Cyber Attacks: 15 ലക്ഷം സൈബറാക്രമണങ്ങൾ, പ്രധാന വെബ്സൈറ്റുകൾ ലക്ഷ്യം- പിന്നിൽ പാക്ക് ഹാക്കർമാർ
പാകിസ്ഥാൻ, ബംഗ്ലാദേശ്, മിഡിൽ ഈസ്റ്റേൺ മേഖല എന്നിവിടങ്ങളിൽ നിന്നാണ് ഈ ആക്രമണങ്ങൾ ഉണ്ടായത്. 15 ലക്ഷം ആക്രമണങ്ങളിൽ 150 എണ്ണം മാത്രമാണ് വിജയിച്ചതെന്നും സൈബർ വിഭാഗം പറയുന്നു
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ രാജ്യത്തെ പ്രധാന വെബ്സൈറ്റുകളെ ലക്ഷ്യം വെച്ച് പാക്ക് ഹാക്കർമാരുടെ സൈബറാക്രമണം. 15 ലക്ഷത്തിലധികം സൈബർ ആക്രമണങ്ങൾ ഇതിനോടകം നടന്നു കഴിഞ്ഞെന്നും ഏഴ് അഡ്വാൻസ്ഡ് പെർസിസ്റ്റന്റ് ത്രെറ്റ് (എപിടി) ഗ്രൂപ്പുകളെ ഇന്ത്യൻ സൈബർ ഏജൻസികൾ തിരിച്ചറിഞ്ഞതായും അധികൃതർ വ്യക്തമാക്കി. ഇന്ത്യയിലെ പ്രതിരോധ ഉദ്യോഗസ്ഥർ, പത്രപ്രവർത്തകർ എന്നിവരെ ലക്ഷ്യമിട്ടാണ് സൈബറാക്രമണങ്ങൾ. ‘ഡാൻസ് ഓഫ് ഹിലാരി’, ‘കോൾസ് ഫ്രം മിലിട്ടറി’ എന്നീ കോഡ് നാമങ്ങളുള്ള മാൽവെയറുകളാണ് ഇതിനായി ഉപയോഗിക്കുന്നതെന്നും സൈബർ വിദഗ്ധർ കണ്ടെത്തി.
പാകിസ്ഥാൻ, ബംഗ്ലാദേശ്, മിഡിൽ ഈസ്റ്റേൺ മേഖല എന്നിവിടങ്ങളിൽ നിന്നാണ് ഈ ആക്രമണങ്ങൾ ഉണ്ടായത്. 15 ലക്ഷം ആക്രമണങ്ങളിൽ 150 എണ്ണം മാത്രമാണ് വിജയിച്ചതെന്നും സൈബർ വിഭാഗം പറയുന്നു. ഇന്ത്യ-പാക് വെടി നിർത്തലോടെ ആക്രമണങ്ങളുടെ തോത് കുറഞ്ഞതായും കണ്ടെത്തിയിട്ടുണ്ട്. സർക്കാർ വെബ്‌സൈറ്റുകളിൽ ആക്രമണങ്ങൾ കുറഞ്ഞുവെന്നും കണ്ടെത്തിയിട്ടുണ്ട്.
മാൽവെയർ ക്യാമ്പെയ്‌നുകൾ
‘ഡിസ്ട്രിബ്യൂട്ടഡ് ഡിനയൽ-ഓഫ്-സർവീസ് (DDoS)’, ‘ജിപിഎസ് സ്പൂഫിംഗ്’ എന്നിവയുൾപ്പെടെയുള്ള മാൽവെയർ കാമ്പെയ്‌നുകളാണ് സൈബറാക്രമണത്തിനായി ഹാക്കർമാർ ഉപയോഗിച്ചത്. ഇതുവഴി നിർണ്ണായകമായ വിവരങ്ങൾ സംരക്ഷിക്കുകയും, വിവര ചോർച്ച തടയുകയും ചെയ്തതായി കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്. വെബ്സൈറ്റുകളുടെ സുരക്ഷ സംബന്ധിച്ച് ഇതിനോടകം നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. അതേസമയം ഹാക്കർമാരുടെ ഉറവിടം കണ്ടെത്താൻ സൈബർ വിദ്ഗ്ദർ പരിശോന ആരംഭിച്ചിട്ടുണ്ട്.