Donald Trump: പ്രധാനമന്ത്രിയായി നെതന്യാഹു അല്ലെങ്കില്‍ ഇസ്രായേലിന് സര്‍വ്വനാശം: ട്രംപ്
Donald Trump and Benjamin Netanyahu Meeting: നെതന്യാഹുവിനെ യുദ്ധകാല പ്രധാനമന്ത്രി എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. അദ്ദേഹം യുദ്ധകാലത്തെ പ്രധാനമന്ത്രിയാണ്, അദ്ദേഹം അത്ഭുതകരമായ ജോലികള്‍ ചെയ്തു. വളരെ അപകടകരമായ കാലഘട്ടത്തില്‍ നിന്ന് നെതന്യാഹു ഇസ്രായേലിനെ രക്ഷിച്ചു.
വാഷിങ്ടണ്‍: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ പുകഴ്ത്തി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഫ്‌ളോറിഡയില്‍ ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കായി നെതന്യാഹു എത്തിയപ്പോഴായിരുന്നു പ്രശംസ. ഗാസ വെടിനിര്‍ത്തല്‍ പദ്ധതിയുടെ അടുത്ത ഘട്ടത്തിലേക്ക് നീങ്ങാന്‍ തങ്ങള്‍ തീരുമാനിച്ചിരിക്കുന്നുവെന്ന് ട്രംപ് പറഞ്ഞു.
നെതന്യാഹുവിനെ യുദ്ധകാല പ്രധാനമന്ത്രി എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. അദ്ദേഹം യുദ്ധകാലത്തെ പ്രധാനമന്ത്രിയാണ്, അദ്ദേഹം അത്ഭുതകരമായ ജോലികള്‍ ചെയ്തു. വളരെ അപകടകരമായ കാലഘട്ടത്തില്‍ നിന്ന് നെതന്യാഹു ഇസ്രായേലിനെ രക്ഷിച്ചു. നെതന്യാഹുവിന് പകരം മറ്റൊരാളാണ് പ്രധാനമന്ത്രിയായി ഉണ്ടായിരുന്നതെങ്കില്‍ ഇസ്രായേല്‍ ഇന്നുണ്ടാകില്ലായിരുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഗാസ വെടിനിര്‍ത്തല്‍ രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നതിന് മുമ്പ് ഹമാസ് പൂര്‍ണമായ നിരായുധീകരണത്തിന് തയാറാകണമെന്നും ട്രംപ് അഭിപ്രായപ്പെട്ടു. അതേസമയം, ഈ വര്‍ഷം അമേരിക്കയില്‍ വെച്ച് ഇരുനേതാക്കളും തമ്മില്‍ നടത്തുന്ന അഞ്ചാമത്തെ കൂടിക്കാഴ്ചയാണിത്. ട്രംപിന്റെ ഉടമസ്ഥതയിലുള്ള മാര്‍ എ ലാഗോ റിസോട്ടില്‍ വെച്ചായിരുന്നു ചര്‍ച്ച.
നെതന്യാഹുവിന്റെ ആവശ്യ പ്രകാരമാണ് ചര്‍ച്ചകള്‍ നടക്കുന്നതെന്ന് ട്രംപ് പറഞ്ഞു. വരുന്ന ജനുവരിയില്‍ ഗാസയില്‍ പലസ്തീന്‍ ടെക്‌നോക്രാറ്റിക് സര്‍ക്കാരിനെ പ്രഖ്യാപിക്കാനും അന്താരാഷ്ട്ര സേനയെ വിന്യസിക്കാനും ട്രംപ് പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി നെതന്യാഹു യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയെയും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിനെയും കണ്ടതായി അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കി.
അതിനിടെ, പൂര്‍ണമായ നിരായുധീകരണം വേണമെന്ന ട്രംപിന്റെ ആവശ്യം ഹമാസ് നേതൃത്വം തള്ളി. ആയുധങ്ങള്‍ ഉപേക്ഷിക്കില്ലെന്ന് ഹമാസിന്റെ സായുധ വിഭാഗം അറിയിച്ചു. തങ്ങളുടെ ആളുകള്‍ സ്വയം പ്രതിരോധിക്കുകയാണ്. അധിനിവേശം നിലനില്‍ക്കുന്നിടത്തോളം കാലം അവര്‍ ആയുധങ്ങള്‍ ഉപേക്ഷിക്കില്ലെന്ന് എസ്സെഡിന്‍ അല്‍ ഖസ്സാം ബ്രിഗേഡുകള്‍ വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി.