Donald Trump: ഡോണാൾഡ് ട്രംപിന് ഡിമെൻഷ്യ? ലക്ഷണങ്ങൾ കാണിക്കുന്നതായി കുടുംബാംഗം
Donald Trump: ട്രംപിന്റെ പിതാവ് മരിക്കുന്നതിന് മുമ്പ് എട്ട് വർഷമായി അൽഷിമേഴ്സ് രോഗബാധിതനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മറ്റ് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.
യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് ഡിമെൻഷ്യയുടെ ലക്ഷണങ്ങൾ ഉണ്ടെന്ന് ട്രംപിന്റെ അനന്തരവനും ഫ്രെഡ് ട്രംപ് ജൂനിയറിന്റെ മകനുമായ ഫ്രെഡ് ട്രംപ് മൂന്നാമൻ. കഴിഞ്ഞ ദിവസം സിറിയസ് എക്സ്എമ്മിന്റെ ദി ഡീൻ ഒബെയ്ദള്ള ഷോയിൽ നൽകിയ അഭിമുഖത്തിനിടെയാണ്, ഫ്രെഡ് ട്രംപ് മൂന്നാമൻ ഇക്കാര്യം സൂചിപ്പിച്ചത്.
ട്രംപ് കുടുംബത്തിൽ മുമ്പും സമാനരീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഫ്രെഡ് ട്രംപ് മൂന്നാമൻ പറഞ്ഞു. 1999ൽ ട്രംപിന്റെ പിതാവ് മരിക്കുന്നതിന് മുമ്പ് എട്ട് വർഷമായി അൽഷിമേഴ്സ് രോഗബാധിതനായിരുന്നുവെന്ന് അദ്ദേഹം ഓർമ്മിച്ചു. ഡിമെൻഷ്യ അവരുടെ കുടുംബത്തിൽ ആഴത്തിലുള്ള മുദ്ര പതിപ്പിച്ചിട്ടുണ്ടെന്നും അമ്മാവന്റെ പെരുമാറ്റത്തിൽ ഡിമെൻഷ്യയുടെ ലക്ഷണങ്ങൾ പ്രകടമാകുന്നുണ്ടെന്നും ഫ്രെഡ് പറഞ്ഞു.
ജോൺ വാൾട്ടേഴ്‌സ് ഉൾപ്പെടെ ഡിമെൻഷ്യ ബാധിച്ച മറ്റ് ബന്ധുക്കളുടെ പെരുമാറ്റവും അമ്മാവമായ ട്രംപിന്റെ പെരുമാറ്റവും തമ്മിൽ സമാനതകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഡോണാൾഡ് ട്രംപിന്റെ ശാരീരികമോ മാനസികമോ ആയ ആരോഗ്യത്തെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.
എന്താണ് ഡിമെൻഷ്യ?
തലച്ചോറിന്‍റെ വിവിധ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് ഡിമെൻഷ്യ അഥവാ മറവിരോഗം. ഓർക്കാനും ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും സാധിക്കാത്ത ഈ അവസ്ഥ പ്രായമായവരെയാണ് പൊതുവേ ബാധിക്കുന്നത്.
പ്രധാനപ്പെട്ട ലക്ഷണങ്ങള്‍
ഓർമ്മക്കുറവ്, ചിന്തയിലെ ബുദ്ധിമുട്ടുകൾ, പരസ്പരം ബന്ധമില്ലാതെ സംസാരിക്കുക, സ്ഥലകാലബോധം ഇല്ലാതെ പെരുമാറുക, ഒന്നിലും ശ്രദ്ധിക്കാത്ത അവസ്ഥ, ആശയവിനിമയ പ്രശ്‌നങ്ങൾ, തീരുമാനങ്ങളെടുക്കാനുള്ള ബുദ്ധിമുട്ട്, പരിചിതമായ സ്ഥലങ്ങൾ മറന്നുപോവുക, കുടുംബാംഗങ്ങളെ മറക്കുക, വയലന്‍റായി പെരുമാറുക, ഉറക്കക്കുറവ്.