Israel-Lebanon: ഒടുക്കം സമാധാനം; ലെബനനില്‍ 10 ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു
Israel and Lebanon Agree to 10 Day Ceasefire: യുഎസ് സമയം വ്യാഴാഴ്ച വൈകിട്ട് 5 മണി മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു. ട്രംപിന്റെ പ്രഖ്യാപനത്തെ ലെബനന്‍ പ്രധാനമന്ത്രി നവാഫ് സലാം സ്വാഗതം ചെയ്തു. ബെയ്‌റൂട്ടുമായി ഒരു ചരിത്രപരമായ കരാറിന് തന്റെ രാജ്യത്തിന് അവസരം നല്‍കിയ വെടിനിര്‍ത്തലിന് താന്‍ സമ്മതിച്ചതായി നെതന്യാഹുവും പ്രതികരിച്ചു.
ബെയ്‌റൂട്ട്: ഇസ്രായേലും ലെബനനും തമ്മില്‍ 10 ദിവസത്തെ വെടിനിര്‍ത്തല്‍ കരാറിന് ധാരണയായി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ലെബനന്‍ പ്രസിഡന്റ് ജോസഫ് ഔണും, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനമുണ്ടായത്. ലോകമെമ്പാടുമുള്ള ഒന്‍പത് യുദ്ധങ്ങള്‍ താന്‍ പരിഹരിച്ചു, ഇത് പത്താമത്തെ ദൗത്യമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.
യുഎസ് സമയം വ്യാഴാഴ്ച വൈകിട്ട് 5 മണി മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു. ട്രംപിന്റെ പ്രഖ്യാപനത്തെ ലെബനന്‍ പ്രധാനമന്ത്രി നവാഫ് സലാം സ്വാഗതം ചെയ്തു. ബെയ്‌റൂട്ടുമായി ഒരു ചരിത്രപരമായ കരാറിന് തന്റെ രാജ്യത്തിന് അവസരം നല്‍കിയ വെടിനിര്‍ത്തലിന് താന്‍ സമ്മതിച്ചതായി നെതന്യാഹുവും പ്രതികരിച്ചു.
ഇസ്രായേലും ലെബനനും തമ്മിലുള്ള സമാധാന പ്രവര്‍ത്തനങ്ങളിലേക്കുള്ള ആദ്യ ചുവടുവെപ്പാണിതെന്നും ട്രംപ് പറഞ്ഞു. അതേസമയം, 34 വര്‍ഷത്തിിടെ ആദ്യാമായാണ് ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ അമേരിക്കയില്‍ വെച്ച് കൂടിക്കാഴ്ച നടത്തുന്നത്. കൂടുതല്‍ ഫലപ്രദമായ സമാധാന കരാറിലെത്താന്‍ വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറയുന്നു.




അതേസമയം, വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷവും തെക്കന്‍ ലെബനനില്‍ ഇസ്രായേല്‍ ഷെല്ലാക്രമണം തുടരുകയാണ്. ഖയാം, ഡിബൈന്‍ പട്ടണങ്ങള്‍ ആക്രമണം നടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തങ്ങള്‍ സമാധാന ചര്‍ച്ചകള്‍ക്ക് തയാറല്ലെന്ന് ഹിസ്ബുള്ള നേരത്തെ അറിയിക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് നേതാക്കളുടെ കൂടിക്കാഴ്ച.
തെക്കന്‍ ലെബനനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. 21 പേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. ഹിസ്ബുള്ള ലോഞ്ചറുകള്‍ ആക്രമിച്ചുവെന്ന ആരോപണവും ഇസ്രായേല്‍ സൈന്യം മുന്നോട്ടുവെക്കുന്നുണ്ട്.
ട്രംപ് പാകിസ്ഥാനിലേക്ക്
അമേരിക്കയും ഇറാനും തമ്മില്‍ സമാധാന കരാറില്‍ ഒപ്പുവെച്ചാല്‍ പാകിസ്ഥാനിലെത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അടുത്തയാഴ്ച അവസാനിക്കാരിക്കുന്ന യുഎസ്-ഇറാന്‍ വെടിനിര്‍ത്തല്‍ നീട്ടാന്‍ കഴിയും. എന്നാല്‍ അത് ചെയ്യേണ്ടിവരില്ലെന്നാണ് ട്രംപിന്റെ വാദം. പാകിസ്ഥാനില്‍ വെച്ച് ഒരു കരാര്‍ ഒപ്പിട്ടാല് ഞാന്‍ അങ്ങോട്ട് പോയേക്കാം, എന്നാണ് ട്രംപിന്റെ പ്രതികരണം.