Kerala Local Body Election Result 2025: ‘പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചിട്ട് നമ്മക്കിട്ട് വെച്ചു’; വോട്ടര്‍മാരെ അപമാനിച്ച് എം.എം മണി
MLA MM Mani Controversial Remarks: പെന്‍ഷന്‍ വാങ്ങി ശാപ്പിട്ടിട്ട് തങ്ങള്‍ക്കെതിരായി വോട്ടു ചെയ്തുവെന്നാണ് മണിയുടെ പ്രതികരണം. ജനങ്ങള്‍ കാണിച്ചത് നന്ദികേടാണെന്നും മണി ആരോപിച്ചു.
ഇടുക്കി: തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ വോട്ടർമാരെ കടുത്തഭാഷയില്‍ അപമാനിച്ച് സിപിഎം നേതാവും എംഎൽഎയുമായ എം.എം മണി. പെന്‍ഷന്‍ വാങ്ങി ശാപ്പിട്ടിട്ട് തങ്ങള്‍ക്കെതിരായി വോട്ടു ചെയ്തുവെന്നാണ് മണിയുടെ പ്രതികരണം. ജനങ്ങള്‍ കാണിച്ചത് നന്ദികേടാണെന്നും മണി ആരോപിച്ചു.
നല്ല ഒന്നാന്തരം പെന്‍ഷന്‍ മേടിച്ചിട്ട് ഭംഗിയായി ശാപ്പാടും കഴിച്ച ശേഷം നല്ല ഭംഗിയായി നമ്മക്കിട്ട് വെച്ചു എന്നാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന പ്രവർത്തനങ്ങൾക്കും ജനക്ഷേമ പരിപാടികൾക്കും ആയിരുന്നു വോട്ടെങ്കിൽ ഒരു കാരണവശാലും എൽഡിഎഫിന് ഇത്രയും വലിയ തോൽവി ഉണ്ടാകില്ലായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
റോഡ്, പാലം, മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍, ഇത്തരത്തിലുള്ള ജനക്ഷേമ പരിപാടികള്‍ കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെ നടന്നിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ഭരണ വിരുദ്ധ വികാരം എന്ന് പറയാറായിട്ടില്ല. തോല്‍വിക്ക് കാരണമെന്തെന്ന് പഠിക്കുമെന്നും തിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read:45 വർഷത്തെ ഇടതുചായ്വിന് അവസാനം; കൊല്ലം കോർപ്പറേഷൻ പിടിച്ച് യുഡിഎഫിൻ്റെ ചരിത്രവിജയം
അതേസമയം വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ എല്‍ഡിഎഫിന് കനത്ത പരാജയമാണ് നേരിടുന്നത്. നാല് കോര്‍പറേഷനുകളില്‍ യുഡിഎഫ് മുന്നേറുകയാണ്. കോഴിക്കോട് എൽഡിഎഫും തിരുവനന്തപുരം എൻഡിഎയും മുന്നേറുകയാണ്. കൊല്ലം, കൊച്ചി, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിൽ യുഡിഎഫ് ഭരണം ഉറപ്പിച്ചു. ഗ്രാമ പഞ്ചായത്തുകളിൽ യുഡിഎഫ് വൻമുന്നേറ്റമാണ് നടത്തിയത്. ബ്ലോക്ക് പഞ്ചായത്തുകളിലും യുഡിഎഫിന് മേൽക്കൈ നിലനിർത്താനായി.