Airport Checking: വിമാനത്താവളത്തില്‍ ലാപ്‌ടോപ് പുറത്തെടുക്കാന്‍ ആവശ്യപ്പെടുന്നത് എന്തിന്? കാരണം ആ ടെക്‌നിക്കല്‍ പ്രശ്‌നങ്ങള്‍
Airport Security Check: ബാഗിനുള്ളില്‍ ലാപ്‌ടോപ്പുമായാണ് വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതെങ്കില്‍ യാത്രക്കാര്‍ ഒന്ന് പെടും. പരിശോധനയുടെ ഭാഗമായി ലാപ്‌ടോപ് പുറത്തെടുക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിങ്ങളോട് തീര്‍ച്ചയായും ആവശ്യപ്പെടും
വിമാനത്താവളത്തിലെ സുരക്ഷാ പരിശോധന അതിശക്തമാണെന്ന് പ്രത്യേകം പറയേണ്ടതില്ല. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി കര്‍ശനമായ പരിശോധനങ്ങളിലൂടെ മാത്രമേ യാത്രക്കാരെ കടത്തിവിടൂ. ലഗേജ് അടക്കം സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കും. അതില്‍ ലാപ്‌ടോപ്പ് ഉണ്ടെങ്കില്‍ അത് പ്രത്യേകം പുറത്തെടുക്കാന്‍ ആവശ്യപ്പെടും. ലാപ്‌ടോപ് പുറത്തെടുക്കാന്‍ ആവശ്യപ്പെടുന്നതിന് പിന്നില്‍ വ്യക്തമായ കാരണങ്ങളുണ്ട്. അത് എന്താണെന്ന് വിശദമായി നോക്കാം.
ടെക്‌നിക്കല്‍ പ്രശ്‌നങ്ങളാണ് ഇതിന് കാരണം. സ്‌കാനര്‍ പരിശോധനയില്‍ ലാപ്‌ടോപ്പ് ഒരു തടസമാകുന്നതുകൊണ്ടാണ് അത് പുറത്തെടുക്കാന്‍ ആവശ്യപ്പെടുന്നത്. ബാഗിനുള്ളിലെ ചെറിയ വസ്തുക്കള്‍ ലാപ്‌ടോപ്പ് ഉണ്ടെങ്കില്‍ സ്‌കാനിങില്‍ കൃത്യമായി കാണാനാകില്ല. ചാര്‍ജറുകള്‍, പേനകള്‍, കോയിനുകള്‍ തുടങ്ങിയവ കണ്ടെത്താന്‍ ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കും.
ഇങ്ങനെ പരിശോധിക്കുമ്പോള്‍ ഇത്തരം ചെറിയ വസ്തുക്കള്‍ നിഴലുകള്‍ പോലെയാകും കാണപ്പെടുന്നത്. ഉദ്യോഗസ്ഥര്‍ക്ക് ഇത് സംശയാസ്പദമായി തോന്നാം. അതുകൊണ്ട്, കൂടുതല്‍ വ്യക്തതയ്ക്കായാണ് ലാപ്‌ടോപ്പുകള്‍ പുറത്തെടുക്കാന്‍ ആവശ്യപ്പെടുന്നത്.
ലാപ്‌ടോപ്പുകളിലെ ലിഥിയം അയണ്‍ ബാറ്ററികളാണ് മറ്റൊരു പ്രശ്‌നം. ഇവ സെന്‍സിറ്റീവാണ്. ഇതില്‍ കേടുപാടുകളുണ്ടെങ്കില്‍ അവ അമിതമായി ചൂടായേക്കാം. ചിലപ്പോള്‍ തീപിടിത്തത്തിന് വരെ കാരണമാകും. കള്ളക്കടത്തുകാരുടെ കുരുട്ടുബുദ്ധിയാണ് മറ്റൊരു വിഷയം. മയക്കുമരുന്നുകളോ അപകടകരമായ വസ്തുക്കളോ പോലും ഒളിപ്പിക്കാൻ തട്ടിപ്പുകാര്‍ ലാപ്‌ടോപ്പുകള്‍ ഉപയോഗിക്കും. ഇത്തരത്തില്‍ ലാപ്‌ടോപ് ദുരുപയോഗം ചെയ്തിട്ടുള്ള നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Also Read: ഒരാൾക്ക് എത്ര സിം കാർഡ് എടുക്കാം?; രണ്ട് ലക്ഷം രൂപ പിഴയടക്കേണ്ടെങ്കിൽ ഇത് ശ്രദ്ധിച്ചോളൂ
2022ൽ വിർജീനിയയിലെ റിച്ച്മണ്ട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരു ലാപ്‌ടോപ്പ് കേസിംഗിൽ ഒളിപ്പിച്ച നിലയിൽ ഒരു ഇരട്ട ബ്ലേഡുള്ള കത്തി കണ്ടെത്തിയിരുന്നു.
കള്ളക്കടത്ത് തടയാന്‍ ലാപ്‌ടോപ്പ് പ്രത്യേകം പരിശോധിക്കേണ്ടത് അനിവാര്യമായി മാറുന്നത് ഇത്തരം സാഹചര്യങ്ങളിലാണ്. ബാഗുകളില്‍ ലാപ്‌ടോപ്പ് ഉണ്ടെങ്കില്‍ പരിശോധനയ്ക്ക് കൂടുതല്‍ സമയം ആവശ്യമായി വരും. എന്നാല്‍ ഇത് പുറത്തെടുത്താല്‍ അത്രയും സമയം വേണ്ടെന്നതാണ് ഒരു പ്രത്യേകത. ഇലക്ട്രോണിക് ഉപകരണങ്ങൾ നീക്കം ചെയ്യാതെ തന്നെ പരിശോധിക്കാൻ കഴിയുന്ന നൂതന 3D സ്കാനറുകൾ ചില വിമാനത്താവളങ്ങളിൽ പരീക്ഷിക്കുന്നുണ്ട്. ഇത് പ്രാവര്‍ത്തിമായാല്‍ ഭാവിയില്‍ പരിശോധനാ രീതികളില്‍ മാറ്റം വന്നേക്കാം.