Trump-Xi Jinping Meeting: ചൈനയ്ക്ക് ഭാരമൊഴിഞ്ഞു! തീരുവ കുറച്ചു, യുഎസിന് അനുകൂലമായ ഡീലുകളുറപ്പിച്ച് ട്രംപ്
US-China Trade Deal: അമേരിക്കയുടെ സോയാബീന്‍ വാങ്ങിക്കുന്നത് ചൈന പുനരാരംഭിക്കും. അപൂര്‍വ ലോഹങ്ങളുടെ കയറ്റുമതിയില്‍ ചൈന വിട്ടുവീഴ്ച ചെയ്യും. ചൈനീസ് ഫെന്റാലിനിലിന് യുഎസ് ഏര്‍പ്പെടുത്തിയ 20 ശതമാനം തീരുവയില്‍ നിന്ന് 10 ശതമാനം കുറച്ചു.
ബൂസാന്‍: ചൈനയും യുഎസും തമ്മിലുള്ള ബന്ധത്തിന് പുതിയ തുടക്കം. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ സാമ്പത്തിക-വ്യാപാര കരാറിന് ധാരണയായതായി അമേരിക്ക. ദക്ഷിണ കൊറിയയിലെ ബൂസാനില്‍ വെച്ച് നടന്ന കൂടിക്കാഴ്ചയെ അത്ഭുതകരമായ ഒന്നെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ചൈനയ്ക്ക് മേല്‍ ചുമത്തിയ തീരുവയില്‍ നിന്നും 10 ശതമാനം കുറവ് വരുത്തുമെന്നും ട്രംപ് അറിയിച്ചു.
അമേരിക്കയുടെ സോയാബീന്‍ വാങ്ങിക്കുന്നത് ചൈന പുനരാരംഭിക്കും. അപൂര്‍വ ലോഹങ്ങളുടെ കയറ്റുമതിയില്‍ ചൈന വിട്ടുവീഴ്ച ചെയ്യും. ചൈനീസ് ഫെന്റാലിനിലിന് യുഎസ് ഏര്‍പ്പെടുത്തിയ 20 ശതമാനം തീരുവയില്‍ നിന്ന് 10 ശതമാനം കുറച്ചു. ഇതോടെ ചൈനയ്ക്ക് മേലുള്ള തീരുവ 57ല്‍ നിന്നും 47 ശതമാനമായി കുറഞ്ഞു.
എല്ലാം ചര്‍ച്ച ചെയ്തുവെന്ന് താന്‍ പറയില്ല, എന്നാല്‍ അതൊരു അത്ഭുതകരമായ കൂടിക്കാഴ്ചയായിരുന്നു. ഫെന്റനൈല്‍ നിര്‍ത്തിവെക്കാന്‍ ഷി കഠിനമായി പരിശ്രമിക്കും. സോയാബീന്‍ വാങ്ങലുകള്‍ ഉടന്‍ ആരംഭിക്കും. ചൈനയ്ക്കുള്ള താരിഫ് 57 ശതമാനത്തില്‍ നിന്ന് 47 ശതമാനമാക്കി കുറയ്ക്കുമെന്നും തങ്ങള്‍ സമ്മതിച്ചുവെന്ന്, ഷിയുമായി നടത്തിയ രണ്ട് മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.




എല്ലാ അപൂര്‍വ ലോഹങ്ങളുടെയും പ്രശ്‌നങ്ങളും പരിഹരിച്ചു. അമേരിക്കയിലേക്കുള്ള ചൈനീസ് കയറ്റുമതിയുടെ ഒഴുക്കിന് ഇനി തടസങ്ങളൊന്നുമില്ലെന്നും ട്രംപ് പറഞ്ഞു. ലോഹങ്ങളുടെ കയറ്റുമതി ഒരു വര്‍ഷത്തെ കരാറിന് കീഴില്‍ പുനരാരംഭിക്കാന്‍ ചൈന സമ്മതിച്ചതായും കരാര്‍ വീണ്ടും നീട്ടുമെന്നും യുഎസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
അമേരിക്കയുടെ ഓപിയോയിഡ് പ്രതിസന്ധി രൂക്ഷമാക്കുന്ന ഫെന്റനൈല്‍ ഉത്പാദനം തടയുന്നതിനുള്ള ശ്രമങ്ങള്‍ ശക്തമാക്കുമെന്ന് ഷി ജിന്‍പിങ് അറിയിച്ചു. ഫെന്റനൈല്‍ ഉത്പാദനവുമായി ബന്ധപ്പെട്ട് ചൈനയും യുഎസും തമ്മില്‍ ഏറെ നാളുകളായി പ്രശ്‌നങ്ങള്‍ തുടരുകയാണ്.
Also Read: US China Meet: ആറ് വർഷങ്ങൾക്കിപ്പുറം; ഡൊണാൾഡ് ട്രംപും ഷി ജിൻപിങ്ങും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന്
അതേസമയം, ട്രംപും ഷിയും വീണ്ടും അധികാരത്തില്‍ വന്നതിന് ശേഷം ഇരുവരും തമ്മില്‍ നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണ് ബൂസാനില്‍ നടന്നത്. വ്യാപാര തര്‍ക്കങ്ങള്‍, സൈനിക ഇടപെടല്‍, പരസ്പര സംശയം എന്നിവയാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതിന്റെ ഭാഗമായി വരുന്ന ഏപ്രിലില്‍ ചൈന സന്ദര്‍ശിക്കുമെന്നും ട്രംപ് അറിയിച്ചു. അടുത്ത വര്‍ഷം അവസാനം ജിന്‍പിങ് അമേരിക്കയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞു.