Realme Neo 8: ഇപ്പോ ബാറ്ററി കപ്പാസിറ്റിയ്ക്കാണോ ഡിമാൻഡ്?; വമ്പൻ ബാറ്ററിയുള്ള ഫോണുമായി റിയൽമി
Realme Neo 8 To Be Launched: റിയൽമി നിയോ 8 പുറത്തിറങ്ങാനൊരുങ്ങുന്നു. 8000 എംഎഎച്ച് ബാറ്ററി കപ്പാസിറ്റിയുള്ള ഫോണാണ് റിയൽമി നിയോ 8.
വമ്പൻ ബാറ്ററി കപ്പാസിറ്റിയുള്ള ഫോണുമായി റിയൽമി. വൺപ്ലസ്, ഹോണർ തുടങ്ങിയ കമ്പനികൾ ബാറ്ററി കപ്പാസിറ്റിയുള്ള ഫോണുകൾ പുറത്തിറക്കിയതിന് പിന്നാലെയാണ് റിയൽമി വമ്പൻ ബാറ്ററിയുള്ള ഫോൺ പുറത്തിറക്കിയത്. റിയൽമി നിയോ 8 ആണ് 8000 എംഎഎച്ച് കപ്പാസിറ്റിയുള്ള ബാറ്ററിയുമായി പുറത്തിറങ്ങുക.
അടുത്ത വർഷം ഫോൺ പുറത്തിറങ്ങുമെന്നാണ് വിവരം. 2026 ജനുവരിയിൽ തന്നെ ഫോൺ ചൈനീസ് മാർക്കറ്റിൽ പുറത്തിറങ്ങിയേക്കും. റിയൽമി ജിടി 8 എന്ന പേരിൽ ഇത് ഇന്ത്യയടക്കമുള്ള മറ്റ് ഗ്ലോബൽ മാർക്കറ്റുകളിൽ പുറത്തിറങ്ങുമെന്നും വിവരമുണ്ട്. റിയൽമി ജിടി 7 കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് ഇന്ത്യയിൽ റിലീസായത്. അതുകൊണ്ട് തന്നെ റിയൽമി ജിടി 8, 2026 മെയ് മാസത്തിൽ ഇന്ത്യയിൽ പുറത്തിറങ്ങിയേക്കും.
Also Read: Honor Win: വൺപ്ലസ് മനസിൽ കണ്ടത് ഹോണർ മാനത്ത് കണ്ടു; വമ്പൻ ബാറ്ററിയുമായി പുതിയ മോഡൽ പുറത്ത്
സ്നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്സെറ്റിലാണ് ഫോൺ പ്രവർത്തിക്കുക. അമോഎൽഇഡി സ്ക്രീൻ ആവും ഫോണിലുണ്ടാവുക. 8000 എംഎഎച്ച് ബാറ്ററിയും 80 വാട്ട് വയർഡ് ചാർജിംഗും ഫോണിൽ സപ്പോർട്ട് ചെയ്യും. ത്രീഡി അൾട്രസോണിക് ഇൻ ഡിസ്പ്ലേ ഫിംഗർപ്രിൻ്റ് സ്കാനർ, ഹാപ്ടിക്സിനായി എക്സ് ആക്സിസ് ലിനിയർ മോട്ടർ തുടങ്ങി പലതരം ഫീച്ചറുകളും ഫോണിലുണ്ട്. കഴിഞ്ഞ മാസം പുറത്തുവന്ന റിപ്പോർട്ട് പ്രകാരം റിയൽമി നിയോ 8ൻ്റെ സ്ക്രീൻ സൈസ് 6.78 ആവുമെന്നായിരുന്നു വിവരം. ഇതേപ്പറ്റി വ്യക്തതയില്ല.
10,000 എംഎഎച്ച് ബാറ്ററി കപ്പാസിറ്റിയുള്ള ഫോണാണ് ഹോണർ പുറത്തിറക്കിയത്. ഹോണർ വിൻ, ഹോണർ വിൻ ആർടി എന്നീ മോഡലുകൾ ചൈനീസ് മാർക്കറ്റിൽ പുറത്തിറങ്ങിയിരുന്നു. 9000 എംഎഎച്ചിൻ്റെ ബാറ്ററി കപ്പാസിറ്റിയുമായി വൺപ്ലസ് ടർബോ ഉടൻ പുറത്തിറങ്ങും. ഇതിൻ്റെ വാർത്തകൾക്കിടെയാണ് 10,000 എംഎഎച്ച് ബാറ്ററിയുമായി ഹോണർ എത്തുന്നത്.