Iran-Israel Tension: ‘അയാം ദി സോറി അളിയാ’! അയല്‍രാജ്യങ്ങളില്‍ നടത്തിയ ആക്രമണത്തിന് ക്ഷമ ചോദിച്ച് ഇറാന്‍ പ്രസിഡന്റ്
Iran President Says Sorry To Neighbours: അയല്‍രാജ്യങ്ങളില്‍ നടത്തിയ ആക്രമണത്തിന് ക്ഷമ ചോദിച്ച് ഇറാന്‍ പ്രസിഡന്റ്. തിരിച്ച് ആക്രമിച്ചില്ലെങ്കില്‍, ഇനി ഇറാനും ആക്രമണം നടത്തില്ലെന്ന് മസൂദ് പെസെഷ്കിയാൻ.
ടെഹ്‌റാന്‍: അയല്‍രാജ്യങ്ങളില്‍ നടത്തിയ ആക്രമണത്തിന് ക്ഷമ ചോദിച്ച് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. തിരിച്ച് ആക്രമിച്ചില്ലെങ്കില്‍, ഇനി ഇറാനും ആക്രമണം നടത്തില്ലെന്ന് മസൂദ് പെസെഷ്കിയാൻ പറഞ്ഞു. തങ്ങള്‍ ആക്രമിച്ച അയൽരാജ്യങ്ങളോട് തന്റെയും ഇറാന്റെയും പേരിൽ ക്ഷമ ചോദിക്കുന്നു. അയല്‍രാജ്യങ്ങളെ തിരിച്ച് തങ്ങളെ ആക്രമിച്ചില്ലെങ്കില്‍, തങ്ങളും ആക്രമിക്കില്ലെന്ന് ഇറാനിയൻ സ്റ്റേറ്റ് ടിവി സംപ്രേഷണം ചെയ്ത പ്രസംഗത്തിൽ പെസെഷ്കിയാൻ പറഞ്ഞു.
എന്നാല്‍ ഇറാന്‍ കീഴങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാന്‍ ജനത കീഴടങ്ങണമെന്ന ആഗ്രഹം, ശത്രുക്കള്‍ അവരുടെ ശവക്കുഴികളില്‍ കൊണ്ടുപോയി മൂടട്ടേയെന്നും പെസെഷ്കിയാൻ ആഞ്ഞടിച്ചു. ഫെബ്രുവരി 28-നാണ് യുഎസും ഇസ്രായേലും ഇറാനെതിരെ ആക്രമണം തുടങ്ങിയത്.
ടെഹ്‌റാൻ ഉൾപ്പെടെ നിരവധി ഇറാനിയൻ നഗരങ്ങളെ ലക്ഷ്യം വച്ചായിരുന്നു ആക്രമണം. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി, അദ്ദേഹത്തിന്റെ ഭാര്യ, മകൾ, മരുമകൻ, ചെറുമകൾ എന്നിവര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് ഇസ്രായേലിനെതിരെയും, യുഎസ് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ദുബായ്, അബുദാബി, ഖത്തർ, കുവൈറ്റ്, ബഹ്‌റൈൻ എന്നിവയുൾപ്പെടെ ഗൾഫ് മേഖലകളിലും ഇറാന്‍ മിസൈലാക്രമണം നടത്തിയിരുന്നു.
ഈ ആക്രമണങ്ങളിലാണ് ഇറാന്‍ മാപ്പു പറഞ്ഞത്. ആശയക്കുഴപ്പം മൂലമാണ് അയല്‍രാജ്യങ്ങളില്‍ ആക്രമണം നടത്തിയതെന്നാണ് ഇറാന്റെ വിശദീകരണം. അയല്‍രാജ്യങ്ങള്‍ക്കെതിരായ ആക്രമണം നിര്‍ത്തിവയ്ക്കാന്‍ താൽക്കാലിക നേതൃത്വ കൗൺസിൽ അംഗീകാരം നല്‍കിയതായും പെസെഷ്കിയാൻ വ്യക്തമാക്കി.