പാക് ഭീകരർക്കെതിരേ ഒറ്റക്കെട്ട്: ജപ്പാന്റെ മിസൈൽ പരീക്ഷണങ്ങൾക്കായി ഇന്ത്യയുടെ ഫയറിങ് റേഞ്ചുകൾ വിട്ടുനൽകും
India and Japan join hands against Pakistan-based terrorist organizations: പാകിസ്താൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ലഷ്‌കർ-ഇ-തൊയ്ബ, ജയ്‌ഷെ മുഹമ്മദ് തുടങ്ങിയ ഭീകര പ്രസ്ഥാനങ്ങൾക്കെതിരെ സംഘടിതമായ നീക്കങ്ങളും കടുത്ത നടപടികളും സ്വീകരിക്കാൻ ഇന്ത്യ- ജപ്പാൻ ഉച്ചകോടിയിൽ ധാരണയായി. ജപ്പാന്റെ മിസൈൽ പരീക്ഷണങ്ങൾക്കായി ഇന്ത്യയുടെ ഫയറിങ് റേഞ്ചുകൾ വിട്ടുനൽകാനുള്ള നിർണായക തീരുമാനവും ഈ ഉച്ചകോടിയിൽ ഉണ്ടായി.

India Japan 2+2 Summit
ടോക്കിയോ: അതിർത്തി കടന്നുള്ള ഭീകരവാദം ഉൾപ്പെടെ, എല്ലാ രൂപത്തിലും ഭാവത്തിലുമുള്ള ഭീകരവാദത്തെയും അക്രമാസക്തമായ തീവ്രവാദത്തെയും എതിർത്ത് ഒന്നിച്ച് പോരാടാൻ ഇന്ത്യയും ജപ്പാനും ഒറ്റക്കെട്ടായി മുന്നോട്ട് പോകാൻ തീരുമാനം. കഴിഞ്ഞ ദിവസം ടോക്കിയോയിൽ ചേർന്ന നാലാമത് ഇന്ത്യ-ജപ്പാൻ 2+2 വിദേശ-പ്രതിരോധ മന്ത്രിതല യോഗത്തിലാണ് ഭീകരവാദത്തിനെതിരേ കൈകോർത്ത് ഇന്ത്യയും ജപ്പാനും നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടത്. പാകിസ്താൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ലഷ്‌കർ-ഇ-തൊയ്ബ, ജയ്‌ഷെ മുഹമ്മദ് തുടങ്ങിയ ഭീകര പ്രസ്ഥാനങ്ങൾക്കെതിരെ സംഘടിതമായ നീക്കങ്ങളും കടുത്ത നടപടികളും സ്വീകരിക്കാൻ ഉച്ചകോടിയിൽ ധാരണയായി. ജപ്പാന്റെ മിസൈൽ പരീക്ഷണങ്ങൾക്കായി ഇന്ത്യയുടെ ഫയറിങ് റേഞ്ചുകൾ വിട്ടുനൽകാനുള്ള നിർണായക തീരുമാനവും ഈ ഉച്ചകോടിയിൽ ഉണ്ടായി.
ഇന്ത്യയിലെ ഫയറിംഗ് റേഞ്ചുകൾ ഉപയോഗിക്കുന്നതിനുള്ള താൽപ്പര്യപത്രത്തിൽ (LOI) ഇന്ത്യയും ജപ്പാനും ഒപ്പുവയ്ക്കുന്നതിലൂടെ, ജപ്പാൻ സെൽഫ്-ഡിഫൻസ് ഫോഴ്‌സിന് ആദ്യമായി ഇന്ത്യയിൽ ലൈവ്-ഫയർ പരിശീലനം നടത്താനാകും. ‘വീർ ഗാർഡിയൻ 26’ വ്യോമാഭ്യാസത്തിന്റെ വിജയവും ഇരുരാജ്യങ്ങളുടെയും നാവികസേന-കോസ്റ്റ് ഗാർഡ് സഹകരണവും മന്ത്രിമാർ വിലയിരുത്തി. പ്രതിരോധവും നയതന്ത്രവും ഉൾപ്പെടെ നിരവധി മേഖലകളിൽ സഹകരിച്ച് മുന്നോട്ടുപോകാൻ ഉച്ചകോടിയിൽ തീരുമാനമായിട്ടുണ്ട്.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ, ജപ്പാൻ വിദേശകാര്യ മന്ത്രി മോട്ടെഗി തോഷിമിത്സു, ജപ്പാൻ പ്രതിരോധ മന്ത്രി കൊയ്‌സുമി ഷിഞ്ചിറോ എന്നിവർ യോഗത്തിൽ പങ്കെടുത്തു. സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക് മേഖലയ്ക്കായി ഐപിഒഐ (IPOI), മഹാസാഗർ (MAHASAGAR) എന്നിവ തമ്മിലുള്ള ഏകോപനം ശക്തമാക്കും. അണ്ടർസീ കേബിൾ ശൃംഖലകളുടെ സുരക്ഷ, സൈബർ സുരക്ഷ, ബഹിരാകാശ രംഗത്തെ സഹകരണം എന്നിവയിലും ധാരണയായി.
2027-ലെ നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികം ‘ഇന്ത്യ-ജപ്പാൻ ഇയർ ഓഫ് ഷെയേർഡ് ഹൊറൈസൺസ്’ ആയി വിപുലമായി ആഘോഷിക്കാൻ തീരുമാനിച്ചു. ആഘോഷങ്ങളുടെ തുടക്കമെന്ന നിലയിൽ ജപ്പാനിലെ സാനോ സിറ്റിയിൽ നടന്ന ഇന്ത്യ-ജപ്പാൻ ക്രിക്കറ്റ് മത്സരത്തെയും ഉച്ചകോടി അഭിനന്ദിച്ചു. ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിലെ (UNSC) പരിഷ്കരണത്തിനും പരസ്പര സ്ഥാനാർത്ഥിത്വത്തിനുമുള്ള പിന്തുണ ഇരുരാജ്യങ്ങളും ആവർത്തിച്ചു.
പ്രാദേശികവും അന്താരാഷ്ട്രവുമായ സുരക്ഷാ വിഷയങ്ങളിൽ പതിവായി ചർച്ചകൾ നടത്താനും, ഇതുമായി ബന്ധപ്പെട്ട സഹകരണം കൂടുതൽ ശക്തമാക്കാനുമുള്ള തങ്ങളുടെ പ്രതിബദ്ധത മന്ത്രിമാർ ആവർത്തിച്ചുറപ്പിച്ചു. അടുത്ത ‘2+2’ മന്ത്രിതല കൂടിക്കാഴ്ച, ഇരുരാജ്യങ്ങൾക്കും സൗകര്യപ്രദമായ ഒരു തീയതിയിൽ ഇന്ത്യയിൽ വെച്ച് നടത്താൻ തീരുമാനിച്ചാണ് ഉച്ചകോടി അവസാനിച്ചത്.
English Summary
The fourth India-Japan ‘2+2’ Ministerial Dialogue, held in Tokyo, reached critical decisions, with both nations joining forces against terrorism. It was agreed to take concerted action and stringent measures against Pakistan-backed terrorist organizations, such as Lashkar-e-Taiba and Jaish-e-Mohammed. Additionally, a significant decision was reached to allow Japan to utilize India’s firing ranges for its missile testing.