ഹോര്‍മുസില്‍ കൊല്ലപ്പെടുന്നവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാര്‍; ആശങ്കയിലാഴ്ത്തി കണക്കുകള്‍
Hormuz Attack: Indians Among Majority of Sailors Killed, Initial Estimates Suggest: ജൂണ്‍ എട്ടിനും ജൂണ്‍ 11നും ഇടയില്‍ എംടി മാരിവെക്‌സ്, എംടി സെറ്റെബെല്ലോ, എംടി ജല്‍വീര്‍ എന്നീ എണ്ണ ടാങ്കറുകള്‍ക്ക് നേരെ അമേരിക്കന്‍ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ മൂന്ന് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. ഇറാന്‍ നടത്തിയെന്ന് പറയപ്പെടുന്ന മറ്റ് ആക്രമണങ്ങളില്‍ നാല് പേര്‍ക്കും ജീവന്‍ നഷ്ടമായി.

പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമാകുന്നത് ഇന്ത്യക്കാരെ തെല്ലൊന്നുമല്ല ബാധിക്കുന്നത്. ഹോര്‍മുസ് കടലിടുക്ക് കേന്ദ്രീകരിച്ച് നടക്കുന്ന ആക്രമണങ്ങള്‍ നിരവധി ഇന്ത്യക്കാരുടെ ജീവന്‍ നഷ്ടപ്പെടുന്നതിന് കാരണമായി. ആഗോള നാവിക തൊഴിലാളികളുടെ എണ്ണത്തില്‍ ഏകദേശം 12 ശതമാനവും ഇന്ത്യയില്‍ നിന്നുള്ളവരാണ്. അതിനാല്‍ തന്നെ ഹോര്‍മുസില്‍ ആക്രമണത്തിന് ഇരയായ കപ്പലുകളിലെ ഭൂരിഭാഗം ജീവനക്കാരും ഇന്ത്യന്‍ ക്രൂ അംഗങ്ങളായിരുന്നു എന്ന ഞെട്ടിക്കുന്ന വിവരമാണിപ്പോള്‍ പുറത്തുവരുന്നത്.
2026 മാര്‍ച്ച് ഒന്നിനും ജൂലൈ 14 നും ഇടയില്‍ ഹോര്‍മുസ് കടലിടുക്കില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട നാവികരുടെ എണ്ണം 16 ആണ്, ഇതില്‍ ഏഴ് പേര്‍ ഇന്ത്യക്കാരാണ്. ഏകദേശം 44 ശതമാനം ഇന്ത്യക്കാരാണ് കൊല്ലപ്പെട്ടിരിക്കുന്നത്.
ഇതുമാത്രമല്ല, 2025ല്‍ ലോകമെമ്പാടുമുള്ള കപ്പല്‍ ഉടമകള്‍ ഉപേക്ഷിച്ച നാവികരിലും ഇന്ത്യക്കാര്‍ ഉള്‍പ്പെടുന്നുണ്ട്, ഇതില്‍ 18 ശതമാനമാണ് ഇന്ത്യക്കാരുടെ എണ്ണം. 2026ലും സമാന സാഹചര്യം തുടരുകയാണ്.
തുടര്‍ച്ചയായ ആക്രമണങ്ങള്‍
ജൂണ്‍ എട്ടിനും ജൂണ്‍ 11നും ഇടയില്‍ എംടി മാരിവെക്‌സ്, എംടി സെറ്റെബെല്ലോ, എംടി ജല്‍വീര്‍ എന്നീ എണ്ണ ടാങ്കറുകള്‍ക്ക് നേരെ അമേരിക്കന്‍ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ മൂന്ന് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. ഇറാന്‍ നടത്തിയെന്ന് പറയപ്പെടുന്ന മറ്റ് ആക്രമണങ്ങളില്‍ നാല് പേര്‍ക്കും ജീവന്‍ നഷ്ടമായി.
യുദ്ധം ആരംഭിച്ച് വെറും ഒരു ദിവസത്തിന് ശേഷമാണ് ആദ്യ ഇന്ത്യക്കാരന്റെ മരണം രേഖപ്പെടുത്തിയത്. മാര്‍ച്ച് ഒന്നിനായിരുന്നു ഇത്. ഒമാന്‍ തീരത്ത് വെച്ച് മാര്‍ഷല്‍ ദ്വീപുകളുടെ പതാക വഹിച്ച ടാങ്കര്‍ എംകെഡി വ്യോമിലെ ഒരു ഇന്ത്യന്‍ ക്രൂ അംഗമാണ് കൊല്ലപ്പെട്ടത്.
മരണം മാത്രമല്ല, പശ്ചിമേഷ്യന്‍ ആക്രമണങ്ങള്‍ ഇന്ത്യന്‍ ക്രൂ അംഗങ്ങളെ ഗുരുതരമായ അപകടങ്ങളിലേക്കും കൊണ്ടുചെന്നെത്തിച്ചിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്ക്, പേര്‍ഷന്‍ ഗള്‍ഫ്, ഒമാന്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ ഉണ്ടായ ആക്രമണങ്ങളെ തുടര്‍ന്ന് 180 ലധികം ഇന്ത്യന്‍ നാവികര്‍ അപകടത്തില്‍പ്പെട്ടു, ഇവരെ രക്ഷിക്കാന്‍ സാധിച്ചിട്ടുണ്ട്.
മെയ് 13ന് ഹോര്‍മുസ് കടലിടുക്കിന്റെ തെക്കന്‍ മേഖലയിലൂടെ പോകുകയായിരുന്ന ഇന്ത്യന്‍ ചരക്ക് കപ്പലായ ഹാജി അലിയും ആക്രമണത്തിന് ഇരയായിരുന്നു. ഈ കപ്പല്‍ തീപിടിച്ച് പിന്നീട് ഒമാന്‍ കടലില്‍ മുങ്ങി.
കപ്പലുകള്‍ ഉപേക്ഷിച്ച് ഉടമകള്‍
ഹോര്‍മുസ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഉണ്ടാകുന്ന ആക്രമണങ്ങള്‍ മാത്രമല്ല നാവികരെ ആശങ്കയിലാഴ്ത്തുന്നത്, മറിച്ച് കപ്പല്‍ ഉടമകളെ അവരെ ഉപേക്ഷിക്കുന്ന സാഹചര്യങ്ങള്‍ പലപ്പോഴും വന്നുചേരുന്നത് കൂടിയാണ്. ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാകുന്നത് വേതനം ലഭിക്കാതിരിക്കുക, സാധനങ്ങള്‍ നല്‍കാതിരിക്കുക, നാട്ടിലേക്ക് മടങ്ങാനുള്ള സാഹചര്യം ഇല്ലാതെ വിദേശ തുറമുഖങ്ങളില്‍ കുടുങ്ങിക്കിടക്കുക തുടങ്ങിയ അവസ്ഥകളിലേക്ക് നാവികരെ എത്തിക്കും.
നാവികരെ കപ്പല്‍ ഉടമ നാട്ടിലേക്ക് തിരിച്ചയക്കുന്നതിലും, അവശ്യ സഹായം നല്‍കുന്നതിലും, കുറഞ്ഞത് രണ്ട് മാസത്തെ വേതനം നല്‍കാതിരിക്കുന്നതും ഉണ്ടായാല്‍ അയാളെ ഉപേക്ഷിക്കപ്പെട്ടതായി കണക്കാക്കുമെന്നാണ് മാരിടൈം ലേബര്‍ കണ്‍വെന്‍ഷനില്‍ പറയുന്നത്. 2024ലും 2025ലും ഏറ്റവും കൂടുതല്‍ ഉപേക്ഷിക്കപ്പെട്ട നാവികരുള്ളത് ഇന്ത്യയിലാണെന്നാണ് ഇന്റര്‍നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
English Summary
Preliminary estimates indicate that most sailors killed in the Strait of Hormuz attack were Indians. Authorities are working to verify the identities of the victims as investigations into the deadly maritime incident continue. The attack has intensified concerns over the safety of commercial shipping in the region.