉപയോക്താക്കൾ 100 രൂപ നൽകിയാൽ, മർച്ചന്റ് ഡിസ്‌കൗണ്ട് വഴി കടയുടമയ്ക്ക് 97-98 രൂപ മാത്രമേ ലഭിക്കൂ. എന്നാൽ യുപിഐയിൽ അധിക ഫീയില്ലാത്തതിനാൽ കടയുടമക്ക് മുഴുവൻ തുകയും ലഭിക്കും.
ഇത്തരത്തിൽ ഗൂഗിൾപേ, ഫോൺ വഴിയൊക്കെയും പണമടയ്ക്കുന്ന ഉപഭോക്താക്കൾക്ക് നേരിട്ട് ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനെ പറ്റി ഉപഭോക്തൃ കാര്യ മന്ത്രാലയം ആലോചിക്കുന്നുണ്ട്. ഉദാഹരണത്തിന്, ക്രെഡിറ്റ് കാർഡ് വഴി 100 രൂപയ്ക്ക് ലഭ്യമാകുന്ന ഒരു ഉത്പന്നം, UPI വഴി 98 രൂപയ്ക്ക് വാങ്ങാം. ഇത് UPI-യെ കൂടുതൽ പ്രോത്സാഹിപ്പിക്കുകയും ഡിജിറ്റൽ പേയ്‌മെൻ്റിനുള്ള പ്രതിഫലത്തിന്റെ ആനുകൂല്യമെന്ന നിലയിൽ ഉപഭോക്താക്കൾക്ക് 2 രൂപ ക്യാഷ്ബാക്കായി ലഭിക്കുകയും ചെയ്യും.
ക്യുആർ കോഡുകൾ വഴിയുള്ള പേയ്മെൻ്റിൽ വർധന
റിസർവ്വ് ബാങ്കിൻ്റെ ഏറ്റവും പുതിയ ഡാറ്റ പ്രകാരം 2024-25 സാമ്പത്തിക വർഷത്തിൽ ഡിജിറ്റൽ പേയ്‌മെന്റ് ഇൻഫ്രാസ്ട്രക്ചറിൽ യുപിഐ ക്യുആർ കോഡുകൾ വഴിയുള്ള പേയ്മെൻ്റിൽ വലിയ വർധനയാണ് രേഖപ്പെടുത്തിയത്. മുൻ സാമ്പത്തിക വർഷത്തേക്കാൾ 91.5 ശതമാനം വർധനയാണിത്. ഇത്തരത്തിൽ ആകെ പെയ്മെൻ്റ് 657.9 ദശലക്ഷമായി ഉയർന്നിട്ടുണ്ട്. യുപിഐ ക്യുആർ കോഡുകളുടെ വർദ്ധനവ് ക്രെഡിറ്റ് കാർഡ് ഇടപാടുകളുടെ വളർച്ചാ നിരക്കിൽ ഇടിവുണ്ടാക്കി, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 7.94 ശതമാനമായാണിത് കുറഞ്ഞത്.
‘അന്തിമ’ തീരുമാനം 2025 ജൂണിൽ
പദ്ധതി നടപ്പിലാക്കുന്നതിന് മുമ്പ്, ജൂണിൽ ഇ-കൊമേഴ്‌സ് കമ്പനികൾ, ബാങ്കുകൾ, എൻപിസിഐ, പേയ്‌മെന്റ് സേവന ദാതാക്കൾ, ഉപഭോക്തൃ സംഘടനകൾ എന്നിവരുമായി സർക്കാർ വിശദമായ ചർച്ചകൾ നടത്തും. ഇതിനുശേഷമായിരിക്കും പദ്ധതിയുടെ അന്തിമ രൂപരേഖ തയ്യാറാക്കുന്നത്. യുപിഐ, റുപേ ഡെബിറ്റ് കാർഡുകളിൽ എംഡിആർ (മർച്ചൻ്റ് ഡിസ്‌കൗണ്ട് റേറ്റ് ) നടപ്പിലാക്കണമെന്ന് പേയ്‌മെന്റ് കൗൺസിൽ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും, സർക്കാർ ഇപ്പോൾ അത് അംഗീകരിച്ചിട്ടില്ല.