Burj Khalifa Lightning: ബുർജ് ഖലീഫയിൽ മിന്നൽ പിണരുകൾ പതിച്ചു; ദൃശ്യം പങ്കുവെച്ച് ദുബായ് കിരീടാവകാശി
ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോയ്ക്ക് ദുബായ് എന്നാണ് അടിക്കുറിപ്പ് നൽകിയത്. വീഡിയോ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.

Lightning Strikes Burj Khalifa
ദുബായ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയിൽ ഇടിമിന്നൽ പതിക്കുന്ന ദൃശ്യം പങ്കുവെച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂം. കഴിഞ്ഞ ദിവസം അനുഭവപ്പെട്ട കനത്ത മഴയ്ക്കിടെയാണ് ബുർജ് ഖലീഫയ്ക്ക് മുകളിൽ മിന്നൽ പതിച്ചത്.
വീഡിയോയിൽ ഇരുണ്ടതും മേഘാവൃതവുമായ ആകാശവും ബുർജ് ഖലീഫയുടെ മുകളിൽ അതിശക്തമായ മിന്നൽ പിണർ പതിക്കുന്ന വ്യക്തമായി കാണാം. ഇതിനൊപ്പം മഴയുടേയും ഇടിയുടേയും ശബ്ദവും കേൾക്കാം. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോയ്ക്ക് ദുബായ് എന്നാണ് അടിക്കുറിപ്പ് നൽകിയത്. വീഡിയോ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
Also Read:യുഎഇ സ്‌കൂള്‍ പ്രവേശനത്തിനുള്ള പ്രായപരിധിയില്‍ മാറ്റം; ഈ പ്രായം നിര്‍ബന്ധം
‘അൽ ബഷായർ’ ന്യൂനമർദത്തിന്റെ ഭാഗമായാണ് യുഎഇയിൽ കഴിഞ്ഞ ദിവസം ശക്തമായ മഴ അനുഭവപ്പെട്ടത്. ഇതിനു പിന്നാലെ പലയിടത്തും ജാഗ്രതാ മുന്നറിയിപ്പാണ് പുറപ്പെടുവിച്ചിട്ടുള്ളത്. വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഇതിനു പുറമെ ഷാർജയിലും റാസൽഖൈമയിലും ഇന്ന് രാവിലെ മുതൽ കനത്ത മഴയും ആലിപ്പഴ വീഴ്ചയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഇതിനേക്കാൾ ശക്തമായ രണ്ടാമത്തെ മഴമേഘങ്ങൾ അബുദാബിയിലേക്കും ദുബായിലേക്കും നീങ്ങുമെന്നാണ് പ്രവചനം.