Kuwait Liquor Tragedy: കുവൈത്തിൽ വ്യാജമദ്യ ദുരന്തം; മലയാളികളടക്കം 10 മരണമെന്ന് റിപ്പോർട്ട്
Kuwait Spurious Liquor Tragedy: മരണ സംഖ്യ എത്രയെന്നത് സംബന്ധിച്ചു വിവരമില്ല. മരിച്ചവരിൽ മലയാളികളും തമിഴ്നാട് സ്വദേശികളും ഉൾപ്പെടെയുള്ളവർ ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ നൽകുന്ന സൂചന. ദുരന്തത്തെ തുടർന്ന് ഒട്ടേറെപ്പേർ വിവിധ ആശുപത്രികളിൽ ചികിൽസയിൽ കഴിയുന്നുണ്ട്.
കുവൈത്തിൽ വിഷമദ്യ ദുരന്തമെന്ന് റിപ്പോർട്ട് (Kuwait Liquor Tragedy). സംഭവത്തിൽ 10 പേർ മരിച്ചതായാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ നൽകുന്ന വിവരം. എന്നാൽ, ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. നിർമാണ തൊഴിലാളികൾക്കിടയിലാണ് മദ്യദുരന്തം ഉണ്ടായതെന്നാണ് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വ്യാജ മദ്യം കഴിച്ചവർക്കാണ് അപകടം സംഭവിച്ചിരിക്കുന്നത്.
മരണ സംഖ്യ എത്രയെന്നത് സംബന്ധിച്ചു വിവരമില്ല. മരിച്ചവരിൽ മലയാളികളും തമിഴ്നാട് സ്വദേശികളും ഉൾപ്പെടെയുള്ളവർ ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ നൽകുന്ന സൂചന. ദുരന്തത്തെ തുടർന്ന് ഒട്ടേറെപ്പേർ വിവിധ ആശുപത്രികളിൽ ചികിൽസയിൽ കഴിയുന്നുണ്ട്. ഇവരിൽ മലയാളികളുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.
പലർക്കും കാഴ്ച നഷ്ടപ്പെട്ടതായും ചിലർ കുഴഞ്ഞുവീണതായും ആശുപത്രിവൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ പറയുന്നു. ചികിത്സയിൽ കഴിയുന്ന ചിലരുടെ നില അതീവ ഗുരുതരമാണ്. ഫർവാനി, ആദാൻ തുടങ്ങിയ മേഖലകളിലെ ആശുപത്രികളിലാണ് ആളുകൾ ചികിൽസയിൽ കഴിയുന്നത്. സമ്പൂർണ മദ്യനിരോധനമുള്ള രാജ്യമാണ് കുവൈത്ത്. ഇവിടേക്ക് അനധികൃത വാറ്റുകാരാണ് മദ്യം എത്തിക്കുന്നതെന്നാണ് വിവരം.
പലയിടങ്ങളിലുള്ള ലേബർ ക്യാമ്പിൽ നിന്നുള്ളവരാണ് അപകടത്തിൽപ്പെട്ടത്. ഇവർ എല്ലാവരും പ്രവാസികളാണ്. മദ്യത്തിന്റെ സാമ്പിൾ എടുത്ത് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ദുരന്തത്തിന് ഇരയായവരേക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.