Khaleda Zia: ഹസീനയുടെ രാഷ്ട്രീയശത്രു; ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി അന്തരിച്ചു
Khaleda Zia passes away: മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു. നവംബര്‍ 23നാണ് അണുബാധയെ തുടര്‍ന്ന് ഖാലിദ സിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യുമോണിയയും ബാധിച്ചിരുന്നു
ധാക്ക: മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) ചെയർപേഴ്‌സണുമായ ഖാലിദ സിയ (80) അന്തരിച്ചു. പതിറ്റാണ്ടുകളായി ബംഗ്ലാദേശ് രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന ഖാലിദ സിയ, മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാഷ്ട്രീയ ശത്രുവായിരുന്നു. ഏതാനും മാസങ്ങളായി ധാക്കയിലെ എവർകെയർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ ആറിനായിരുന്നു അന്ത്യം.
17 വര്‍ഷത്തെ വിദേശ ജീവിതം അവസാനിപ്പിച്ച് മകന്‍ താരിഖ് റഹ്മാൻ ലണ്ടനില്‍ നിന്ന് ബംഗ്ലാദേശിലേക്ക് മടങ്ങിയെത്തിയതിന് ഏതാനും ദിവസങ്ങള്‍ക്ക് പിന്നാലെയാണ് മരണം. ബംഗ്ലാദേശിൽ പ്രധാനമന്ത്രി പദവിയിലെത്തിയ ആദ്യ വനിതയാണ് ഖാലിദ സിയ.
ബംഗ്ലാദേശ് മുന്‍ പ്രസിഡന്റ് സിയാവുര്‍ റഹ്മാനാണ് ഭര്‍ത്താവ്. 1981-ൽ സിയാവുര്‍ റഹ്മാന്‍ കൊല്ലപ്പെട്ടതിന് ശേഷമാണ് ഖാലിദ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. 1984-ൽ ബിഎൻപിയുടെ നേതൃത്വം ഏറ്റെടുത്തു. പ്രതിപക്ഷ പാര്‍ട്ടിയായ ബിഎന്‍പിയെ 1991-ല്‍ വിജയത്തിലേക്ക് നയിച്ച സിയ തുടര്‍ന്ന് പ്രധാനമന്ത്രിയായി. 1991 മുതൽ 1996 വരെയും വീണ്ടും 2001 മുതൽ 2006 വരെയും ബംഗ്ലാദേശ് പ്രധാനമന്ത്രിയായി പ്രവര്‍ത്തിച്ചു.
നവംബര്‍ 23നാണ് അണുബാധയെ തുടര്‍ന്ന് ഖാലിദ സിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യുമോണിയയും ബാധിച്ചിരുന്നു. ലിവര്‍ സിറോസിസ്, ആര്‍ത്രൈറ്റിസ്, പ്രമേഹം തുടങ്ങി നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഇവരെ അലട്ടിയിരുന്നു. ചികിത്സയ്ക്കായി വിദേശത്തു കൊണ്ടുപോകാന്‍ നീക്കമുണ്ടായിരുന്നു.
നിരവധി അഴിമതി കേസുകള്‍ നേരിടുകയും, തടവില്‍ കഴിയുകയും ചെയ്തിട്ടുണ്ട്. കേസുകള്‍ രാഷ്ട്രീ പ്രേരിതമാണെന്നായിരുന്നു ഖാലിദ സിയയുടെ പ്രതികരണം. ഈ വര്‍ഷം ജനുവരിയില്‍ സുപ്രീം കോടതി സിയയെ കുറ്റവിമുക്തയാക്കി. തുടര്‍ന്ന് ബംഗ്ലാദേശ് രാഷ്ട്രീയത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്താന്‍ ഒരുങ്ങുന്നതിനിടെയാണ് ആരോഗ്യം മോശമായത്.