Dubai: ഇനി മാളുകളിൽ നിന്നും വർക്കൗട്ട് ചെയ്യാം; ‘ദുബായ് മല്ലത്തോൺ’ അവതരിപ്പിച്ച് അധികൃതർ
Fitness Initiative In Dubai Malls: ദുബായിലെ മാളുകളിൽ വർക്കൗട്ടിനുള്ള സൗകര്യങ്ങളൊരുക്കി അധികൃതർ. ദുബായ് മല്ലത്തോൺ എന്ന പേരിലാണ് പദ്ധതി.

ദുബായ് മാൾ
മാളുകളിൽ വർക്കൗട്ടിനുള്ള സൗകര്യമൊരുക്കി ദുബായ്. ‘ദുബായ് മല്ലത്തോൺ’ എന്ന പേരിൽ ഷെയ്ഖ് ഹംദാൻ ആണ് ഈ മാസം 24 ന് പുതിയ സംരംഭം അവതരിപ്പിച്ചത്. ഷോപ്പിങ് മാളുകളിൽ സ്പോർട്സ് പാത്ത്‌വെയ്സ് ഒരുക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഓഗസ്റ്റ് മാസം മുതൽ ഈ പദ്ധതി ആരംഭിക്കും. രാവിലെ ഏഴ് മുതൽ പത്ത് വരെയുള്ള സമയത്ത് മാളുകളിലെത്തിയാൽ ഇത് ഉപയോഗിക്കാനാവും.
നടക്കാനും ഓടാനും കഴിയുന്ന പാതകളാണ് ദുബായിലെ ഏഴ് പ്രമുഖ മാളുകളിൽ ഒരുക്കിയിരിക്കുന്നത്. ദുബായ് മാൾ, ദുബായ് ഹിൽസ് മാൾ, സിറ്റി സെൻ്റർ ദെയ്‌ര, സിറ്റി സെൻ്റർ മിർഡിഫ്, മാൾ ഓഫ് ദി എമിറേറ്റ്സ്, ദുബായ് മറീന മാൾ, ദി സ്പ്രിങ്സ് സൂക് എന്നീ മാളുകളിൽ ഈ സൗകര്യം ലഭ്യമാവും. മുതിർന്ന പൗരന്മാർക്കും കുട്ടികൾക്കും ഉൾപ്പെടെ ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാണ് പാത്ത്‌വേകളുടെ രൂപകല്പന. കുട്ടികൾക്കായി പ്രത്യേക ഇടങ്ങളുണ്ട്.
ആരോഗ്യകരമായ ജീവിതരീതി സ്വീകരിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കാനായാണ് ഇത്തരം ഒരു സംരംഭം അവതരിപ്പിക്കുന്നതെന്ന് ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം പറഞ്ഞു. “ഇന്ന് നമ്മൾ ദുബായ് മല്ലത്തോൺ അവതരിപ്പിക്കുകയാണ്. നഗരത്തിലെ ഷോപ്പിങ് മാളുകൾ ഇൻഡോർ ഫിറ്റ്നസ് ട്രാക്കുകളാക്കി മാറ്റുന്ന സംരംഭമാണിത്. ഇത് ആരോഗ്യത്തോടെയിരിക്കാൻ ദുബായ് സമൂഹത്തെ പ്രചോദിപ്പിക്കും.”- അദ്ദേഹം പറഞ്ഞു.