ലോകം കാത്തിരിക്കുന്ന നാളെയുടെ വാഗ്ദാനങ്ങൾ! ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ്, ഐഫോൺ അൾട്ര
Apple Event 2026 Tomorrow, Expected New iPhone Models: നാളെ കുപെർട്ടിനോയിലെ ആപ്പിൾ പാർക്കിലെ സ്റ്റീവ് ജോബ്സ് തിയേറ്ററിൽ വച്ച് നടക്കുന്ന ഇവന്റിൽ ആപ്പിൾ തങ്ങളുടെ പുതിയ ഐഫോൺ മോഡലുകൾ പുറത്തിറക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് എന്നീ പ്രോ മോഡലുകളും ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ സ്മാർട്ട്ഫോണായ ആപ്പിൾ അൾട്രയും ആണ് ഈ ഇവന്റിൽ ലോഞ്ച് ചെയ്യുന്ന ഐഫോൺ മോഡലുകൾ എന്നാണ് റിപ്പോർട്ട്.

Iphone 18 Pro Series, Iphone Ultra Launch Tomorrow
ലോകമാകെയുള്ള ടെക് പ്രേമികൾ കാത്തിരിക്കുകയാണ്, നാളെയുടെ വാഗ്ദാനങ്ങളായ പുതിയ ഐഫോൺ മോഡലുകൾ എത്തുന്നത് കാണാൻ. നാളെ (സെപ്റ്റംബർ 9) ആണ് ആപ്പിൾ ഇവന്റ് നിശ്ചയിച്ചിരിക്കുന്നത്. കുപെർട്ടിനോയിലെ ആപ്പിൾ പാർക്കിലെ സ്റ്റീവ് ജോബ്സ് തിയേറ്ററിൽ വച്ച് നടക്കുന്ന ഈ ഇവന്റിൽ ആപ്പിൾ തങ്ങളുടെ പുതിയ ഐഫോൺ മോഡലുകൾ പുറത്തിറക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. പതിവിന് വിപരീതമായി ഇത്തവണ സ്റ്റാന്റേർഡ് മോഡൽ പ്രോ മോഡലുകൾക്ക് ഒപ്പം അവതരിപ്പിക്കില്ല. ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് എന്നീ പ്രോ മോഡലുകളും ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ സ്മാർട്ട്ഫോണായ ആപ്പിൾ അൾട്രയും ആണ് ഈ ഇവന്റിൽ ലോഞ്ച് ചെയ്യുന്ന ഐഫോൺ മോഡലുകൾ എന്നാണ് റിപ്പോർട്ട്.
സെപ്റ്റംബർ 9 ന് രാവിലെ 10 മണിക്ക് ആപ്പിൾ ഇവന്റ് (10:30PM IST) ആരംഭിക്കും. ആപ്പിൾ പാർക്കിലെ സ്റ്റീവ് ജോബ്സ് തിയേറ്ററിൽ നിന്നും തത്സമയ സംപ്രേക്ഷണം ഉണ്ടാകും. ടിം കുക്കിന് ശേഷം ജോൺ ടെർനസ് (John Ternus) ആപ്പിൾ സിഇഒ ആയി ചുമതലയേറ്റ ശേഷമുള്ള ആദ്യത്തെ ഐഫോൺ ലോഞ്ച് എന്ന പ്രത്യേകത ഇത്തവണത്തെ ആപ്പിൾ ഇവന്റിന് ഉണ്ട്.
ALSO READ: ബിഗ് ബോസിനെ കടത്തിവെട്ടുന്ന സർപ്രൈസ്! 7200mAh ബാറ്ററിയുമായി ഐക്യൂ Z11xa ഇന്ത്യയിൽ ലോഞ്ച് ചെയ്തു
പുതിയ ഐഫോണുകൾ
ആപ്പിളിന്റെ ഐഫോൺ നിരയിലെ ഏറ്റവും ശക്തവും ജനപ്രീതിയുള്ളതുമായ പ്രോ മോഡലുകൾക്ക് ഒപ്പമോ അതിലും ഒരുപടി മുകളിലോ പ്രാധാന്യം ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഐഫോൺ എന്ന നിലയിൽ ഐഫോൺ അൾട്രയ്ക്ക് ഉണ്ട്. പുതിയ മോഡലുകളിൽ ആപ്പിൾ എന്ത് മാറ്റമാണ് കൊണ്ടുവരിക എന്നറിയാനാണ് ലോകം പ്രധാനമായും കാത്തിരിക്കുന്നത്, ഒപ്പം വിലയും.
ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് എന്നിവ തമ്മിൽ പ്രധാനമായും വ്യത്യാസപ്പെടുക ഡിസ്പ്ലേയുടെ കാര്യത്തിലാണ്. യഥാക്രമം 6.3 ഇഞ്ച്, 6.9 ഇഞ്ച് LTPO+ ഡിസ്പ്ലേകൾ ഇവയിൽ ഉണ്ടാകും. ഫേസ് ഐഡി സ്‌ക്രീനിന്റെ താഴ് ഭാഗത്തേക്ക് മാറ്റി അവതരിപ്പിക്കുന്നതിനാൽ, ഡൈനാമിക് ഐലൻഡിനും വലിപ്പം കുറയും.
ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഐഫോണായ ഐഫോൺ അൾട്ര മടക്കി വെക്കുമ്പോൾ 5.5 ഇഞ്ചും തുറക്കുമ്പോൾ 7.8 ഇഞ്ചുമുള്ള ഒഎൽഇഡി ഡിസ്‌പ്ലേ സഹിതം എത്തും എന്നാണ് ലീക്ക് റിപ്പോർട്ടുകൾ അവകാശപ്പെടുന്നത്. വരാൻ പോകുന്ന ഫോണുകളുടെ ഫീച്ചറുകളെപ്പറ്റി ആപ്പിൾ ലോഞ്ച് ഇവന്റിൽ മാത്രമേ ഔദ്യോഗികമായി വിശദീകരിക്കൂ എന്നതിനാൽ നമുക്ക് മുന്നിലുള്ളതെല്ലാം ലീക്ക് റിപ്പോർട്ടുകൾ വഴി ലഭ്യമായ വിവരങ്ങളാണ്.
പഴയ ഡിസൈൻ നിലനിർത്തുമെങ്കിലും ഐഫോൺ 18 പ്രോ കൂടുതൽ കനമുള്ളതും (9mm) ഭാരമുള്ളതുമായിരിക്കും (ഏകദേശം 240 ഗ്രാം). ആനോഡൈസ്ഡ് അലുമിനിയം ഫിനിഷിലായിരിക്കും ഇത് എത്തുന്നത്. ഡാർക്ക് ചെറി, ലൈറ്റ് ബ്ലൂ, ഡാർക്ക് ഗ്രേ, സിൽവർ എന്നീ കളർ ഓപ്ഷനുകളിൽ ഈ പ്രോ മോഡലുകൾ എത്തും എന്ന് പ്രതീക്ഷിക്കുന്നു.
ബുക്ക് സ്റ്റൈൽ ഫോൾഡബിൾ ഡിസൈൻ ആയിരിക്കും ഐഫോൺ അൾട്ര മോഡലിന് ഉണ്ടാകുക. നിവർത്തിവെക്കുമ്പോൾ വെറും 4.5mm മാത്രമായിരിക്കും ഈ ഫോൾഡബിൾ ഫോണിന്റെ കനം. ടൈറ്റാനിയം ഫ്രെയിമും മികച്ച ചൂട് പ്രതിരോധത്തിനായി അലുമിനിയവും ഉപയോഗിക്കും. ഡാർക്ക് ബ്ലൂ, വൈറ്റ്/ലൈറ്റ് സിൽവർ കളർ ഓപ്ഷനുകളിൽ ഐഫോൺ അൾട്ര എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ആപ്പിളിന്റെ ഏറ്റവും പുതിയ 2nm A20 Pro ചിപ്‌സെറ്റാണ് പുതിയ മൂന്ന് ഐഫോൺ മോഡലുകളിലും കരുത്ത് പകരുക. ന്യൂ ജനറേഷൻ C2 മോഡം (5G mmWave) ഈ ഫോണുകളിൽ ഉണ്ടാകും. ഐഫോൺ 18 പ്രോയ്ക്ക് 4,056mAh ബാറ്ററിയും, പ്രോ മാക്സിന് 5,391mAh ബാറ്ററിയും ഫോൾഡബിൾ അൾട്രാ മോഡലിൽ ആപ്പിളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ 5,400mAh – 5,800mAh ബാറ്ററിയും അവതരിപ്പിക്കപ്പെടും എന്ന് പ്രതീക്ഷിക്കുന്നു.
ആപ്പിളിന്റെ ഐഫോണുകളുടെ ഹൈലൈറ്റ് തന്നെ ക്യാമറ സജ്ജീകരണങ്ങളാണ്. വേരിയബിൾ അപ്പർച്ചറുള്ള മെയിൻ ക്യാമറ ഇത്തവണ പ്രതീക്ഷിക്കുന്നുണ്ട്. പുതിയ പ്രോ മോഡലുകളിൽ 48MP ട്രിപ്പിൾ ക്യാമറ സെറ്റപ്പ് തുടരും. ഫോൾഡബിൾ മോഡലായ ഐഫോൺ അൾട്രയിൽ 48MP മെയിൻ, 48MP അൾട്രാ വൈഡ് എന്നിവ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാകും ഉണ്ടാകുക.
സ്മാർട്ട്ഫോൺ വില പൊതുവിൽ കുതിച്ചുയർന്ന് നിൽക്കുന്നതിനാൽ പണ്ടേ ഉയർന്ന വിലയിൽ എത്തുന്ന ആപ്പിളിന്റെ, പുതിയ ഐഫോണുകൾ എന്ത് വിലയിൽ അവതരിപ്പിക്കപ്പെടും എന്ന ആകാംക്ഷ എല്ലാവർക്കുമുണ്ട്. ഇന്ത്യയിൽ നിലവിലുള്ള ഐഫോൺ 17 പ്രോ സീരീസിനേക്കാൾ 5,000 മുതൽ 20,000 രൂപ വരെ വില വർധന പുതിയ മോഡലുകൾക്ക് പ്രതീക്ഷിക്കുന്നു. ഐഫോൺ അൾട്രയുടെ വില 2,000 മുതൽ 2,500 ഡോളർ വരെ (ഏകദേശം 1.6 – 2 ലക്ഷം രൂപയ്ക്ക് മുകളിൽ) ആകാനാണ് സാധ്യത.
English Summary
Tech enthusiasts around the world are waiting to see the new iPhone models that promise tomorrow. The Apple event is scheduled for tomorrow (September 9). Apple is expected to launch its new iPhone models at this event, which will be held at the Steve Jobs Theater in Apple Park in Cupertino. The iPhone models that will be launched at this event are the Pro models iPhone 18 Pro and iPhone 18 Pro Max, as well as Apple’s first foldable smartphone, the Apple Ultra.