India-Egypt Trade: ആഫ്രിക്കൻ വിപണിയിലേക്ക് ഇന്ത്യയ്ക്ക് പുതിയ വഴി; ഈജിപ്തുമായി വ്യാപാരബന്ധം ശക്തമാക്കും
India Looks to Egypt to Expand Trade Across African Markets: ഇന്ത്യയും ഈജിപ്തും പരസ്പരം മത്സരിക്കുന്ന രാജ്യങ്ങളല്ലെന്നും മറിച്ച് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന പങ്കാളികളാണെന്നും ഗോയല്‍ വ്യക്തമാക്കി. ഇരു രാജ്യങ്ങളിലെയും വ്യവസായ സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നത് ഉഭയകക്ഷി ബന്ധത്തിന് കൂടുതല്‍ കരുത്തുപകരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആഫ്രിക്കന്‍ രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം വിപുലീകരിക്കാന്‍ ഇന്ത്യയ്ക്ക് നിര്‍ണായക പങ്കാളിയാകാന്‍ ഈജിപ്തിന് കഴിയുമെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍. ഇന്ത്യയും ഈജിപ്തും തമ്മില്‍ വ്യാപാരത്തിനും നിക്ഷേപത്തിനും വലിയ സാധ്യതകളുണ്ടെന്നും ആഫ്രിക്കന്‍ വിപണിയിലേക്കുള്ള ഇന്ത്യയുടെ കവാടമായി ഈജിപ്ത് മാറുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയും ഈജിപ്തും പരസ്പരം മത്സരിക്കുന്ന രാജ്യങ്ങളല്ലെന്നും മറിച്ച് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന പങ്കാളികളാണെന്നും ഗോയല്‍ വ്യക്തമാക്കി. ഇരു രാജ്യങ്ങളിലെയും വ്യവസായ സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നത് ഉഭയകക്ഷി ബന്ധത്തിന് കൂടുതല്‍ കരുത്തുപകരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഈജിപ്തിലെത്തിയ ഗോയല്‍ കെയ്റോയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ഇന്ത്യയും ഈജിപ്തും തമ്മിലുള്ള വ്യാപാര-നിക്ഷേപ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകളാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. 132 അംഗ ഇന്ത്യന്‍ വ്യവസായ പ്രതിനിധി സംഘത്തിനാണ് അദ്ദേഹം നേതൃത്വം നല്‍കുന്നത്.
ചരക്കുകളുടെയും സേവനങ്ങളുടെയും വ്യാപാരം വര്‍ധിപ്പിക്കുന്നതിന് ഇരുരാജ്യങ്ങള്‍ക്കും വലിയ സാധ്യതകളുണ്ടെന്ന് മന്ത്രി പറഞ്ഞു. ആഫ്രിക്കയുമായുള്ള ഇന്ത്യയുടെ സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതില്‍ ഈജിപ്തിന് പ്രധാന പങ്കുവഹിക്കാനാകും. ഇരു രാജ്യങ്ങളിലെയും കമ്പനികള്‍ തമ്മിലുള്ള കൂടുതല്‍ ഇടപെടലുകള്‍ പുതിയ വ്യാപാര അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: India-US Trade Deal: അമേരിക്കൻ വിപണിയിൽ ഇന്ത്യയ്ക്ക് മുൻഗണന; വ്യാപാര കരാറിൽ നിർണായക ധാരണ
ഈജിപ്തിലെ പ്രമുഖ വ്യവസായ സ്ഥാപനങ്ങളിലൊന്ന് ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. വിദ്യാഭ്യാസം, ഭക്ഷ്യസംസ്‌കരണം തുടങ്ങിയ മേഖലകളിലായി ഏഴ് മുതല്‍ എട്ട് വരെ മേഖലകളില്‍ നിക്ഷേപ സാധ്യതകള്‍ പരിശോധിക്കുന്നുണ്ടെന്നും ഗോയല്‍ അറിയിച്ചു.
ഇന്ത്യന്‍ വ്യവസായ പ്രതിനിധി സംഘം ഈജിപ്തിലെ വ്യവസായ പ്രമുഖരുമായും ഭരണതലത്തിലുള്ള പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്. വ്യാപാരവും നിക്ഷേപവും വര്‍ധിപ്പിക്കുന്നതിനൊപ്പം സംയുക്ത സംരംഭങ്ങള്‍ക്കും വ്യവസായ സഹകരണത്തിനും പുതിയ വഴികള്‍ തുറക്കുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം.
ജി20 ഉച്ചകോടിയില്‍ ആഫ്രിക്കന്‍ യൂണിയന് സ്ഥിരാംഗത്വം ലഭിച്ചതും ആഗോള സാമ്പത്തിക രംഗത്ത് ആഫ്രിക്കയുടെ പ്രാധാന്യം വര്‍ധിക്കുന്നതിന്റെ സൂചനയാണ്. ഈ സാഹചര്യത്തില്‍ ആഫ്രിക്കന്‍ വിപണികളിലേക്കുള്ള പ്രവേശനത്തിന് ഈജിപ്തുമായുള്ള ബന്ധം ഇന്ത്യയ്ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുമെന്നാണ് വിലയിരുത്തല്‍.
English Summary
Commerce Minister Piyush Goyal said Egypt could become India’s gateway to Africa, offering opportunities to expand trade and investment. He highlighted the complementary strengths of both countries and said greater business engagement could strengthen bilateral relations.