Highway Safety Warning: ദേശീയ പാതകളിൽ യാത്രക്കാർക്ക് മുന്നറിയിപ്പ്: റോഡ് സുരക്ഷ വർദ്ധിപ്പിക്കാൻ ഇവർ കൈകോർക്കുന്നു
NHAI Partners with Reliance Jio to Implement Telecom-Based Safety: ദേശീയ പാത ഉപയോക്താക്കൾക്ക് കൃത്യസമയത്ത് വിവരങ്ങൾ നൽകി, അതനുസരിച്ച് വേഗതയും ഡ്രൈവിങ് രീതിയും ക്രമീകരിക്കാൻ അവരെ പ്രാപ്തരാക്കുകയാണ് ഈ സംരംഭത്തിൻ്റെ ലക്ഷ്യം.
ന്യൂഡൽഹി: ദേശീയ പാതകളിലെ സുരക്ഷ വർധിപ്പിക്കുന്നതിനും തടസ്സമില്ലാത്ത യാത്രയ്ക്കുമായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) റിലയൻസ് ജിയോയുമായി ധാരണാപത്രം ഒപ്പുവെച്ചു. ടെലികോം അധിഷ്ഠിത സുരക്ഷാ മുന്നറിയിപ്പ് സംവിധാനം രാജ്യത്തെ ദേശീയ പാതാ ശൃംഖലയിലുടനീളം അവതരിപ്പിക്കാനാണ് ഈ പങ്കാളിത്തം. റിലയൻസ് ജിയോയുടെ നിലവിലുള്ള 4ജി, 5ജി നെറ്റ്‌വർക്ക് ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുക.
അപകടകരമായ മേഖലകൾ, കന്നുകാലികൾ അലഞ്ഞുതിരിയുന്ന സ്ഥലങ്ങൾ, മൂടൽമഞ്ഞുള്ള പ്രദേശങ്ങൾ, എമർജൻസി ഡൈവേർഷനുകൾ തുടങ്ങിയവയിലേക്ക് അടുക്കുമ്പോൾ യാത്രക്കാർക്ക് അവരുടെ മൊബൈൽ ഫോണുകളിൽ മുൻകൂട്ടി മുന്നറിയിപ്പുകൾ ലഭിക്കും.
ദേശീയ പാത ഉപയോക്താക്കൾക്ക് കൃത്യസമയത്ത് വിവരങ്ങൾ നൽകി, അതനുസരിച്ച് വേഗതയും ഡ്രൈവിങ് രീതിയും ക്രമീകരിക്കാൻ അവരെ പ്രാപ്തരാക്കുകയാണ് ഈ സംരംഭത്തിൻ്റെ ലക്ഷ്യം. ദേശീയപാത ഉപയോക്താക്കൾക്ക് എസ്എംഎസ്, വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ, കോളുകൾ എന്നിവയിലൂടെ മുന്നറിയിപ്പുകൾ അയയ്ക്കും. എൻഎച്ച്എഐയുടെ നിലവിലുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളായ ‘രാജ്മാർഗ് യാത്ര’ മൊബൈൽ ആപ്ലിക്കേഷൻ, എമർജൻസി ഹെൽപ്പ്‌ലൈൻ നമ്പർ 1033 എന്നിവയുമായി ഈ സംവിധാനം ഘട്ടം ഘട്ടമായി സംയോജിപ്പിക്കും.
വേഗത്തിലുള്ള വിന്യാസം
ദേശീയ പാതകളിലോ സമീപത്തോ ഉള്ള എല്ലാ ജിയോ മൊബൈൽ ഉപയോക്താക്കൾക്കും ഈ ഓട്ടോമേറ്റഡ് സംവിധാനം പ്രവർത്തിക്കും. നിലവിലുള്ള ടെലികോം ടവറുകൾ ഉപയോഗിക്കുന്നതിനാൽ, റോഡരികിൽ അധിക ഹാർഡ്‌വെയറുകൾ ഇല്ലാതെ ഈ സംവിധാനം വേഗത്തിൽ വിന്യസിക്കാൻ കഴിയും. രാജ്യത്തെ 50 കോടിയിലധികം വരിക്കാർക്ക് സേവനം നൽകുന്ന ജിയോയുടെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ ഈ തന്ത്രപരമായ പങ്കാളിത്തത്തിലൂടെ പ്രയോജനപ്പെടുത്തും.
Also read – ഔദ്യോഗിക ചർച്ചകൾ പാർട്ടിയിൽ തുടങ്ങിയില്ല…. സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖർ
ദേശീയ പാതകളിലെ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള റോഡ് സുരക്ഷാ മാനേജ്മെൻ്റിൽ ഈ സംരംഭം ഒരു പുതിയ നാഴികക്കല്ലാകുമെന്ന് എൻഎച്ച്എഐ ചെയർമാൻ സന്തോഷ് കുമാർ യാദവ് പറഞ്ഞു. ടെലികോം ശൃംഖലയുടെ വ്യാപ്തി ഉപയോഗിച്ച് സമയബന്ധിതമായി സുരക്ഷാ മുന്നറിയിപ്പുകൾ നൽകാൻ ഇതിലൂടെ സാധിക്കുമെന്ന് റിലയൻസ് ജിയോ പ്രസിഡൻ്റ് ജ്യോതീന്ദ്ര താക്കർ വ്യക്തമാക്കി.
ഈ സംവിധാനം റോഡപകടങ്ങൾ ഗണ്യമായി കുറയ്ക്കാൻ സഹായിക്കുമെന്ന് എൻഎച്ച്എഐ അറിയിച്ചു. മറ്റ് ടെലികോം സേവന ദാതാക്കളുമായും എൻഎച്ച്എഐ സമാനമായ പ്രവർത്തനങ്ങൾ നടത്താൻ ഉദ്ദേശിക്കുന്നുണ്ട്.