Israel: പലസ്തീൻ അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ ആക്രമണം; 13 മരണം
Israeli Strike On Palestinian Refugee Camp: ഹമാസിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ അറിയിച്ചു. ഹമാസ് എവിടെ പ്രവർത്തിച്ചാലും അവർക്കെതിരെ നടപടി തുടരുമെന്നും ഇസ്രായേൽ സൈന്യം കൂട്ടിച്ചേർത്തു.
ലെബനൻ: ദക്ഷിണ ലെബനനിലെ പലസ്തീൻ അഭയാർഥി ക്യാമ്പിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 13 മരണം. ലെബനനിലെ തെക്കൻ തുറമുഖ നഗരമായ സിദോണിന് സമീപമുള്ള ഐൻ അൽ ഹിൽവേ പലസ്തീൻ അഭയാർഥി ക്യാംപിലാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റതായും ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ചൊവ്വാഴ്ച അഭയാർഥി ക്യാമ്പിലെ ഒരു മസ്ജിദിന്റെ പാർക്കിംഗ് സ്ഥലത്ത് നിർത്തിയിട്ടിരുന്ന കാറിന് നേരെയാണ് ഡ്രോൺ ആക്രമണമുണ്ടായത്. ഒരു വർഷം മുമ്പ് ഇസ്രായേൽ-ഹിസ്ബുള്ള യുദ്ധത്തിൽ വെടിനിർത്തൽ ഒപ്പുവച്ചതിനുശേഷം ലെബനനിൽ നടന്ന ഏറ്റവും വലിയ ആക്രമണമാണിത്.
ALSO READ: ഷെയ്ഖ് ഹസീനയുടെ പ്രസ്താവനകള്‍ കൊടുക്കരുത്; മാധ്യമങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി ബംഗ്ലാദേശ്
ക്യാംപിലെ പരിശീലന കേന്ദ്രത്തിൽ പ്രവർത്തിച്ചിരുന്ന ഹമാസിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ അറിയിച്ചു. ഇസ്രായേലി സൈന്യത്തിനെതിരെ ആക്രമണങ്ങൾ നടത്താൻ ഈ സ്ഥലം ഉപയോഗിച്ചെന്നും പ്രസ്താവനയിൽ പറയുന്നു. ഹമാസ് എവിടെ പ്രവർത്തിച്ചാലും അവർക്കെതിരെ നടപടി തുടരുമെന്നും ഇസ്രായേൽ സൈന്യം കൂട്ടിച്ചേർത്തു.
അതേസമയം, ഇസ്രായേലിന്റെ വാദങ്ങൾ ഹമാസ് നിഷേധിച്ചു. അഭയാർഥി ക്യാമ്പുകളിൽ സൈനിക സ്ഥാപനങ്ങൾ ഇല്ല. ഇസ്രായേലിന്റെ വാദങ്ങൾ കളവാണ്, തങ്ങളുടെ ക്രിമിനൽ ആക്രമണത്തെ ന്യായീകരിക്കാനുള്ള ശ്രമമാണെന്നും ഹമാസ് പ്രതികരിച്ചു.