Hurricane Melissa: ഭീതി പടർത്തി മെലിസ, മരണം 30 കവിഞ്ഞു
Hurricane Melissa, death toll: ക്യൂബയിൽ തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലും വടക്കു പടിഞ്ഞാറൻ പ്രദേശങ്ങളിലുമാണ് ഏറെയും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്. അടച്ചിട്ട കിങ്സ്റ്റൺ വിമാനത്താവളം ഇന്നു തുറക്കുമെന്ന് അധികൃതർ അറിയിച്ചു.
ജമൈക്കയിലും ഹെയ്തിയിലും ഭീതി പടർത്തി മെലിസ കൊടുങ്കാറ്റ്. മരണം 30 കവിഞ്ഞു. ജമൈക്കയിൽ എട്ടു പേരും ഹെയ്തിയിൽ 25 പേരുമാണ് മരിച്ചത്. ഹെയ്തിയിൽ 18 പേരെ കാണാന്മാനില്ലെന്നും വിവരമുണ്ട്.
ഹെയ്തിയിൽ പ്രളയത്തിൽ വീടു തകർന്നാണ് മരണങ്ങൾ ഏറെയും ഉണ്ടായിട്ടുള്ളത്. വെള്ളപ്പൊക്കത്തിൽ 20-ഓളം പേർ മരിച്ചു. ഇതിൽ 10 കുട്ടികൾ ഉൾപ്പെടുന്നു. ടെലികമ്യൂണിക്കേഷൻ സംവിധാനങ്ങളും വൈദ്യുതിലൈനുകളും തകർന്നു.നിരവധിപേർ കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ജമൈക്കയിൽ 15,000-ത്തോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.
ജമൈക്കയിലും ഹെയ്തിയിലും നാശം വിതച്ച ഹരിക്കെയ്ൻ മെലിസ ക്യൂബയിൽ തീരം തൊട്ടതായി റിപ്പോർട്ട്. ക്യൂബൻ തീരമായ ചിവ്രിറോക്കോയിൽ പുലർച്ചെ 3 മണിക്കാണ് മെലിസ ആഞ്ഞുവീശിയത്. മണിക്കൂറിൽ 125 മൈൽ വേഗതയിലായിരുന്നു കാറ്റ്.
ALSO READ: ആറ് വർഷങ്ങൾക്കിപ്പുറം; ഡൊണാൾഡ് ട്രംപും ഷി ജിൻപിങ്ങും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന്
7,35,000-ത്തോളം പേരെയാണ് ഇവിടെ ഒഴിപ്പിച്ചത്. 10 മുതൽ 20 ഇഞ്ച് വരെ മഴ ക്യൂബയിൽ ലഭിക്കുമെന്ന് ദേശീയ ചുഴലിക്കാറ്റ് കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലും വടക്കു പടിഞ്ഞാറൻ പ്രദേശങ്ങളിലുമാണ് ഏറെയും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്.
മണിക്കൂറിൽ 297 കിലോമീറ്റർ വേഗത്തിൽ കാറ്റഗറി അഞ്ചിൽപ്പെട്ട കൊടുങ്കാറ്റായി തീരത്ത് ആദ്യം വീശിയടിച്ച മെലിസ പിന്നീട് മണിക്കൂറിൽ 230 കിലോമീറ്റർ വേഗതയുള്ള കാറ്റഗറി നാലിൽപ്പെട്ട കൊടുങ്കാറ്റായി ചുരുങ്ങിയിരുന്നു. അതേസമയം അടച്ചിട്ട കിങ്സ്റ്റൺ വിമാനത്താവളം ഇന്നു തുറക്കുമെന്ന് അധികൃതർ അറിയിച്ചു.