Gaza: ‘വൈകും മുമ്പ് ഗാസയിലേക്ക് പോകൂ’; മാർപാപ്പയോട് അപേക്ഷിച്ച് പോപ് ഗായിക മഡോണ
Madonna appeals to Pope: രാഷ്ട്രീയംകൊണ്ടുമാത്രം ഗാസയുടെ പ്രതിസന്ധി തീർക്കാനാവില്ല. അതിനാലാണ് ആധ്യാത്മിക നേതാവിന്റെ സഹായം താൻ തേടുന്നതെന്നും മഡോണ വ്യക്തമാക്കി.
ലണ്ടൻ: എത്രയും വേഗം ഗാസ സന്ദർശിക്കണമെന്ന് മാർപാപ്പ ലിയോ പതിനാലാമനോട് അഭ്യർത്ഥിച്ച് പോപ്പ് ഗായിക മഡോണ. ഇസ്രയേൽ സംഘർഷം മൂലം കുഞ്ഞുങ്ങൾ വിശന്നുമരിക്കുന്ന ഗാസ സന്ദർശിക്കണമെന്ന് മകൻ റോക്കോയുടെ 25–ാം പിറന്നാളിന് സമൂഹമാധ്യമത്തിലിട്ട പോസ്റ്റിൽ മഡോണ എഴുതി.
പരിശുദ്ധനായ പിതാവേ, വളരെ വൈകുന്നതിന് മുമ്പ് ദയവായി ഗാസയിലേക്ക് പോയി നിങ്ങളുടെ വെളിച്ചം കുട്ടികളിലേക്ക് കൊണ്ടുവരിക. ഒരു അമ്മയെന്ന നിലയിൽ, അവരുടെ കഷ്ടപ്പാടുകൾ കാണാൻ, സഹിക്കാൻ എനിക്ക് കഴിയുന്നില്ല. ലോകത്തിലെ കുട്ടികൾ എല്ലാവരുടേതുമാണ്. പ്രവേശനം ഞങ്ങൾക്ക് നിഷേധിക്കപ്പെട്ടെങ്കിലും അങ്ങയുടെ സന്ദർശനം തടയാൻ ആർക്കും കഴിയില്ല. ഈ നിഷ്കളങ്കരായ കുട്ടികളെ രക്ഷിക്കാൻ മാനുഷിക കവാടങ്ങൾ പൂർണ്ണമായും തുറക്കേണ്ടതുണ്ട്. ഇനി സമയമില്ല. ദയവായി നിങ്ങൾ പോകൂ എന്ന് മഡോണ കുറിച്ചു.
കൂടാതെ രാഷ്ട്രീയംകൊണ്ടുമാത്രം ഗാസയുടെ പ്രതിസന്ധി തീർക്കാനാവില്ല. അതിനാലാണ് ആധ്യാത്മിക നേതാവിന്റെ സഹായം താൻ തേടുന്നതെന്നും മഡോണ വ്യക്തമാക്കി. കുറ്റപ്പെടുത്തലിനെക്കുറിച്ചോ രാഷ്ട്രീയ വശങ്ങളെക്കുറിച്ചോ അല്ലെന്ന് അവർ കൂട്ടിച്ചേർത്തു. ‘ഞാൻ വിരൽ ചൂണ്ടുകയോ കുറ്റപ്പെടുത്തുകയോ പക്ഷം പിടിക്കുകയോ ചെയ്യുന്നില്ല. എല്ലാവരും കഷ്ടപ്പെടുകയാണ്. ബന്ദികളുടെ അമ്മമാർ ഉൾപ്പെടെ. അവരും മോചിതരാകണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു’, മഡോണ കുറിച്ചു.