Donald Trump: തിരഞ്ഞെടുപ്പ് തിരിച്ചടി; ട്രംപിന്റെ വിശ്വസ്തന് വൈറ്റ് ഹൗസിൽ നിർണായക പദവി
Stephen Miller Replaces Susie Wiles as Trump's Chief of Staff: സൂസി വൈല്‍സ് മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുവെന്നും ചീഫ് ഓഫ് സ്റ്റാഫ് എന്ന നിലയിലെ സേവനത്തിന് നന്ദിയുണ്ടെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലെ കുറിപ്പില്‍ വ്യക്തമാക്കി. തന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലേക്ക് വൈല്‍സ് മാറുമെന്നും അദ്ദേഹം അറിയിച്ചു. മാറ്റം സ്ഥിരീകരിച്ച് വൈല്‍സും എക്‌സില്‍ കുറിപ്പ് പങ്കുവെച്ചു.

ഡൊണാള്‍ഡ് ട്രംപ്
വാഷിങ്ടണ്‍: അമേരിക്കന്‍ മിഡ്ടേം തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് തിരിച്ചടി നേരിട്ടതിന് പിന്നാലെ വൈറ്റ് ഹൗസില്‍ നിര്‍ണായക മാറ്റവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിലവിലെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫന്‍ മില്ലറെ പുതിയ ചീഫ് ഓഫ് സ്റ്റാഫായി നിയമിച്ചു. നിലവിലെ ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈല്‍സിന് പകരമാണ് മില്ലര്‍ ചുമതലയേല്‍ക്കുന്നത്. നവംബര്‍ ഒന്‍പത് തിങ്കളാഴ്ച മുതല്‍ പുതിയ നിയമനം പ്രാബല്യത്തില്‍ വരും.
ട്രംപിന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കായി സൂസി വൈല്‍സ് ഇനി പ്രവര്‍ത്തിക്കും. വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് പദവിയിലെത്തിയ ആദ്യ വനിതയായിരുന്നു വൈല്‍സ്. 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് പിന്നാലെ ട്രംപ് ആദ്യം നിയമിച്ച ഉദ്യോഗസ്ഥരില്‍ ഒരാളും ഇവരായിരുന്നു.
സൂസി വൈല്‍സ് മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുവെന്നും ചീഫ് ഓഫ് സ്റ്റാഫ് എന്ന നിലയിലെ സേവനത്തിന് നന്ദിയുണ്ടെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലെ കുറിപ്പില്‍ വ്യക്തമാക്കി. തന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലേക്ക് വൈല്‍സ് മാറുമെന്നും അദ്ദേഹം അറിയിച്ചു. മാറ്റം സ്ഥിരീകരിച്ച് വൈല്‍സും എക്‌സില്‍ കുറിപ്പ് പങ്കുവെച്ചു. വൈറ്റ് ഹൗസിലെ ചീഫ് ഓഫ് സ്റ്റാഫ് എന്ന നിലയില്‍ വെള്ളിയാഴ്ചയാണ് അവസാന ദിവസമെന്നും ട്രംപിനൊപ്പമുള്ള പ്രവര്‍ത്തനം തുടരുമെന്നും അവര്‍ വ്യക്തമാക്കി.
ആരാണ് സ്റ്റീഫന്‍ മില്ലര്‍?
ട്രംപിന്റെ ഏറ്റവും വിശ്വസ്തരായ ഉപദേശകരിലൊരാളാണ് സ്റ്റീഫന്‍ മില്ലര്‍. കുടിയേറ്റ വിഷയത്തില്‍ കടുത്ത നിലപാടുകള്‍ സ്വീകരിക്കുന്ന നേതാവെന്ന നിലയിലാണ് അദ്ദേഹം പ്രധാനമായും അറിയപ്പെടുന്നത്. ട്രംപിന്റെ കുടിയേറ്റ നയങ്ങള്‍ രൂപപ്പെടുത്തുന്നതിലും അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നതിലും മില്ലര്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.
2016ലെ ട്രംപിന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രസംഗങ്ങള്‍ തയാറാക്കുന്ന ചുമതലയിലൂടെയാണ് മില്ലര്‍ രാഷ്ട്രീയരംഗത്ത് ശ്രദ്ധ നേടിയത്. ട്രംപിന്റെ ആദ്യ ഭരണകാലത്തും പ്രധാന ഉപദേശകനായും പ്രസംഗരചനാ വിഭാഗത്തിന്റെ ഡയറക്ടറായും പ്രവര്‍ത്തിച്ചു. നിലവില്‍ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ഫോര്‍ പോളിസി, ഹോംലാന്‍ഡ് സെക്യൂരിറ്റി ഉപദേഷ്ടാവ് എന്നീ ചുമതലകള്‍ വഹിക്കുന്ന മില്ലര്‍ അമേരിക്കന്‍ ഭരണകൂടത്തിന്റെ ആഭ്യന്തര നയങ്ങളില്‍ ശക്തമായ സ്വാധീനമുള്ള വ്യക്തിയാണ്.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് മിഡ്ടേം തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് ട്രംപിന്റെ ഈ നീക്കം. സാമ്പത്തിക നയങ്ങള്‍, ഇറാനുമായുള്ള യുദ്ധം, താരിഫ് നടപടികള്‍ തുടങ്ങിയ വിഷയങ്ങളില്‍ ഭരണകൂടത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പുതിയ നിയമനം ട്രംപിന്റെ ഭരണനയങ്ങളില്‍ കൂടുതല്‍ കടുത്ത സമീപനത്തിന് വഴിയൊരുക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
English Summary
Donald Trump has appointed Stephen Miller as the new White House chief of staff, replacing Susie Wiles after Republican losses in the midterm elections. Miller will assume office on November 9, while Wiles moves to Trump’s political operation.