Honor Magic 8 RSR Porsche: പ്രീമിയം ഫോൺ വിപണിയിലേക്ക് ഹോണർ മാജിക് 8 ആർഎസ്ആർ പോർഷ് ഡിസൈൻ; മാജിക് 8 സീരീസിലെ അടുത്ത അത്ഭുതം
Honor Magic 8 RSR Porsche Design This Month: ഹോണർ മാജിക് 8 ആർഎസ്ആർ പോർഷ് ഡിസൈൻ എത്തുന്നു. മാജിക് 8 സീരീസിലെ പുതിയ മോഡലാണ് ഇത്.
ഹോണർ മാജിക് 8 സീരീസിലെ അടുത്ത മോഡൽ എത്തുന്നു. ഹോണർ മാജിക് 8 ആർഎസ്ആർ പോർഷ് ഡിസൈൻ ആണ് പുറത്തിറങ്ങാനൊരുങ്ങുന്നത്. മോഡലിൻ്റെ ചിത്രങ്ങൾ പുറത്തായിട്ടുണ്ട്. 2024ൽ അവതരിപ്പിച്ച ഹോണർ മാജിക് 7 ആർഎസ്ആർ പോർഷ് ഡിസൈൻ്റെ രണ്ടാം തലമുറയാണ് ഇപ്പോൾ അണിയറയിലുള്ളത്. 200 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ, 7200 എംഎഎച്ച് തുടങ്ങിയ ഫീച്ചറുകളാണ് മോഡലിൽ ഉണ്ടാവുക.
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജനുവരി 19ന് ഹോണർ മാജിക് 8 ആർഎസ്ആർ ഡിസൈൻ പുറത്തിറങ്ങും. ഇതേ ദിവസം തന്നെയാണ് ഹോണർ മാജിക് 8 പ്രോ എയർ പുറത്തിറങ്ങുക. ഇക്കാര്യം കമ്പനി ഔദ്യോഗികമായി അറിയിച്ചിരുന്നു. ഈ മോഡലിനൊപ്പമാവും ഹോണർ മാജിക് 8 ആർഎസ്ആർ ഡിസൈനും അവതരിപ്പിക്കുക.
ചതുരാകൃതിയിലുള്ള റിയർ ക്യാമറ സെറ്റപ്പാണ് ഫോണിലുള്ളത്. പ്രചരിക്കുന്ന റിപ്പോർട്ടുകളിൽ നാല് സെൻസറുകൾ കാണാം. ഹോണർ മാജിക് 7 ആർഎസ്ആർ പോർഷ് ഡിസൈന് സമാനമാണ് ഹോണർ മാജിക് 8 ആർഎസ്ആർ ഡിസൈൻ്റെ രൂപം. 200 മെഗാപിക്സലിൻ്റെ പെരിസ്കോപ് ടെലിഫോട്ടോ ക്യാമറ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാവും ഫോണിലുണ്ടാവുക. 120 വാട്ട് വയേർഡ് ചാർജിങ്, ഡെഡിക്കേറ്റഡ് ക്യാമറ ബട്ടൺ എന്നിവയും ഫോണിലുണ്ടാവും. 7200 എംഎഎച്ച് ആവും ബാറ്ററി.
ഹോണർ മാജിക് 8, ഹോണർ മാജിക് 8 പ്രോ മോഡലുകൾ കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ചൈനീസ് മാർക്കറ്റിൽ പുറത്തിറങ്ങിയത്. ഈ സീരീസിലെ അടുത്ത മോഡലാണ് ഇത്. 2024ൽ പുറത്തിറങ്ങിയ ഹോണർ മാജിക് 7 ആർഎസ്ആർ പോർഷിൻ്റെ വില ആരംഭിച്ചത് 93,000 രൂപയിലായിരുന്നു. ആ മോഡലിനെക്കാൾ മികച്ച ഫീച്ചറുകളാണ് പുതിയ മോഡലിനുള്ളത്.