Made In India Chips: ഒടുവില്‍ ആ അംഗീകാരവും കിട്ടി, ഇന്ത്യന്‍ നിര്‍മിത ചിപ്പ് കൂടുതല്‍ ഉയരങ്ങളിലേക്ക്
Telecom System TEC certification: സെമികണ്ടക്ടർ രൂപകൽപ്പനയിലും നിർമ്മാണത്തിലും ഇന്ത്യ കൈവരിച്ച പുരോഗതി അടയാളപ്പെടുത്തുന്നതാണ് ഈ നേട്ടം. ഇത് രാജ്യാന്തര ടെലികോം, ഇലക്ട്രോണിക്‌സ് രംഗത്ത് ഇന്ത്യയുടെ സ്ഥാനം കൂടുതല്‍ ശക്തമാക്കുന്നു
ന്യൂഡല്‍ഹി: ഇന്ത്യന്‍ നിര്‍മിത ചിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ടെലികോം സിസ്റ്റം ഗുണനിലവാര പരിശോധനകള്‍ വിജയിച്ചതായി മന്ത്രി അശ്വിനി വൈഷ്ണവ്. ടിഇസി (ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ് സെന്റർ) സര്‍ട്ടിക്കേഷനും ലഭിച്ചു. എക്‌സിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇതാദ്യമായാണ് ഇത്തരമൊരു നേട്ടം കൈവരിക്കുന്നത്. ഇത് ഇന്ത്യയുടെ സെമികണ്ടക്ടർ രംഗത്തെ വലിയ കുതിച്ചുചാട്ടമാണെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയുടെ ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ് സെന്റർ നൽകുന്ന ഔദ്യോഗിക അംഗീകാരമാണ് ടിഇസി സർട്ടിഫിക്കേഷൻ.
ഗുണനിലവാരവും, മാനദണ്ഡങ്ങളും പാലിച്ചെങ്കില്‍ മാത്രമേ ഈ അംഗീകാരം ലഭിക്കൂ. ഇന്ത്യന്‍ നിര്‍മിത ചിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ടെലികോം സിസ്റ്റം ഗുണനിലവാരവും, മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ടിഇസി സര്‍ട്ടിഫിക്കേഷന്‍ സ്ഥിരീകരിക്കുന്നു.
സെമികണ്ടക്ടർ രൂപകൽപ്പനയിലും നിർമ്മാണത്തിലും ഇന്ത്യ കൈവരിച്ച പുരോഗതി അടയാളപ്പെടുത്തുന്നതാണ് ഈ നേട്ടം. ഇത് രാജ്യാന്തര ടെലികോം, ഇലക്ട്രോണിക്‌സ് രംഗത്ത് ഇന്ത്യയുടെ സ്ഥാനം കൂടുതല്‍ ശക്തമാക്കുന്നു. നൂതന സെമികണ്ടക്ടർ ഫാബ്രിക്കേഷന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിൽ ഇന്ത്യ ഇതുവരെ കാര്യമായ പുരോഗതി കൈവരിച്ചിട്ടില്ലെങ്കിലും, നോഡ് നിർമ്മാണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ചിപ്പ് നിർമ്മാണരംഗത്ത് പുരോഗതി കൈവരിക്കുകയാണ്.
Big leap for India’s semiconductor story!
In a first, a telecom system running on ‘made in India’ chips has cleared the standards & quality tests (TEC certification). 🇮🇳 pic.twitter.com/tFQLF04Ool
— Ashwini Vaishnaw (@AshwiniVaishnaw) September 5, 2025
ഓട്ടോമോട്ടീവ്, ടെലികോം, വ്യാവസായിക ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളില്‍ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നത്. ആഗോള വിതരണ ശൃംഖലയിലെ ഒരു നിർണായക വിടവ് നികത്താൻ ഇന്ത്യ സ്വയം സ്ഥാനം പിടിക്കുകയാണെന്ന് ‘ബാസ്റ്റിയൻ റിസർച്ച്’ വിലയിരുത്തി.