UAE 2026 Changes: പ്രവാസികളേ ഇതറിയാതെ പോകല്ലേ; 2026ല്‍ യുഎഇയില്‍ പുതിയ മാറ്റങ്ങള്‍
UAE New Rules 2026: പൊതു-സ്വകാര്യ മേഖലകളെ ഉള്‍പ്പെടെ ബാധിക്കുന്നവയാണ് ഇവ. ജനുവരി 1 ന്യൂയര്‍ ദിനത്തില്‍ എല്ലാ മേഖലയിലും ജോലി ചെയ്യുന്നവര്‍ക്ക് അവധിയായിരിക്കും. മറ്റ് മാറ്റങ്ങള്‍ വിശദമായറിയാം.
പ്രതീകാത്മക ചിത്രം
Image Credit source: Social Media
ദുബായ്: പുതുവര്‍ഷം പിറക്കുമ്പോള്‍ യുഎഇയിലും വമ്പന്‍ മാറ്റങ്ങള്‍. യുഎഇയിലെ സുപ്രധാന നിയമങ്ങളില്‍ 2026 ജനുവരി മുതല്‍ മാറ്റമുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. പൊതു-സ്വകാര്യ മേഖലകളെ ഉള്‍പ്പെടെ ബാധിക്കുന്നവയാണ് ഇവ. ജനുവരി 1 ന്യൂയര്‍ ദിനത്തില്‍ എല്ലാ മേഖലയിലും ജോലി ചെയ്യുന്നവര്‍ക്ക് അവധിയായിരിക്കും. മറ്റ് മാറ്റങ്ങള്‍ വിശദമായറിയാം.
യുഎഇയും മാറുന്നു
- ജനുവരി ഒന്നിന് സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാര്‍ക്കും ശമ്പളത്തോടുകൂടിയ അവധി.
- ജനുവരി രണ്ട് വെള്ളിയാഴ്ച മുതല്‍, വെള്ളിയാഴ്ചകളിലെ പ്രാര്‍ത്ഥന സമയം ഉച്ചയ്ക്ക് 12.45 ആയിരിക്കും.
- പ്രാര്‍ത്ഥനാ സമയത്തില്‍ വന്ന മാറ്റം അനുസരിച്ച് യുഎഇയിലെ സ്വകാര്യ സ്‌കൂളുകളില്‍ വെള്ളിയാഴ്ചകളില്‍ പ്രവൃത്തി സമയം നേരത്തെ അവസാനിക്കും.
- ദുബായിലെ സ്വകാര്യ സ്‌കൂളുകളും നഴ്‌സറികളും വെള്ളിയാഴ്ച ദിവസങ്ങളില്‍ 11.30 വരെ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ. ഇതുസംബന്ധിച്ച് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്പ്‌മെന്റ് അതോറിറ്റി നിര്‍ദേശം പുറപ്പെടുവിച്ചു.
- മധുര പാനീയങ്ങളുടെ നികുതിയും മാറും. പഞ്ചസാര ചേര്‍ത്ത പാനീയങ്ങള്‍ക്ക് 50 ശതമാനം നികുതിയാണ് നിലവില്‍ ഈടാക്കുന്നത്. എന്നാല്‍ ഇനി മുതല്‍ ഒരു പാനീയത്തില്‍ എത്ര ശതമാനം പഞ്ചസാര അടങ്ങിയിരിക്കുന്നു എന്നതിന് അനുസരിച്ചായിരിക്കും നികുതി.
- വരുന്ന രണ്ട് മാസത്തേക്ക് ദുബായി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് ലഭിക്കുന്ന റെഡ് കാര്‍പറ്റ് സേവനം ടെര്‍മിനല്‍ 3 യാത്രക്കാര്‍ക്കും ലഭ്യമാകും.
- ജനുവരി 15 മുതല്‍ ദുബായിലെ ഡിസ്‌കവറി ഗാര്‍ഡനില്‍ പണമടച്ചുള്ള പാര്‍ക്കിങ് ആയിരിക്കും.
- ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് വസ്തുക്കള്‍ നിരോധിക്കും.