Strait Of Hormuz: ഹോര്‍മുസ് കടലിടുക്ക് തുറന്നുകൊടുത്ത് ഇറാന്‍; നന്ദി അറിയിച്ച് ട്രംപ്
Iran Opens Strait Of Hormuz: ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കുന്നതായി പ്രഖ്യാപിച്ച് ഇറാന്‍. കടലിടുക്ക് പൂർണ്ണമായും തുറക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി. പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. 'നന്ദി' എന്നായിരുന്നു ട്രംപിന്റെ മറുപടി. ഉപരോധം പൂർണ്ണ ശക്തിയിൽ തുടരുമെന്നും ട്രംപ്.
ടെഹ്‌റാന്‍: ഹോർമുസ് കടലിടുക്ക് എല്ലാ വാണിജ്യ കപ്പലുകൾക്കും വേണ്ടി തുറന്നുകൊടുക്കുന്നതായി പ്രഖ്യാപിച്ച് ഇറാന്‍. കടലിടുക്ക് പൂർണ്ണമായും തുറക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പ്രഖ്യാപിച്ചു. എക്‌സിലെ ഒരു പോസ്റ്റിലൂടെയായിരുന്നു പ്രഖ്യാപനം.
“ലെബനനിലെ വെടിനിർത്തലിന് അനുസൃതമായി, ഹോർമുസ് കടലിടുക്ക് വഴിയുള്ള എല്ലാ വാണിജ്യ കപ്പലുകളുടെയും പാത ശേഷിക്കുന്ന വെടിനിർത്തൽ കാലയളവിൽ പൂർണ്ണമായും തുറന്നിരിക്കും,” എന്നാണ് ഇറാന്‍ വിദേശകാര്യമന്ത്രി എക്‌സില്‍ കുറിച്ചത്.
ലെബനനും ഇസ്രായേലും തമ്മിലുള്ള 10 ദിവസത്തെ വെടിനിർത്തലിനെക്കുറിച്ചാണോ അതോ ഇറാനും അമേരിക്കയും തമ്മിലുള്ള രണ്ടാഴ്ചത്തെ വെടിനിർത്തലിനെക്കുറിച്ചാണോ അരഗ്ചി പരാമര്‍ശിച്ചതെന്ന് വ്യക്തമല്ല. ഉടനടി പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ‘നന്ദി’ എന്നായിരുന്നു ട്രംപിന്റെ മറുപടി.
In line with the ceasefire in Lebanon, the passage for all commercial vessels through Strait of Hormuz is declared completely open for the remaining period of ceasefire, on the coordinated route as already announced by Ports and Maritime Organisation of the Islamic Rep. of Iran.
— Seyed Abbas Araghchi (@araghchi) April 17, 2026
Also Read: Israel-Lebanon: ഒടുക്കം സമാധാനം; ലെബനനില്‍ 10 ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു
കടലിടുക്ക് തുറന്നിട്ടുണ്ടെങ്കിലും, ഇറാനുമായുള്ള ‘ഇടപാട്’ പൂർത്തിയാകുന്നതുവരെ യുഎസിന്റെ നാവിക ഉപരോധം പൂർണ്ണ ശക്തിയിൽ തുടരുമെന്നും ട്രംപ് പറഞ്ഞു. ഹോർമുസ് കടലിടുക്ക് തുറക്കുന്നതായി പ്രഖ്യാപിച്ചതിന് ശേഷം ക്രൂഡ് ഓയിൽ വില 10 ശതമാനം കുറഞ്ഞതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.