Iran Explosion: ഇറാനില്‍ രണ്ടിടങ്ങളില്‍ സ്‌ഫോടനം; നാല് മരണം; പങ്കില്ലെന്ന് ഇസ്രായേല്‍
Two explosions reported in Iran: ഇറാനില്‍ രണ്ടിടങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളില്‍ കുറഞ്ഞത് നാലു പേരെങ്കിലും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ടെഹ്‌റാന്‍: ഇറാനില്‍ രണ്ടിടങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളില്‍ കുറഞ്ഞത് നാലു പേരെങ്കിലും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തെക്കുപടിഞ്ഞാറൻ നഗരമായ അഹ്വാസിലെ റെസിഡൻഷ്യൽ കെട്ടിടത്തിലാണ് ഒരു സ്‌ഫോടനമുണ്ടായത്. ഇവിടെയുണ്ടായ സ്ഫോടനത്തിൽ നാല് പേർ മരിച്ചതായി ടെഹ്‌റാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
തെക്കൻ തുറമുഖ നഗരമായ ബന്ദർ അബ്ബാസിലും സ്‌ഫോടനമുണ്ടായി. ഇവിടെ ഒരാള്‍ കൊല്ലപ്പെട്ടതായി സൂചനയുണ്ട്. 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഒരു ഉദ്യോഗസ്ഥൻ വാർത്താ ഏജൻസികളോട് പറഞ്ഞു. ബന്ദർ അബ്ബാസിലെ സ്ഫോടനത്തിൽ രണ്ട് നിലകൾ, നിരവധി വാഹനങ്ങൾ, കടകൾ എന്നിവ നശിച്ചതായാണ് റിപ്പോര്‍ട്ട്.
Also Read: Ukraine-Russia: ശൈത്യകാലത്ത് കീവില്‍ യുദ്ധമില്ല; പുടിന്‍ സമ്മതിച്ചതായി ട്രംപ്
സ്‌ഫോടനങ്ങളില്‍ പങ്കില്ലെന്ന് ഇസ്രായേല്‍ അധികൃതര്‍ വ്യക്തമാക്കി. റെവല്യൂഷണറി ഗാർഡ് നാവിക കമാൻഡറെ ലക്ഷ്യം വച്ചാണ് ആക്രമണം നടന്നതെന്ന പ്രചാരണങ്ങള്‍ തെറ്റാണെന്ന് തസ്നിം വാർത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്തു. സ്ഫോടനത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെന്ന് ഹോർമോസ്ഗാൻ പ്രവിശ്യയിലെ ക്രൈസിസ് മാനേജ്‌മെന്റ് ഡയറക്ടർ ജനറൽ മെഹർദാദ് ഹസ്സൻസാദെയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി മെഹർദാദ് ഹസ്സൻസാദെ പറഞ്ഞു. ഇറാനിലെ പ്രതിഷേധങ്ങള്‍ക്കിടെയാണ് സ്‌ഫോടനം നടന്നതെന്നതാണ് ശ്രദ്ധേയം. ഡിസംബറിലാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. രാജ്യത്തിന്റെ മോശം സമ്പദ്‌വ്യവസ്ഥയ്‌ക്കെതിരെയാണ് പ്രതിഷേധം തുടങ്ങിയത്. കുറഞ്ഞത് അയ്യായിരം പേരെങ്കിലും പ്രതിഷേധങ്ങളില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.