ഒറ്റ ട്രിപ്പിൽ ഏഴ് എമിറേറ്റുകളിലും കറങ്ങാം; ‘യു.എ.ഇ ഗ്രാൻഡ് ടുർ’ പദ്ധതിക്ക് തുടക്കം
New UAE Grand Tour Initiative Offers Continuous Travel Experiences Across 7 Emirates: നിലവിൽ ഏഴ് വ്യത്യസ്ത യാത്രാ പാക്കേജുകളാണ് യു.എ.ഇ ഗ്രാൻഡ് ടൂർ വാഗ്ദാനം ചെയ്യുന്നത്. ഗ്രാൻഡ് ക്ലാസിക്, ഗ്രാൻഡ് അഡ്വഞ്ചർ എന്നീ പാക്കേജുകൾ 11 പകലും 10 രാത്രിയും നീളുന്നതാണ്. ദുബായ്, ഷാർജ, അജ്മാൻ, ഫുജൈറ, റാസൽഖൈമ, അബുദാബി, അൽ ഐൻ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. പ്രകൃതി സംരക്ഷണത്തിന് മുൻഗണന നൽകുന്ന ഗ്രാൻഡ് ഇക്കോ ഫ്രണ്ട്‌ലി പാക്കേജിലൂടെ ദുബായ്, ജുബൈൽ കണ്ടൽക്കാടുകൾ, അൽ സോറ റിസർവ്, കൽബ ഇക്കോ സാങ്ച്വറി, അൽ മർമൂം, സർ ബാനി യാസ് ഐലൻഡ് തുടങ്ങിയവ സന്ദർശിക്കാം

പ്രതീകാത്മക ചിത്രം
ദുബായ്: ഒറ്റ നഗരത്തിലെ കാഴ്ചകളിൽ മാത്രം ഒതുങ്ങിനിൽക്കാതെ യു.എ.ഇയിലെ ഏഴ് എമിറേറ്റുകളിലൂടെയും യാത്ര ചെയ്യാൻ അവസരമൊരുക്കുന്ന പുതിയ വിനോദസഞ്ചാര പദ്ധതിയായ ‘യു.എ.ഇ ഗ്രാൻഡ് ടൂർ’ ആരംഭിച്ചു. വിനോദസഞ്ചാരികൾക്ക് രാജ്യത്തിൻ്റെ എല്ലാ വൈവിദ്യങ്ങളും ആസ്വദിക്കാൻ കഴിയുന്ന തരത്തിലാണ് ഈ പദ്ധതി ഒരുക്കിയിരിക്കുന്നത്.. മരുഭൂമിയിലെ സാഹസിക വിനോദങ്ങൾ, പർവ്വതങ്ങളിലൂടെയുള്ള യാത്രകൾ, പൈതൃക കേന്ദ്രങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ എന്നിവയെല്ലാം ഉൾക്കൊള്ളുന്നതാണ് പുതിയ പദ്ധതി.
ഏഴ് വ്യത്യസ്ത എമിറേറ്റുകൾ എന്നതിനപ്പുറം യു.എ.ഇയെ പരസ്പരം ബന്ധിപ്പിക്കപ്പെട്ട ഒരൊറ്റ വിനോദസഞ്ചാര കേന്ദ്രമായി മാറ്റുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അബുദാബി, ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ, ഫുജൈറ എന്നീ ഏഴ് എമിറേറ്റുകളുടെയും പ്രത്യേകതകൾ ഈ യാത്രകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അബുദാബിയുടെ പൈതൃകവും വാസ്തുവിദ്യയും, ദുബായിയുടെ ആധുനികതയും, ഷാർജയുടെ സംസ്കാരവും, റാസൽഖൈമയുടെ പർവ്വതനിരകളും, ഫുജൈറയുടെ മനോഹരമായ തീരപ്രദേശങ്ങളുമെല്ലാം വിനോദസഞ്ചാരികൾക്ക് ഈ യാത്രയിലൂടെ ആസ്വദിക്കാം.
നിലവിൽ ഏഴ് വ്യത്യസ്ത യാത്രാ പാക്കേജുകളാണ് യു.എ.ഇ ഗ്രാൻഡ് ടൂർ വാഗ്ദാനം ചെയ്യുന്നത്. ഗ്രാൻഡ് ക്ലാസിക്, ഗ്രാൻഡ് അഡ്വഞ്ചർ എന്നീ പാക്കേജുകൾ 11 പകലും 10 രാത്രിയും നീളുന്നതാണ്. ദുബായ്, ഷാർജ, അജ്മാൻ, ഫുജൈറ, റാസൽഖൈമ, അബുദാബി, അൽ ഐൻ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. പ്രകൃതി സംരക്ഷണത്തിന് മുൻഗണന നൽകുന്ന ഗ്രാൻഡ് ഇക്കോ ഫ്രണ്ട്‌ലി പാക്കേജിലൂടെ ദുബായ്, ജുബൈൽ കണ്ടൽക്കാടുകൾ, അൽ സോറ റിസർവ്, കൽബ ഇക്കോ സാങ്ച്വറി, അൽ മർമൂം, സർ ബാനി യാസ് ഐലൻഡ് തുടങ്ങിയവ സന്ദർശിക്കാം.
ആരോഗ്യത്തിനും വിശ്രമത്തിനും പ്രാധാന്യം നൽകുന്ന ഗ്രാൻഡ് വെൽനെസ് ടൂർ, കുട്ടികൾക്കും മുതിർന്നവർക്കും അടക്കം ആസ്വദിക്കാൻ കഴിയുന്ന ഗ്രാൻഡ് ഫാമിലി ടൂർ എന്നിവയും 11 പകലും 10 രാത്രിയും നീളുന്നതാണ്. ഇവ കൂടാതെ 8 പകലും 7 രാത്രിയും ഉൾക്കൊള്ളുന്ന ഗ്രാൻഡ് കൾച്ചർ ആൻഡ് ഹെറിറ്റേജ് ടൂറും ലഭ്യമാണ്. 12 പകലും 11 രാത്രിയുമുള്ള ഗ്രാൻഡ് ബീച്ച് ടൂറാണ് ഇതിലെ ഏറ്റവും ദൈർഘ്യമേറിയ പാക്കേജ്.
English Summary
The “UAE Grand Tour” initiative has been launched, offering tourists curated multi-day itineraries across all seven emirates. The program positions the UAE as a single, interconnected travel destination for visitors.