IVR Scam: ആ കോളിൽ അമർത്തുന്ന അക്കങ്ങളിൽ പോവുക മുഴുവൻ പൈസയും, തട്ടിപ്പ് അറിഞ്ഞിരിക്കണം
വ്യാജ ഐവിആർ കോളുകളിലൂടെ നടക്കുന്ന തട്ടിപ്പുകളാണിത്. ബാങ്കുകളെയോ സർക്കാർ ഏജൻസികളെയോ അനുകരിച്ച് തട്ടിപ്പുകാർ പണം തട്ടും. കോളർ ഐഡി സ്പൂഫിംഗ്, വോയ്സ് ക്ലോണിംഗ് എന്നിവ ഉപയോഗിച്ചാണ് തട്ടിപ്പ്. ആപ്പുകൾ ഉപയോഗിച്ച് ഇത്തരം കോളുകൾ തടയാമെങ്കിലും ശ്രദ്ധ വേണം

“നിങ്ങൾക്ക് 10 ലക്ഷത്തിൻ്റെ പേഴ്സണൽ ലോൺ അപ്രൂവലായിട്ടുണ്ട്, അഞ്ച് മിനിറ്റ് മാത്രം മതി സർ, 1 അമർത്തൂ” ഫോണിൽ വന്ന കോളിന് മറുപടിയായി ഇത്തരത്തിൽ എന്തെങ്കിലും ചെയ്യുന്ന പതിവുകാരാണോ നിങ്ങൾ. കയ്യിലെ പൈസ പോകാൻ പിന്നെ വഴി വേണ്ടെന്ന് കൂട്ടിക്കോളു. സാങ്കേതികവിദ്യ വളരുന്നതിനനുസരിച്ച്. തട്ടിപ്പുകാർ ഹൈ ടെക്കായി ആളുകളെ പറ്റിക്കുന്ന പദ്ധതികളാണ് തയ്യാറാക്കുന്നത്. ഇത്തരത്തിൽ സമീപ കാലത്തായി പുറത്തു വരുന്ന ഒന്നാണ് ഐവിആർ മുഖേനെയുള്ള തട്ടിപ്പ് കേസുകൾ. വ്യാജ ഐവിആർ കോളുകളിലൂടെ ആളുകൾ വഞ്ചിക്കപ്പെടുന്നതെന്ന് എങ്ങനെയെന്ന് കൂടി അറിഞ്ഞിരിക്കാം
എന്താണ് ഐവിആർ സിസ്റ്റം?
ഇൻ്ററാക്ടീവ് വോയിസ് റെസ്പോൺസ് സിസ്റ്റം എന്നാണ് ഐവിആറിൻ്റെ പൂർണ രൂപം. രാജ്യത്തെ ബാങ്കുകൾ, ടെലികോം കമ്പനികൾ, ഉപഭോക്തൃ സേവന ഹെൽപ്പ് ലൈനുകൾ എന്നിവ ഉപയോഗിക്കുന്ന ഒരു ഓട്ടോമേറ്റഡ് ഫോൺ സംവിധാനമാണ് ഐവിആർ. നിങ്ങളുടെ ഫോണിന്റെ കീപാഡ് വഴി “ഇംഗ്ലീഷിനായി 1 അമർത്തുക” അല്ലെങ്കിൽ “ബാലൻസ് അറിയാൻ 2 അമർത്തുക, കസ്റ്റമർ കെയറുമായി സംസാരിക്കാൻ 3 അമർത്തി 9 അമർത്തുക” എന്നിങ്ങനെയുള്ള കമാൻഡുകൾ നൽകി നിങ്ങളുടെ സേവനം തിരഞ്ഞെടുക്കാം. തട്ടിപ്പുകാർ ഇപ്പോൾ ഇതാണ് ഉപയോഗിക്കുന്നത്, ഏതെങ്കിലും കീ ഇത്തരം ഐവിആർ കോളുകളിൽ അമർത്തിയാൽ അക്കൗണ്ട് കാലിയാകും
തട്ടിപ്പ് എങ്ങനെ?
ഐവിആർ കോളുകൾ വഴി, തട്ടിപ്പുകാർ ആരെയെങ്കിലും വിളിച്ച് ബാങ്കിൽ നിന്നാണെന്ന് പറയും. ഉദാഹരണത്തിന്, ബെംഗളൂരുവിലെ ഒരു സ്ത്രീക്ക് ജനുവരി 20 ന് “എസ്‌ബിഐ” എന്ന കോളർ ഐഡിയിൽ നിന്നും ഒരു വിളിയെത്തി.അക്കൗണ്ടിൽ നിന്ന് രണ്ട് ലക്ഷം രൂപ ആരോ ട്രാൻസ്ഫർ ചെയ്യുന്നുണ്ടെന്നും ഈ ഇടപാട് നിർത്തണമെങ്കിൽ ഇപ്പറയുന്ന ബട്ടണുകൾ അമർത്തണമെന്നായിരുന്നു നിർദ്ദേശം. പാവം സ്ത്രീ നിർദ്ദേശങ്ങൾ പാലിച്ചു, കോൾ അവസാനിച്ചയുടനെ, അവളുടെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടതായി ഒരു സന്ദേശം ലഭിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലാവുന്നത്.
ബാങ്കിന്റെയോ സർക്കാർ ഏജൻസിയുടെയോ യഥാർത്ഥ നമ്പർ പോലെ
ഐവിആർ വഴി തട്ടിപ്പ് പല രീതിയിലാണ് നടത്തുന്നത്, കോളർ ഐഡി സ്പൂഫിംഗ് – സ്‌കാമർമാർ വിളിക്കുന്ന നമ്പർ ഒരു ബാങ്കിന്റെയോ സർക്കാർ ഏജൻസിയുടെയോ യഥാർത്ഥ നമ്പർ പോലെ ആയിരിക്കും ഫോണിൽ കാണുന്നത്. വോയ്‌സ് ക്ലോണിംഗ് – ഇവരുടെ കോളുകൾ യഥാർത്ഥ ബാങ്കിംഗ്- അല്ലെങ്കിൽ ഇതര സ്ഥാപനങ്ങളുടെ IVR പോലെ തോന്നാം. ഇതിനുപുറമെ പ്രതികരിക്കാത്തവരാണെങ്കിൽ ഒപ്പം അക്കൗണ്ട് 2 മണിക്കൂറിനുള്ളിൽ ബ്ലോക്ക് ചെയ്യപ്പെടുമെന്നോ തെറ്റായ ഇടപാട് നടന്നിട്ടുണ്ടെന്നോ പറഞ്ഞും ഭയപ്പെടുത്താം.
വ്യാജ ഐവിആർ എങ്ങനെ തിരിച്ചറിയാം
പലതരത്തിലമുള്ള കോളർ ഐഡി ആപ്പുകൾ വഴി സ്പാം കോളുകൾ ബ്ലോക്ക് ചെയ്യാം. ട്രൂകോളർ പോലുള്ളവ ഇതിനുദാഹരണമാണ്. ഇനി കോൾ എടുത്താലും വിളിക്കുന്ന കോളർ നിങ്ങളോട് ഒടിപി അല്ലെങ്കിൽ സിവിവി ആവശ്യപ്പെട്ടാൽ, അത് വ്യാജമാണെന്ന് മനസ്സിലാക്കുക, ബാങ്ക് ജീവനക്കാർ ഒരിക്കലും ഫോണിലൂടെ നിങ്ങളോട് സിവിവി ആവശ്യപ്പെടില്ല. ഇതിനുപുറമെ, മറ്റേയാൾ വേഗത്തിൽ തീരുമാനമെടുക്കാൻ നിങ്ങളെ നിർബന്ധിച്ചാലും അതൊരു വ്യാജ കോളായിരിക്കാം.