Burj Khalifa: ബുർജ് ഖലീഫയിൽ ഇന്ത്യൻ ടൂറിസ്റ്റുകളുടെ ഗർബ നൃത്തം; രണ്ടായി തിരിഞ്ഞ് സോഷ്യൽ മീഡിയ
Garba Dance On Burj Khalifa: ബുർജ് ഖലീഫയിലെ 124ആം നിലയിൽ ഇന്ത്യൻ ടൂറിസ്റ്റുകൾ നടത്തിയ ഗർബ നൃത്തം ചർച്ചയാവുന്നു. ഇതേച്ചൊല്ലി സോഷ്യൽ മീഡിയ രണ്ടായി തിരിഞ്ഞിരിക്കുകയാണ്.

ഗർബ നൃത്തം
ബുർജ് ഖലീഫയിൽ ഇന്ത്യൻ ടൂറിസ്റ്റുകൾ നടത്തിയ ഗർബ നൃത്തത്തെച്ചൊല്ലി രണ്ടായിത്തിരിഞ്ഞ് സോഷ്യൽ മീഡിയ. ബുർജ് ഖലീഫയുടെ 124ആം നിലയിലാണ് ഒരു കൂട്ടം ടൂറിസ്റ്റുകൾ ചേർന്ന് നൃത്തം ചെയ്തത്. ഇതിന് പിന്നാലെ നൃത്തത്തെ അഭിനന്ദിച്ചും വിമർശിച്ചും സോഷ്യൽ മീഡിയ രംഗത്തുവന്നത്. ചിലർ നൃത്തത്തെയും നൃത്തം ചെയ്ത ആളുകളെയും അഭിനന്ദിച്ചപ്പോൾ മറ്റ് ചിലർ ഇവരെ വിമർശിച്ച് രംഗത്തുവന്നു.
മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞാണ് ഇവർ ഗുജറാത്തി പരമ്പരാഗത നാടോടിനൃത്തമായ ഗർബ അവതരിപ്പിച്ചത്. 2018ൽ പുറത്തിറങ്ങിയ ബോളിവുഡ് സിനിമ ലവ്‌യാത്രിയിലെ ചോഗ്ഡ എന്ന പാട്ടിനാണ് ഇവർ ചുവടുവച്ചത്. ഈ ദൃശ്യങ്ങൾ ‘ദി വാക്കിങ് ലെൻസ്’ എന്ന ദുബായ് കണ്ടൻ്റ് ക്രിയേറ്റർ തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ പങ്കുവച്ചു. ഇതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയുടെ പ്രതികരണം.
ചില യൂസർമാർ പറയുന്നത്, തങ്ങളുടെ സംസ്കാരം അടയാളപ്പെടുത്തുന്ന പ്രകടനം നടത്തിയ ടൂറിസ്റ്റുകളുടെ പ്രവൃത്തി നന്നായെന്നാണ്. എന്നാൽ, തിരക്കേറിയ ഒരു പൊതുസ്ഥലത്ത് ഇത്തരം നൃത്ത പരിപാടികൾ നടത്തുന്നത് ആളുകൾക്ക് ബുദ്ധിമുട്ടാവുമെന്ന് മറ്റ് ചിലർ പറയുന്നു. ഇൻസ്റ്റഗ്രാം കമൻ്റ് ബോക്സിൽ ഇപ്പോഴും ചർച്ചകൾ തുടരുകയാണ്.
വൈറൽ വിഡിയോ ഇവിടെ കാണാം