Sanchar Saathi APP: എന്താണ് സഞ്ചാർ സാത്തി ആപ്പ്? ഡിലീറ്റ് ചെയ്താൽ എന്ത് സംഭവിക്കും?
നവംബർ 28 മുതൽ 90 ദിവസത്തിനുള്ളിൽ ഇന്ത്യയിൽ നിർമ്മിച്ചതോ ഇറക്കുമതി ചെയ്യുന്നതോ ആയ എല്ലാ ഹാൻഡ്‌സെറ്റുകളിലും സഞ്ചാർ സാത്തി ആപ്പ് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യണമെന്ന് ആവശ്യമുയർന്നിരുന്നു
ന്യൂഡൽഹി: സുരക്ഷക്കായി ഒരുക്കിയിരിക്കുന്നതാണെങ്കിലും വിവാദത്തിൽ എത്തിപ്പെടാനായിരുന്നു സഞ്ചാർ സാത്തി ആപ്പിൻ്റെ വിധി. പേര് പോലെ തന്നെ എല്ലാത്തിനും ഒപ്പം നിൽക്കുന്ന, സഹായങ്ങൾ ലഭ്യമാക്കുന്നൊരു ആപ്പാണിത്. എന്താണ് സഞ്ചാർ സാത്തി ആപ്പ് ലഭ്യമാക്കുന്ന ആ സഹായങ്ങൾ എന്നറിയാമോ? അതിനെ പറ്റിയാണ് പരിശോധിക്കുന്നത്.
മൊബൈൽ ഫോൺ ഉപയോക്താക്കൾക്കായി
മൊബൈൽ ഫോൺ ഉപയോക്താക്കൾ നേരിടേണ്ടി വരുന്ന വിവിധ തരത്തിലുള്ള സൈബർ തട്ടിപ്പ്, സിംകാർഡ് തട്ടിപ്പ്, ഫോൺ മോഷണം എന്നിവ തടയാൻ കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് പുറത്തിറക്കിയ സംവിധാനമാണ്’സഞ്ചാർ സാഥി. മൊബൈൽ നഷ്ടപ്പെടുന്നവർക്ക് ഒരു പക്ഷെ പോലീസിൻ്റെ പോലും സഹായമില്ലാതെ അത് ബ്ലോക്ക് ചെയ്യാനും, ട്രാക്ക് ചെയ്യാനും ഇതിൽ സാധിക്കും. ഒരു തവണ ആപ്പിലോ/ പോർട്ടലോ വഴി ബ്ലോക്ക് ചെയ്താൽ പിന്നെ ആ ഫോണിൽ ഏത് സിം ഇട്ടാലും പ്രവത്തിക്കില്ല. ഫോൺ ലഭിച്ചാൽ തിരികെ വീണ്ടും ഐഎംഇഐ അൺ ബ്ലോക്ക് ചെയ്യാനും സാധിക്കും.
വ്യാജ സിംകാർഡുകൾ
നിങ്ങളുടെ പേരിൽ വ്യാജ സിംകാർഡുകൾ ഉപയോഗിക്കുന്നവരെ കണ്ടെത്താനും അത് റിപ്പോർട്ട് ചെയ്യാനും സാധിക്കും. ആളുകളെ പറ്റിക്കുന്ന വ്യാജകോളുകൾ, എസ്എംഎസുകൾ, വാട്സാപ്പ് സന്ദേശങ്ങൾ എന്നിവ കണ്ടെത്താനും റിപ്പോർട്ട് ചെയ്യാനും ഇതിൽ സാധിക്കും.
ഇപ്പോൾ സംഭവിച്ചത്
നവംബർ 28 മുതൽ 90 ദിവസത്തിനുള്ളിൽ ഇന്ത്യയിൽ നിർമ്മിച്ചതോ ഇറക്കുമതി ചെയ്യുന്നതോ ആയ എല്ലാ ഹാൻഡ്‌സെറ്റുകളിലും സഞ്ചാർ സാത്തി ആപ്പ് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കാൻ മൊബൈൽ ഫോൺ നിർമ്മാതാക്കൾക്ക് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ്, നിർദ്ദേശം നൽകിയിരുന്നു. പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ ആപ്പ് നിർബന്ധമായും ഇൻസ്റ്റാൾ ചെയ്യണമെന്ന് ആവശ്യപ്പെട്ട കേന്ദ്രത്തിന്റെ ഉത്തരവ് പ്രതിപക്ഷത്തിന്റെ വ്യാപകമായ വിമർശനത്തിനും ആശങ്കയ്ക്കും ഇടയാക്കിയിരുന്നു. എന്നാൽ പിന്നീട് ഇത് എല്ലാവർക്കും ബാധകമല്ലെന്നും ആവശ്യമില്ലെങ്കിൽ ഡിലീറ്റ് ചെയ്യാമെന്നും കേന്ദ്ര വാർത്താ വിനിമയ വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കിയിരുന്നു.